Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെലവേറും ജനാധിപത്യം

ചെലവേറും ജനാധിപത്യം

text_fields
bookmark_border
ചെലവേറും ജനാധിപത്യം
cancel

ജനാധിപത്യത്തി​ന്റെ ആഘോഷമായ തെരഞ്ഞെടുപ്പുകളിൽ പണാധിപത്യത്തിനും പ്രാധാന്യമേറുന്ന കാലമാണ്. അഞ്ചു വർഷത്തിനുശേഷം ലോക്സഭ തെരഞ്ഞെടു​പ്പിന് അരങ്ങൊരു​ങ്ങുമ്പോൾ തെരഞ്ഞെടുപ്പ് കമീഷനും രാഷ്ട്രീയ പാർട്ടികളുമെല്ലാം വൻ ചെലവിന്റെ വക്കിലാണ്. തെരഞ്ഞെടുപ്പ് കാര്യങ്ങൾക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് സർക്കാർ അടുത്തിടെ 3147.92 കോടി രൂപയാണ് അധികമായി അനുവദിച്ചത്.

മൊട്ടുസൂചി മുതൽ വോട്ടുയന്ത്രം വരെ വൻ സജ്ജീകരണങ്ങളൊരുക്കാൻ കോടികൾ വേണം. സർക്കാർ ആവശ്യങ്ങൾക്കുള്ളതിനേക്കാൾ പതിന്മടങ്ങ് കോടികളാണ് പാർട്ടികൾ ചെലവഴിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം മുതൽ ഫലപ്രഖ്യാപനദിവസംവരെ പണം വാരി ​ഒഴുക്കുന്ന കാഴ്ചയാണ്. സാധാരണ ജനങ്ങൾ മുതൽ വമ്പൻ കോർപറേറ്റ് കമ്പനികൾവരെ പിരിവിന് ഇരയാകുന്ന കാലം കൂടിയാണ്.

പണം നമ്മുടെ അടയാളം

2019ലെ തെരഞ്ഞെടുപ്പിൽ 55,000 കോടി മുതൽ 60,000കോടി രൂപ വരെയാണ് ആകെ ചെലവായത്. പ്രചാരണത്തിനു മാത്രം 25,000 കോടി വരെയായി. 2014ൽ 30,000 കോടിയായിരുന്നു തെരഞ്ഞെടുപ്പിൽ ഒഴുക്കിയതെന്ന് സർക്കാറിതര സംഘടനയായ സെന്റർ ഫോർ മീഡിയ സ്റ്റഡീസ് (സി.എം.എസ്) നടത്തിയ പഠനത്തിൽ പറയുന്നു. 1998ൽ 9,000 കോടി മാത്രമായിരുന്നു. കഴിഞ്ഞ തവണത്തെ കണക്ക് പരിശോധിച്ചാൽ ഒരു മണ്ഡലത്തിൽ ശരാശരി 100 കോടിയാണ് ആകെ ചെലവഴിച്ചത്. ഒരു വോട്ടിന് 700 രൂപയാകും.

95 ലക്ഷം രൂപയാണ് ഒരു ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന തുക. നിരീക്ഷകർക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിൽ പണമൊഴുക്ക് തുടരുന്നതാണ് ഈ കണക്കുകളിൽ തെളിയുന്നത്.2019ൽ ചെലവായതിന്റെ 45ശതമാനവും ഭരണകക്ഷിയായ ബി.ജെ.പിയുടെ തുകയാണ്.

1998ൽ ആകെ ചെലവായതിന്റെ 20 ശതമാനം മാ​ത്രമായിരുന്നു ബി.ജെ.പിയുടെ ‘സംഭാവന’. 2009ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന കോൺഗ്രസ് വൻതുകയാണ് തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത്. ആകെ ചെലവിന്റെ ഏകദേശം 40 ശതമാനം. 2019ൽ 20 ശതമാനമായി കുറഞ്ഞു. 2019ൽ 75ഓളം ലോക്സഭ മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ 40 കോടി രൂപ ചെലവഴിച്ചതായും സി.എം.എസിന്റെ കണക്കുകൾ പറയുന്നു. കേരളത്തിൽ വടകരയിലും തിരുവനന്തപുരത്തുമാണ് 40കോടി പിന്നിട്ടത്.

ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കുന്നതിനുമുമ്പ് വെളി​പ്പെടുത്താത്ത ഉറവിടങ്ങളിൽ നിന്ന് പാർട്ടികളിലേക്ക് ഫണ്ടുകൾ പ്രവഹിച്ചിരുന്നു. ഭൂരിപക്ഷവും കിട്ടിയത് ഭരണകക്ഷിയായ ബി.ജെ.പിക്കായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് റിയൽ എസ്റ്റേറ്റ്, ഖനനം, കോർപറേറ്റുകളും വ്യാപാരികളും, കരാറുകാർ, ചിട്ടിയടക്കം ധനകാര്യവുമായി ബന്ധ​പ്പെട്ട സ്ഥാപനങ്ങൾ, ട്രാൻസ്​പോർട്ട് വ്യവസായികൾ, വിദേശ ഇന്ത്യക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പാർട്ടികൾ പണത്തിനായി അഭയം തേടുന്നത്. 2019ൽ 3475 കോടി രൂപയാണ് അനധികൃതമെന്ന നിലയിൽ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇതിൽ 304 കോടി രൂപയുടെ മദ്യവും 1279കോടി വിലയുള്ള മയക്കുമരുന്നുകളും ഉൾപ്പെടും.

ഒഴുകുമോ ലക്ഷം കോടി?

ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പി​ന്റെ ആകെ ചെലവ് ഒരു​ ലക്ഷം കോടി കടക്കുമോയെന്നാണ് സാമ്പത്തിക രംഗം ഉറ്റുനോക്കുന്നത്. വിലക്കയറ്റം ഉയരത്തിലായതിനാൽ ചെലവ് വർധിച്ചത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഭരണകക്ഷി ഒഴുക്കുന്ന പണം റെക്കോഡിലേക്ക് കുതിക്കാനാണ് സാധ്യത. വമ്പൻ റാലികളും കാടിളക്കുന്ന ഓൺ​ൈലെൻ-ഓഫ്​ലൈൻ പ്രചാരണങ്ങളും സർക്കാറിന്റെ ഔദ്യോഗിക ചെലവുകളും കണക്കുകൂട്ടുമ്പോൾ അമേരിക്കൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ വെല്ലുന്ന പണമൊഴുക്കാകും ഇന്ത്യൻ ജനാധിപത്യ ഉത്സവത്തിനുള്ള ചെലവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MoneyDemocracyLok Sabha Elections 2024
News Summary - Money-Democracy-Lok-Sabha-Election
Next Story