ശബരിമല: സുപ്രിംകോടതി ഹിന്ദു വികാരങ്ങളെ വേദനിപ്പിച്ചു- ആർ.എസ്.എസ്
text_fieldsപ്രയാഗ് രാജ്: ശബരിമലയിൽ യുവതീ പ്രവേശ അനുവദിച്ച് സുപ്രീംകോടതി കോടിക്കണക്കിന് ഹിന്ദുക്കളുടെ മതവികാരത്തെ വേദനിപ്പിച്ചതായി ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്. പ്രയാഗ് രാജിൽ വിശ്വ ഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) ധർമ്മ സൻസദ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതിയുടെ ഉത്തരവുകൾ ബഹുമാനിക്കപ്പെടേണ്ടതാണ്. എന്നാൽ ഹിന്ദു വികാരങ്ങളെ പരിഗണിക്കാതെയും തിരക്കിട്ടും വിധി പുറപ്പെടുവിച്ചത് വിമർശിക്കേണ്ടതുമാണ്.
രണ്ടുദിവസം നീണ്ടു നിൽക്കുന്ന ധർമ്മ സൻസദ് വ്യാഴാഴ്ചയാണ് തുടങ്ങിയത്. ദൈവത്തിൻെറ അസ്തിത്വത്തെ സുപ്രീംകോടതി ചോദ്യം ചെയ്തതിനെ ആർ.എസ്.എസ് മേധാവി കുറ്റപ്പെടുത്തി.ശബരിമല ഹിന്ദുക്കളുടെ ഒരു ആരാധനാലയമാണെന്നും പൊതുസ്ഥലമല്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല ക്ഷേത്രത്തിനകത്ത് നാല് ആരാധനാലയങ്ങൾ ഉണ്ട്. അയ്യപ്പക്ഷേത്രം ഒഴിച്ച് ബാക്കിയെല്ലായിടത്തും പ്രവേശിക്കാൻ എല്ലാവർക്കും അനുവാദമുണ്ട്. കോടതിയുടേത് ധൃതി പിടിച്ച തീരുമാനം ആയിരുന്നു. കോടിക്കണക്കിന് വിശ്വാസികളുടെ വികാരത്തെ കോടതി മാനിച്ചില്ല. ഹിന്ദു വികാരങ്ങളെ തകർക്കാൻ പുതിയ പദ്ധതികളുടെ ഗൂഢാലോചന നടക്കുന്നു. അയ്യപ്പ ഭക്തന്മാർ കേരളത്തിനകത്ത് മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ലോകം മുഴുവൻ അയ്യപ്പനെ ആരാധിക്കുന്നു- ഭാഗവത് പറഞ്ഞു.
എല്ലാവരും കോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നില്ല. സാമൂഹ്യ-മത സംഘടനകൾ മാത്രമേ പ്രക്ഷോഭം നടത്തുന്നുള്ളൂ. അവിടെ സ്ത്രീകൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള വിവേചനം ഇല്ല. രാഷ്ട്രീയ സ്വാർഥത മൂലം സമൂദായത്തെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു. നമ്മുടെ സമൂദായത്തിന് ചെറിയ അജ്ഞതയുണ്ട്. എന്താണ് നടക്കുന്നതെന്ന് അവർ അറിയുന്നില്ല. ഹൈന്ദവ സമൂഹം ഒന്നിച്ചാൽ അതിനെ തകർക്കാൻ ലോകത്ത് ആർക്കും കഴിയില്ല- ഭാഗവത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.