മുഹമ്മദ് ഷമിക്ക് തിരിച്ചടി; ഭാര്യ നൽകിയ പീഡന പരാതിയിൽ അറസ്റ്റിന് സാധ്യത
text_fieldsഭാര്യ ഹസിൻ ജഹാൻ നൽകിയ പീഡന പരാതിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് തിരിച്ചടി. മുൻകൂർ ജാമ്യം എടുത്തില്ലെങ്കിൽ താരത്തെ അറസ്റ്റ് ചെയ്തേക്കുമെന്നുമെന്നാണ് സൂചന.ഏഷ്യാ കപ്പ് ക്രിക്കറ്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് താരം നിയമക്കുരുക്കിൽപ്പെട്ടത്. ഹസിൻ ജഹാന്റെ പരാതിയിലുള്ള കേസ് ഒരു മാസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ മാസം നിർദേശിച്ചിരുന്നു.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭാര്യ ഹസിൻ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. ഷമിക്കും സഹോദരൻ മുഹമ്മദ് ഹസീബിനും എതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഹസിൻ. ഷമിയും സഹോദരനും മുൻകൂർ ജാമ്യം എടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായാണു വിവരം.
2011ലാണ് മോഡലായ ഹസീൻ ജഹാനും ഷമിയും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ സമയത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചിയർഗേളായിരുന്നു ഹസീൻ. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും 2014ൽ വിവാഹിതരാകുകയും ചെയ്തു. എന്നാൽ, 2018ൽ ഷമിക്കെതിരെ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള പരാതികളുമായി ഹസീൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. അതിക്രമം, വാതുവയ്പ്പ് ഉൾപ്പെടെയുള്ള ആരോപണങ്ങളും ഇവർ ഉയർത്തിയിരുന്നു.
2018 മാർച്ച് എട്ടിനാണ് ജാദവ്പൂർ പൊലീസ് സ്റ്റേഷനിൽ ഹസീൻ ജഹാൻ ഷമിക്കെതിരെ പരാതി നൽകിയത്. തുടർന്ന് സ്ത്രീധനം ചോദിച്ച് പീഡനം, സ്ത്രീക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി താരത്തിനെതിരെ കേസെടുത്തിരുന്നു. സൗത്ത് 24 പർഗാനാസിലെ ആലിപോർ അഡിഷനൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ഷമിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. പിന്നീട് സെഷൻസ് കോടതിയെ സമീപിച്ച് താരം വാറന്റിന് സ്റ്റേ വാങ്ങുകയായിരുന്നു.
ഹസിൻ ജഹാന് മാസം 50,000 രൂപ ഷമി നൽകണമെന്ന് ഈ വർഷം ആദ്യം അലിപ്പോർ കോടതി വിധിച്ചിരുന്നു. ഷമിയുടെ അറസ്റ്റിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് മേയിൽ ഹസിൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം പരമ്പരകൾക്കായി പോകുമ്പോൾ ഷമി മറ്റു സ്ത്രീകളുമായി ബന്ധപ്പെടാറുണ്ടെന്നും ഹസിൻ ജഹാൻ പരാതി ഉയർത്തി.
ഈ വർഷം ജൂണിൽ ഓസ്ട്രേലിയയ്ക്കെതിരെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലാണ് മുഹമ്മദ് ഷമി ഒടുവിൽ കളിച്ചത്. വെസ്റ്റിൻഡീസ്, അയർലന്‍ഡ് ടീമുകൾക്കെതിരായ പരമ്പരകളിൽ താരം കളിച്ചിരുന്നില്ല. പ്രധാന ടൂര്‍ണമെന്റുകൾക്കു വേണ്ടി ഷമിക്കു ബിസിസിഐ വിശ്രമം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ഐ.പി.എല്ലിൽ മിന്നുന്ന ഫോമിലായിരുന്നു താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.