മധ്യപ്രദേശ് പൊലീസ് കലണ്ടറിൽ ബി.ജെ.പി നേതാക്കൾ
text_fieldsഭോപ്പാൽ: 2018 കലണ്ടറിൽ ബി.ജെ.പി നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെട്ടത് മധ്യപ്രദേശ് പൊലീസിനെ വിവാദത്തിലാക്കി. ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത്, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുടെ ചിത്രങ്ങളും വാചകങ്ങളുമാണ് പൊലീസിന്‍റെ നാർക്കോട്ടിക്സ് നിയന്ത്രണ വിഭാഗത്തിന്‍റെ കലണ്ടറിൽ പ്രത്യക്ഷപ്പെട്ടത്. ഇവരുടെ ഉദ്ധരണികളും ഒപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. വകുപ്പിലെ തന്നെ എറ്റവും മികച്ച ഉദ്യോഗസഥരിൽ ഒരാളായ വരുൺ കപൂറാണ് കലണ്ടർ നിർമ്മിച്ചതെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സർക്കാരിന്‍റെ വിവിധ വകുപ്പുകളിലേക്ക് കലണ്ടർ നൽകികഴിഞ്ഞെങ്കിലും വിവാദമായതോടെ പൊലീസ് ആസ്ഥാനത്ത് ഇത് ഒഴിവാക്കിയിട്ടുണ്ട്. വരുണിനെതിരെ വകുപ്പ് തല നടപടികൾക്കും സാധ്യതയുണ്ടെന്നാണ് ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
സംസ്ഥാന സർക്കാർ വകുപ്പുകളെ കാവിവത്കരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് കലണ്ടറിൽ ഇത്തരത്തിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് നരേന്ദ്ര സ്ലൗജ പറഞ്ഞു. ആർ.എസ്.എസ് സർക്കാർ നടപടി ക്രമങ്ങളിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതിനുള്ള തെളിവാണിതെന്ന് അഴിമതി വിരുദ്ധ പ്രവർത്തകൻ അജയ് ഡാബെ പറഞ്ഞു ഇത് ജനങ്ങൾക്ക് പൊലീസിലുള്ള വിശ്വാസത്തെ തകർക്കുമെന്നും അജയ് കൂട്ടിച്ചേർത്തു.
രാജ്യത്തിന്‍റെ ചട്ടക്കൂടിനെ തന്നെ തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ശുദ്ധ അസംബന്ധമാണെന്നാണ് മധ്യപ്രദേശ് മുൻ റിട്ടയർഡ് ഡി.ജി.പി അരുൺ ഗുർട്ടോ പറഞ്ഞത്.
എന്നാൽ സംഭവത്തിൽ നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണ്ടത് പൊലീസാണെന്നും തങ്ങൾ ഇതിൽ മോശമായി ഒന്നും തന്നെ കാണുന്നില്ലെന്നും ജനോപകാര പ്രദമായവയാണ് കലണ്ടറിലെ വ്യക്തികളെന്നുമാണ് ബി.ജെ.പി പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.