‘ഷമി ബി.ജെ.പി സർക്കാറിന്റെയും യു.പി പൊലീസിന്റെയും സഹായത്തോടെ എന്നെ കൊല്ലാൻ ശ്രമിക്കുന്നു’; ആരോപണവുമായി ഹസിൻ ജഹാൻ
text_fieldsലഖ്നോ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ഹസിൻ ജഹാൻ. ഷമിയുമായി ഏറെക്കാലമായി അകന്നുകഴിയുകയാണ് ഹസിൻ. ഷമി യു.പി പൊലീസിന്റെയും ബി.ജെ.പി സർക്കാറിന്റെയും സഹായത്തോടെ തന്നെ വധിക്കാൻ പദ്ധതിയിടുന്നതായി സമൂഹ മാധ്യമങ്ങളിലാണ് ഹസിൻ ആരോപണമുന്നയിച്ചത്. മുസ്‍ലിം യുവതിയായതുകൊണ്ടാണ് തനിക്ക് നീതി കിട്ടാത്തതെന്നും ഹിന്ദു ആയിരുന്നെങ്കിൽ ഇതിനകം നീതി ലഭിച്ചേനേയെന്നും അവർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
മോഡലായിരുന്ന ഹസിൻ ജഹാനും ഷമിയും 2014ലാണ് വിവാഹിതരായത്. എന്നാൽ, 2018 മുതൽ ഇവർ അകന്നുകഴിയുകയാണ്. ഈ ബന്ധത്തിൽ മൂന്നു വയസ്സായ ഒരു മകളുണ്ട്. ഷമി തന്നെ കായികമായി ഉപദ്രവിക്കുന്നുവെന്നും വധിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് ഹസിൻ കൊൽക്കത്ത പൊലീസിൽ നേരത്തേ പരാതി നൽകിയിരുന്നു. ഈ കേസിൽ ഷമിയെ കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെ വിടുകയായിരുന്നു. എന്നാൽ, താരത്തിനെതിരെ ഹസിൻ നിരന്തരം സമൂഹ മാധ്യമങ്ങളിലടക്കം ഗുരുതര പരാതികളുമായി രംഗത്തുവരിക പതിവാണിപ്പോൾ. മകളുടെ സംരക്ഷണയും അവർക്കാണ്.
‘എന്റെ ഭർത്താവും കുടുംബവും എന്നോട് മോശമായാണ് പെരുമാറുന്നത്. കോടതിയുടെയും അധികൃതരുടെയും സഹായം തേടാൻ ഞാൻ നിർബന്ധിതയായിരിക്കുകയാണ്. എന്നാൽ, അധികൃതരിൽനിന്ന് എനിക്ക് ഒരു സഹായവും ലഭിക്കുന്നില്ല. അംറോഹ പൊലീസ് എന്നെയും മൂന്നു വയസ്സുള്ള മകളെയും പീഡിപ്പിക്കുകയാണ്. സർക്കാർ എന്നെ പരിഹസിക്കുന്നു. എനിക്കെതിരായ അനീതി അവർ നോക്കിനിൽക്കുകയാണ്. ആളുകൾക്ക് എന്താണ് സത്യമെന്ന് അറിയുന്നില്ല. കൊൽക്കത്തയിലെ കീഴ്ക്കോടതിയും എന്നോട് അനീതി കാട്ടുകയാണ്’ -ഹസിൻ ജഹാൻ പറയുന്നു.
മാർച്ച് ആറിന് അംറോഹ എസ്.പി സുധീർ കുമാർ ജീക്ക് ഞാനൊരു പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നുണ്ടോയെന്നും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും പൊതുജനങ്ങളെ അറിയിക്കണമെന്ന് ഞാൻ അപേക്ഷിച്ചിരുന്നു. ‘വ്യാകുലപ്പെടേണ്ട, ആർക്കും ഞങ്ങൾക്കുമേൽ സമ്മർദം ചെലുത്താനാവില്ല’ എന്നാണ് എസ്.പി എന്നോട് പറഞ്ഞത്. കുറച്ചുദിവസങ്ങൾക്കുശേഷവും എനിക്ക് എഫ്.ഐ.ആറിന്റെ കോപ്പി കിട്ടിയില്ല. തുടർന്ന് ഞാൻ എസ്.പിയുമായി ബന്ധപ്പെടാൻ ശ്രമം നടത്തിയെങ്കിലും അതിന് സാധ്യമായില്ല. മാർച്ച് 18ന് അദ്ദേഹത്തെ കാണാൻ വീണ്ടും അപ്പോയ്മെന്റ് എടുത്തു. രാവിലെ 11 മണിക്കാണ് എനിക്ക് സമയം ലഭിച്ചത്. എന്നാൽ, അവിടെയെത്തിയപ്പോൾ എസ്.പിയുടെ പി.ആർ.ഒ സുനിൽ കുമാർ എന്നോട് വളരെ മോശമായാണ് പെരുമാറിയത്. എസ്.പിക്ക് എന്നെ കാണാൻ താൽപര്യമില്ലെന്നും പി.ആർ.ഒ അറിയിച്ചു.
ഞാൻ ഒരുപാട് കരഞ്ഞു. ഇരട്ടത്താപ്പുള്ള സമൂഹത്തിലാണ് ജീവിക്കുന്നതെന്ന് ഞാനിപ്പോൾ ചിന്തിക്കുകയാണ്. എസ്.പി ഈ നിമിഷം വരെ എന്നെ കാണാൻ കൂട്ടാക്കിയില്ല. ഒരു മുസ്‍ലിം യുവതിയായതുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നതെന്നാണ് ഞാൻ കരുതുന്നത്. ഞാൻ ഹിന്ദു ആയിരുന്നെങ്കിൽ എനിക്ക് ഇതിനകം നീതി ലഭിക്കുമായിരുന്നു. ഇവിടുത്തെ മാധ്യമങ്ങളും രാജ്യത്തെ ജനങ്ങളെ സത്യം അറിയിക്കുന്നില്ല. ഷമി അഹ്മദും ബി.ജെ.പി സർക്കാറും യുപെി പൊലീസുമെല്ലാം ചേർന്ന് എന്നെ വധിക്കാൻ പദ്ധതിയിടുകയാണ്’ -ഹസിൻ ജഹാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.