മുഹമ്മദ് സുബൈറിനെതിരെ പുതിയ കേസ്; ഇത്തവണ യു.പി പൊലീസ്
text_fieldsന്യൂഡൽഹി: ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ യു.പി പൊലീസ് കേസെടുത്തു. മഹന്ത് ബജ്രംഗ് മുനി, യതി നരസിംഹാനന്ദ സരസ്വതി, ആനന്ദ് സ്വരൂപ് എന്നിവരെ 'വിദ്വേഷ പ്രചാരകർ' എന്ന് വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്‌തത് മതവികാരം വ്രണപ്പെടുത്തിയെന്ന വാദമുയർത്തിയാണ് കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ജയിലിൽ കഴിയുന്ന സുബൈറിന് ഡൽഹി കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു.
ഹിന്ദു ഷേർ സേന എന്ന സംഘടനയുടെ ജില്ല പ്രസിഡന്റ് ഭഗവാൻ ശരണിന്റെ പരാതിയിലാണ് സുബൈറിനെതിരെ പുതിയ കേസെടുത്തത്. സുബൈറിനെ യുപിയിലെത്തിച്ച് പൊലീസ് തെളിവെടുത്തു. സുബൈർ 'വിദ്വേഷ പ്രചാരകർ' എന്ന് വിശേഷിപ്പിച്ച ബജ്രംഗ് മുനി മുസ്ലിം സ്‌ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം നടത്തണമെന്ന ആഹ്വാനത്തിൽ ഈ വർഷം ഏപ്രിലിൽ അറസ്‌റ്റിലായ ആളാണ്. യതി നരസിംഹാനന്ദ ഡൽഹി ഹിന്ദുമത സമ്മേളനത്തിലടക്കം വിദ്വേഷ പ്രസംഗം നടത്തിയതിന് സുപ്രീംകോടതിയടക്കം രൂക്ഷമായി വിമർശിച്ച സംഘപരിവാറിന്റെ സ്ഥിരം വിദ്വേഷ പ്രചാരകനാണ്. ആനന്ദ് സ്വരൂപും സമാനമായി വിമർശനം നേരിട്ടയാളാണ്.
2018ലെ ട്വീറ്റിനെതിരെ വന്ന പരാതിയിലാണ് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ സുബൈർ അറസ്റ്റിലായത്. 33കാരനായ മാധ്യമപ്രവർത്തകനെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന് വിദേശത്ത് നിന്നും ഫണ്ട് ലഭിക്കുന്നുണ്ടെന്നും ഇത് എഫ്.സി.ആർ.എ നിയമങ്ങളുടെ ലംഘനമാണെന്നും ഡൽഹി പൊലീസ് കോടതിയിൽ ആരോപിച്ചിരുന്നു.
അതേസമയം ആൾട്ട് ന്യൂസിന് അമ്പത് ലക്ഷം രൂപയുടെ നിയമവിരുദ്ധമായ വിദേശപണം ലഭിച്ചുവെന്ന ഡൽഹി പൊലീസിന്റെ ആരോപണം സ്ഥാപനം തള്ളി. പൊതുജനങ്ങളിൽ നിന്നടക്കം ശേഖരിച്ച പണമാണ് ബാങ്ക് അക്കൗണ്ടിലുള്ളതെന്നും ഇത് ഒരു വ്യക്തിയുടേതല്ലന്നും ആൾട്ട് ന്യൂസ് സ്ഥാപകാംഗം പ്രതീക് സിൻഹ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.