പാർട്ടിയിലെ തർക്കം: അസ്ഹറുദ്ദീന്റെ കാർ തടഞ്ഞുനിർത്തി ഒരുകൂട്ടം കോൺഗ്രസ് പ്രവർത്തകർ
text_fieldsഹൈദരാബാദ്: പാർട്ടിയിലെ ആഭ്യന്തര തർക്കത്തെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ കാർ തടഞ്ഞുനിർത്തി ഒരുകൂട്ടം പ്രവർത്തകർ. ഹൈദരാബാദിലെ റഹ്മത്ത് നഗറിലാണ് പ്രവർത്തകർ അസ്ഹറിനെ തടഞ്ഞുനിർത്തിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഹൈദരാബാദ് ജൂബിലി ഹിൽ നിയോജക മണ്ഡലം കോൺഗ്രസിലെ ആഭ്യന്തര കലഹങ്ങളെ തുടർന്നാണ് ഒരു വിഭാഗം പ്രവർത്തകർ അസ്ഹറിനെ വഴിയിൽ തടഞ്ഞത്. തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡന്റാണിപ്പോൾ അസ്ഹറുദ്ദീൻ.
നേരത്തേ ലോക്സഭാംഗമായിരുന്ന അദ്ദേഹം, അടുത്ത തെരഞ്ഞെടുപ്പിൽ ജൂബിലി ഹിൽസിൽനിന്ന് നിയമസഭയിലേക്ക് മത്സരിക്കാനുള്ള നീക്കത്തിലാണ്. ഇതിന്റെ ഭാഗമായി മണ്ഡലത്തിൽ റഹ്മത്ത് നഗറിലും യെല്ലരെദ്ദിഗുഡയിലുമുള്ള പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ അസ്ഹർ ബുധനാഴ്ച എത്തിയിരുന്നു. ഇതിനിടയിലായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.
കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി. വിഷ്ണുവർധൻ റെഡ്ഡിയുടെ അനുയായികളാണ് അസ്ഹറിനെ തടഞ്ഞത്. റഹ്മത്ത് നഗർ പ്രദേശത്ത് അസ്ഹറിന്റെ നേതൃത്വത്തിൽ യോഗം നടക്കുന്നതിനിടയിൽ പ്രതിഷേധത്തിന് തുടക്കമിട്ടിരുന്നു. ഇത് മൂർച്ഛിച്ച് കൈയാങ്കളിയുടെ വക്കിലെത്തി. മുദ്രാവാക്യം വിളിയും ആക്രോശവുമായി ഇരുസംഘവും നിലയുറപ്പിച്ചതോടെ സംഘർഷാവസ്ഥയായിരുന്നു. ഇതിനൊടുവിലാണ് കാർ തടഞ്ഞത്. പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും ബലംപ്രയോഗിച്ച് പിരിച്ചുവിടുകയായിരുന്നു.
വിഷ്ണുവർധൻ റെഡ്ഡി 2009ൽ ജൂബിലി ഹിൽസ് മണ്ഡലത്തിൽനിന്ന് ജയിച്ച് നിയമസഭാംഗമായിരുന്നു. എന്നാൽ, 2014, 2018 തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം ബി.ആർ.എസ് സ്ഥാനാർഥിയായ എം. ഗോപിനാഥിനോട് പരാജയപ്പെട്ടു. ഇക്കുറിയും മത്സരത്തിൽ മത്സരിക്കാനുള്ള ഒരുക്കങ്ങളുമായി റെഡ്ഡി മുന്നോട്ടുപോവുകയാണ്. ഇതിനിടയിൽ, അസ്ഹറുദ്ദീൻ പ്രാദേശിക പ്രവർത്തകരുടെ യോഗം വിളിച്ചതറിഞ്ഞ് റെഡ്ഡിയുടെ അനുയായികൾ പ്രതിഷേധവുമായി എത്തുകയായിരുന്നു.
2009ൽ ഉത്തർപ്രദേശിലെ മുറാദാബാദിൽനിന്ന് ലോക്സഭയിലേക്ക് ജയിച്ച അസ്ഹർ, 2014 രാജസ്ഥാനിലെ ടോങ്ക് സവായ് മധോപൂർ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2019ൽ തെലങ്കാനയിൽനിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ ആഗ്രഹിച്ചെങ്കിലും പാർട്ടി ടിക്കറ്റ് നൽകിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.