പി.എം കെയേഴ്സ് ഫണ്ടിലെ തുക ദേശീയ ദുരന്തനിവാരണ ഫണ്ടിലേക്ക് മാറ്റേണ്ടതില്ല -സുപ്രീംകോടതി
text_fieldsന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'പി.എം കെയേഴ്സ്' സര്ക്കാര് ഫണ്ടല്ലെന്നും പബ്ലിക് ചാരിറ്റബിള് ട്രസ്റ്റാണെന്നും ട്രസ്റ്റിമാരുടെ വിവേകം ചോദ്യം ചെയ്യാന് ഹരജിക്കാര്ക്ക് പറ്റില്ലെന്നും സുപ്രീംകോടതി. വിവരാവകാശ നിയമം ബാധകമല്ലാത്ത 'പി.എം കെയേഴ്സ്' ഫണ്ടിലേക്ക് പ്രധാനമന്ത്രി സമാഹരിച്ച കോടികളുടെ സംഭാവനകള് ഈ നിയമം ബാധകമായ ദേശീയ ദുരന്ത നിവാരണ ഫണ്ടി(എന്.ഡി.ആര്.എഫ്)ലേക്ക് മാറ്റണമെന്ന ആവശ്യം തള്ളിയാണ് ജസ്റ്റിസ ് അശോക് ഭൂഷണ് അധ്യക്ഷനും ആര്. സുഭാഷ് റെഡ്ഢി, എം.ആര്. ഷാ എന്നിവര് അംഗങ്ങളുമായ മൂന്നംഗ ബെഞ്ചിെൻറ വിധി.
കോവിഡിനെതിരായ പോരാട്ടത്തില് ദേശീയ ദുരന്ത നിവാരണ ഫണ്ട് ഉപയോഗിക്കാന് ബാധ്യസ്ഥമാണോ? വ്യക്തികളും സംഘടനകളും നല്കുന്ന എല്ലാ സംഭാവനകളും പി.എം കെയേഴ്സ് ഫണ്ടിലേക്ക് നല്കാതെ ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് നല്കേണ്ടതുണ്ടോ? പി.എം കെയേഴ്സ് ഫണ്ടില് ഇതുവരെ ലഭിച്ച ഫണ്ടുകളെല്ലാം എന്.ഡി.ആര്.എഫിലേക്ക് മാറ്റേണ്ടതുണ്ടോ? എന്നീ ചോദ്യങ്ങള്ക്കാണ് ഉത്തരം നല്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പ്രധാനമന്ത്രി എക്സ് ഒഫീഷ്യോ ചെയര്മാനായി ഉണ്ടാക്കിയ ട്രസ്റ്റ് ഏതെങ്കിലും തരത്തിലുള്ള സര്ക്കാര് പണമോ ബജറ്റ് വിഹിതമോ സ്വീകരിക്കുന്നില്ലെന്നും ആളുകളും സംഘടനകളും സ്വയം സന്നദ്ധരായി നല്കുന്ന പണമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. പി.എം കെയേഴ്സ് ഫണ്ട് സര്ക്കാര് ഫണ്ടല്ല. ചാരിറ്റബിള് ട്രസ്റ്റാണ്. ചാരിറ്റബിള് ട്രസ്റ്റ് പൊതു ട്രസ്റ്റാണ്. ട്രസ്റ്റിെൻറ ഭരണം ട്രസ്റ്റികളില്മാത്രം നിക്ഷിപ്തമായതിനാൽ അതിന് പൊതുസ്വഭാവം നഷ്ടപ്പെടുകയില്ല. പൊതുജനങ്ങള്ക്കായുള്ള ട്രസ്റ്റിെൻറ ഉദ്ദേശ്യങ്ങള് നിറവേറ്റുന്നതിന് പി.എം കെയേഴ്സ് ഫണ്ടിലെ പണം വിതരണം ചെയ്യാവുന്നതാണ്. കോവിഡിനെ തുടര്ന്നുണ്ടായ ആരോഗ്യ അടിയന്തരാവസ്ഥയില് സഹായം നല്കാനുള്ള ഉദ്ദേശ്യത്തോടെയുണ്ടാക്കിയ ഫണ്ടിലെ ട്രസ്റ്റിമാരുടെ വിവേകം ചോദ്യം ചെയ്യാന് ഹരജിക്കാര്ക്ക് പറ്റില്ല. പബ്ലിക് ചാരിറ്റബിള് ട്രസ്റ്റിന് സി.എ.ജി ഓഡിറ്റില്ല. സി.എ.ജി ഓഡിറ്റ് ചെയ്യുന്നതിനുപകരം സ്വകാര്യ ചാർട്ടേര്ഡ് അക്കൗണ്ടൻറ് ആണ് ഓഡിറ്റ് ചെയ്യുക.
പി.എം കെയേഴ്സ് ഫണ്ടും ദേശീയ ദുരന്ത നിവാരണ ഫണ്ടും വ്യത്യസ്ത ഉദ്ദേശ്യങ്ങളുള്ള രണ്ട് ഫണ്ടുകളാണ്. പി.എം കെയേഴ്സ് തീര്ത്തും വ്യത്യസ്തമായ ഫണ്ടാണ്. പൊതു ചാരിറ്റബിള് ട്രസ്റ്റ് എന്ന നിലയിലുണ്ടാക്കിയ ആ ഫണ്ടില്നിന്ന് എന്.ഡി ആര്.എഫിലേക്ക് മാറ്റാന് സുപ്രീംകോടതിക്ക് ഉത്തരവിടാനാവില്ലെന്നും ബെഞ്ച് വിധിച്ചു. കോവിഡിനെതിരായ പോരാട്ടത്തെ സഹായിക്കാന് സംസ്ഥാനങ്ങള് ആവശ്യപ്പെടുന്ന പ്രകാരം ദേശീയ ദുരന്ത നിവാരണ ഫണ്ടും കേന്ദ്ര സര്ക്കാറിന് ഉപയോഗിക്കാന് കഴിയും. വിവരാവകാശ നിയമ പ്രകാരമുള്ള 'പബ്ലിക് അതോറിറ്റി' എന്ന ഗണത്തില് പി.എം കെയേഴ്സ് ഫണ്ട് വരില്ലെന്നും അതിനാല് അതുമായി ബന്ധപ്പെട്ട വിവരങ്ങള് പങ്കുവെക്കാനാവില്ലെന്നുമുള്ള കേന്ദ്ര സര്ക്കാര് നിലപാട് സുപ്രീംകോടതി അംഗീകരിച്ചു. സുപ്രീംകോടതി വിധിയോടെ പി.എം കെയേഴ്സ് ഫണ്ട് വിവരാവകാശ പരിധിയില്നിന്ന് എന്നന്നേക്കുമായി ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.