മോഹൻ ഭാഗവത് രാഷ്ട്രപതിയെ കണ്ടു
text_fieldsന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർഥി ചർച്ച ചൂടുപിടിച്ചതിനിടെ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് രാഷ്ട്രപതി പ്രണബ് മുഖർജിയുമായി ചർച്ച നടത്തി. വെള്ളിയാഴ്ച നടന്ന ചർച്ചക്കുശേഷം രാഷ്ട്രപതി ഭവനിൽ ഇരുവരും ഉച്ചഭക്ഷണവും കഴിച്ചു. ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാർഥി ആരാണെന്ന വിവരം മോദിയും അമിത് ഷായും വെളിപ്പെടുത്താതിരിക്കുകയും നിരവധി പേരുകൾ പ്രചരിക്കുകയും ചെയ്യുന്നതിനിടയിലാണ് ഭാഗവത് രാഷ്ട്രപതി ഭവനിലെത്തിയത്. നേരത്തെയും ഭാഗവത് മുഖർജിയുമായി ചർച്ച നടത്തിയിരുന്നു.
മോഹൻ ഭാഗവതിനെ രാഷ്ട്രപതി സ്ഥാനാർഥിയാക്കണമെന്ന് ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേന നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു. തനിക്ക് താൽപര്യമില്ലെന്ന് മോഹൻ ഭാഗവത് പറഞ്ഞുവെങ്കിലും അതേക്കുറിച്ച് ബി.ജെ.പി ഇനിയും ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാഷ്ട്രപതി സ്ഥാനാർഥി ചർച്ചക്കായി സോണിയ ഗാന്ധിയെയും സീതാറാം യെച്ചൂരിയെയും കണ്ട ദിവസം തന്നെയാണ് ഭാഗവതും മുഖർജിയും തമ്മിൽ ചർച്ച നടത്തിയത്.
ബി.ജെ.പിയുടെ ഭാഗത്തുനിന്ന് നേരത്തേ ഉയർന്നുകേട്ട എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ ഇപ്പോൾ പറഞ്ഞുകേൾക്കുന്നില്ല. ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ, മുൻ ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ കരിയമുണ്ട, മെട്രോമാൻ ഇ. ശ്രീധരൻ, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ഝാർഖണ്ഡ് ഗവർണർ ദ്രൗപദി മുർമു, താവർചന്ദ് ഗെഹ്ലോട്ട്, രജനികാന്ത് എന്നിങ്ങനെ പല പേരുകൾ ബി.ജെ.പി കേന്ദ്രങ്ങളിൽനിന്ന് പ്രചരിക്കുന്നുണ്ട്. ഇൗ മാസം 20ന് സ്ഥാനാർഥിയെ പരസ്യമാക്കുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ പറയുന്നത്.
ഗാന്ധിജിയുടെ പൗത്രൻ ഗോപാൽകൃഷ്ണ ഗാന്ധി, മുൻ ലോക്സഭ സ്പീക്കർ മീരാകുമാർ, ജനതാദൾ -യു നേതാവ് ശരദ് യാദവ് എന്നീ പേരുകളാണ് പ്രതിപക്ഷത്തുനിന്ന് വരുന്നത്. അതേസമയം, മോഹൻ ഭാഗവത് രാഷ്ട്രപതിയാകണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടു. എം. എസ്. സ്വാമിനാഥെൻറ പേരും അവർ മുന്നോട്ടുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.