ഫോണിലൂടെ പണം തട്ടൽ: ഝാർഖണ്ഡ് സംഘത്തിനെതിരെ ഇ.ഡിയുടെ ആദ്യ ക്രിമിനൽ കേസ്
text_fieldsന്യൂഡൽഹി: ഫോണിലൂടെ ആസൂത്രിതമായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയശേഷം പണാപഹരണം നടത്തിയ സംഭവത്തിൽ രാജ്യത്ത് ആദ്യമായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ക്രിമിനൽ കേസ് എടുത്ത് അന്വേഷണം തുടങ്ങി. വിവിധ അക്കൗണ്ടുകളിൽനിന്ന് പണം തട്ടിയ സംഭവങ്ങളിൽ ഝാർഖണ്ഡിലെ കുഗ്രാമം കേന്ദ്രമാക്കിയാണ് ഇ.ഡി അന്വേഷണം തുടങ്ങിയത്. ഏതാനും വർഷങ്ങളായി ഇൗ രീതിയിൽ കബളിപ്പിക്കൽ നടത്തുന്ന പ്രദീപ്കുമാർ മൊണ്ഡാൽ, യുഗൽ മൊണ്ഡാൽ, സന്തോഷ് യാദവ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. പണാപഹരണം തടയുന്ന നിയമപ്രകാരവും (പി.എം.എൽ.എ ആക്ട്) െഎ.ടി ആക്ട് അനുസരിച്ചുമാണ് കേസ്.
ഫോണിൽ ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ട് റദ്ദാവാൻ സാധ്യതയുണ്ടെന്നും അടിയന്തരമായി പിൻ നമ്പർ നൽകണമെന്നും ആവശ്യപ്പെട്ടാണ് ഇവർ ഉപേഭാക്താക്കളെ വലയിൽ വീഴ്ത്തിയിരുന്നത്. പിൻ നമ്പറും ഒ.ടി.പിയും കൈവശപ്പെടുത്തിയശേഷം ബാങ്ക് അക്കൗണ്ടിലെ പണം ഇവർതന്നെ മറ്റുള്ളവരുടെ പേരിൽ തുറന്ന അക്കൗണ്ടിലേക്ക് മാറ്റും. പിന്നീട് ഇൗ തുക ഇവരുടെ പേരിലുള്ള അക്കൗണ്ടിലേക്ക് വരുത്തും. ഇത്തരത്തിൽ മൂവരും കോടികൾ സമ്പാദിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
പ്രതികളുടെ സ്വത്തുക്കൾ കണ്ടെത്താൻ അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. നിരവധി സിം കാർഡുകൾ ഉപയോഗിച്ചാണ് ഇവർ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് വിളിച്ചിരുന്നത്. ഒരാളുടെ പണം തട്ടിയശേഷം അതിനുപയോഗിച്ച സിം കാർഡ് നശിപ്പിക്കുകയാണ് പതിവ്. ഝാർഖണ്ഡിലെ ശാന്തൽ പർഗാന എന്ന പ്രദേശത്തിനടുത്ത കുഗ്രാമമായ ജംന്തറ സൈബർ കുറ്റകൃത്യങ്ങൾക്ക് കുപ്രസിദ്ധമാണ്. വിദ്യാഭ്യാസയോഗ്യത ഇല്ലാത്തവരാണെങ്കിലും സൈബർ കുറ്റകൃത്യങ്ങളിൽ പയറ്റിത്തെളിഞ്ഞവരാണ് ഇവിടത്തെ യുവാക്കളെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.