ജനസംഖ്യ നിരക്ക് കുറഞ്ഞാൽ രാജ്യം വംശനാശം നേരിടും; പരിഗണിക്കപ്പെടേണ്ട വിഷയം - മോഹന്‍ ഭാഗവത്
text_fieldsന്യൂഡല്‍ഹി: സമൂഹത്തിന്റെ നിലനില്‍പ്പിന് ജനസംഖ്യ പ്രധാന ഘടകമാണെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. ജനസംഖ്യ നിരക്ക് 2.1 ശതമാനത്തില്‍ താഴെ ആയാൽ സമൂഹം വംശ നാശത്തിലേക്ക് പോകും. ഇത് രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് വരെ കാരണമാകും. ജനസംഖ്യ നിരക്ക് വര്‍ധിപ്പിക്കുന്നതോടൊപ്പം സമുദായങ്ങള്‍ക്കിടയിലെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിശോധിക്കേണ്ടതുണ്ടെന്നും ഭാഗവത് പറഞ്ഞു. 'കാതാലെ കുൽ' സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോഹന്‍ ഭാഗവത്.
'രാജ്യത്ത് ജനസംഖ്യ കുറയുന്നത് പരിഗണിക്കപ്പെടേണ്ട വിഷയമാണ്. ജനസംഖ്യ നിരക്ക് 2.1 ശതമാനത്തില്‍ കുറവായാല്‍ ആ സമൂഹം തകര്‍ച്ചയിലേക്കെത്തും. രണ്ടിലധികം കുട്ടികളാണ് ഒരു കുടുംബത്തിൽ വേണ്ടതെന്നാണ് ജനസംഖ്യാ ശാസ്ത്രം പറയുന്നതെന്ന് ഭാഗവത് പറഞ്ഞു.
നേരത്തെ നാഗ്പൂരില്‍ നടന്ന റാലിയില്‍ എല്ലാ സമുദായങ്ങള്‍ക്കും തുല്യമായ ജനസംഖ്യ ഉറപ്പാക്കുന്ന പദ്ധതി രാജ്യത്തിന് അനിവാര്യമാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. സമുദായങ്ങള്‍ തമ്മിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥ ഭൂമിശാസ്ത്രപരമായ അതിരുകളെ ബാധിക്കുമെന്നും അത് അവഗണിക്കരുതെന്നും ഭാഗവത് വ്യക്തമാക്കിയിരുന്നു.
'ജനസംഖ്യ ഉയരും തോറും രാജ്യത്തിന് ബാധ്യതകള്‍ വര്‍ധിക്കുമെന്നത് വാസ്തവമാണ്. ജനസഖ്യയെ കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ അത് ഒരു വിഭവമായി മാറും. 50 വര്‍ഷം കഴിഞ്ഞാല്‍ എത്ര പേരെ രാജ്യത്തിന് പിന്തുണയ്ക്കാനാകും എന്നതും പരിശോധിക്കേണ്ടതുണ്ട്. ജനസംഖ്യ നിയന്ത്രണവും മതാടിസ്ഥാനത്തിലുള്ള ജനസംഖ്യയും തുല്യമാക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് പ്രത്യേക ജനസംഖ്യ നയം കൊണ്ടുവരണമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്ക് എല്ലാ മേഖലകളിലും തുല്യത ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്ത്രീയെ അമ്മയായി കണക്കാക്കുന്നതും ബഹുമാനിക്കുന്നതും നല്ലതാണ്. പക്ഷേ അത് അവരെ ചുവരുകള്‍ക്കുള്ളില്‍ അടച്ചിടാനുള്ള ഒരു കാരണമായി കണക്കാക്കരുത്. എല്ലാ മേഖലകളിലും തീരുമാനമെടുക്കുന്നതിന് സ്ത്രീയ്ക്കും പ്രാധാന്യം നല്‍കേണ്ടതുണ്ട്. പുരുഷന്മാര്‍ക്ക് ചെയ്യാനാകാത്ത പല കാര്യങ്ങളും ചെയ്യാന്‍ സ്ത്രീകള്‍ക്ക് ശേഷിയുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.