മോഹൻ യാദവ് ആർ.എസ്.എസിന്റെ സ്വാഭാവിക മുഖ്യമന്ത്രി
text_fieldsഭോപാൽ: പതിനാറ് വർഷത്തിന് ശേഷമാണ് മധ്യപ്രദേശ് ബി.ജെ.പി സർക്കാറിൽ നേതൃമാറ്റം സംഭവിക്കുന്നത്. ദേശീയതലത്തിൽ ആരും ശ്രദ്ധിക്കാതിരുന്നു ഡോ. മോഹൻ യാദവ് കഴിഞ്ഞ ദിവസം മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞാവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ഉന്നത ബി.ജെ.പി നേതാക്കളെയും കൂടാതെ, നിരവധി ഹിന്ദു സന്യാസിമാരും ചടങ്ങിലെത്തി. മോഹൻ യാദവ് സർക്കാറിന്റെ ഹിന്ദുസ്വത്വം വെളിപ്പെടുത്തുന്ന ചടങ്ങ് കൂടിയായി അത് മാറി.
സത്യപ്രതിജ്ഞക്കുശേഷം മോഹൻ യാദവ് ജന്മനാടായ ഉൈജ്ജൻ സന്ദർശിച്ച് മഹാകാലേശ്വര ക്ഷേത്രത്തിൽ ‘രുദ്രാഭിഷേകം’ നടത്തി. ഉജ്ജയിൻ ഭരണാധികാരികൾക്ക് രാത്രി തങ്ങാൻ നല്ലയിടമല്ലെന്നും അത് അവരുടെ അധികാരമില്ലാതാകാൻതന്നെ കാരണമാകുമെന്ന അന്ധവിശ്വാസം നിലനിൽക്കുന്നുണ്ട്.
മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയും കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുമെല്ലാം ഉൈജ്ജനിൽ തങ്ങിയശേഷം അധികാരം നഷ്ടമായവരാണെന്ന് കഥകളുമുണ്ട്. ‘മഹാകാൽ’ മാത്രമാണ് ഉൈജ്ജനിലെ ഒരേയൊരു രാജാവെന്നാണ് വിശ്വാസം. മറ്റൊരു ഭരണാധികാരി ഇവിടെ തങ്ങുന്നത് ‘മഹാകാലേശ്വരന്’ ഇഷ്ടപ്പെടില്ലത്രെ. മോഹൻ യാദവ് ഈ നാട്ടുകാരൻ തന്നെയായതുകൊണ്ട്, ഈ പേടി അദ്ദേഹത്തിന്റെ കാര്യത്തിലില്ല.
ബി.ജെ.പിക്കും ആർ.എസ്.എസിനുമായി സമർപ്പിച്ച ജീവിതമാണ് യാദവിന്റേത്. 1965 മാർച്ച് 25ന് ഉൈജ്ജനിൽ ജനിച്ച മോഹൻ യാദവ് പഠനകാലത്തേ സംഘ് പ്രവർത്തകനാണ്. എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. മാധവ് സയൻസ് കോളജിൽ വിദ്യാർഥി യൂനിയൻ ജോയന്റ് സെക്രട്ടറിയായിയിരുന്നു.
പിന്നീട് എ.ബി.വി.പിയുടെ ദേശീയ ചുമതലകൾവരെ വഹിച്ചു. നാഗ്പുരിൽ ആർ.എസ്.എസിന്റെ ഉന്നത സംഘടന പരിശീലനം നേടി. 90കളിൽ ഉൈജ്ജനിലെ പ്രധാന ആർ.എസ്.എസ് നേതാവായിരുന്നു. 97ൽ യുവമോർച്ചയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി. ദിവസവും പുലർച്ചെ 5.30 ന് ഉണർന്ന് നടത്തം, സൈക്ലിങ്, യോഗ തുടങ്ങിയവക്കായി സമയം മാറ്റിവെക്കും.
ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്.ഡിയുമെല്ലാമുണ്ടെങ്കിലും ഹൈന്ദവ ആത്മീയതക്കാണ് വ്യക്തി ജീവിതത്തിൽ മുൻതൂക്കം. ആറ് പതിറ്റാണ്ടിനിടെ ഇത് രണ്ടാം തവണയാണ് ഉൈജ്ജനിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒരാൾ മുഖ്യമന്ത്രിയാകുന്നത്. നേരത്തെ ഉൈജ്ജൻ നോർത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിന്റെ പ്രകാശ് ചന്ദ്ര സേഥി മുഖ്യമന്ത്രിയായിരുന്നു.
മുഖ്യമന്ത്രിയായി മോഹൻ യാദവിന്റെ പേര് വന്നത് പലരെയും ഞെട്ടിച്ചെങ്കിലും അതിൽ അസ്വാഭാവികതയില്ല എന്ന അഭിപ്രായമാണ് സംഘ്വൃത്തങ്ങളിലുള്ളത്. എ.ബി.വി.പിയും ആർ.എസ്.എസുമായുള്ള അദ്ദേഹത്തിന്റെ ജനിതക ബന്ധമാണ് ഇതിനുള്ള കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.