മാറ്റം പണമിടപാടില്‍നിന്ന് ‘കാര്‍ഡിടപാടി’ലേക്ക്
text_fieldsകൊച്ചി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനുശേഷമുള്ള ആദ്യ പ്രവൃത്തിദിനത്തില്‍ ഇടപാടുകാരെ നിരന്തരം തേടിയത്തെിയത് ഓണ്‍ലൈന്‍ ഇടപാടുകളിലേക്ക് ക്ഷണിക്കുന്ന ബാങ്ക് സന്ദേശങ്ങള്‍. ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ പിന്‍വലിച്ചതിനാല്‍ പണമിടപാടുകളില്‍ നിയന്ത്രണമുണ്ടെന്നും അതിനാല്‍ ഓണ്‍ലൈന്‍ ഇടപാടുകളിലേക്ക് തിരിയണമെന്നുമായിരുന്നു ബാങ്കുകളുടെ ഉപദേശം.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, നെറ്റ് ബാങ്കിങ്, എം-പിന്‍ തുടങ്ങിയ ഇടപാടുകള്‍ക്ക് ഒരുനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ളെന്നും അതിലേക്ക് തിരിയണമെന്നുമുള്ള സന്ദേശങ്ങളായിരുന്നു ഏറെയും.
കറന്‍സി ഉപയോഗിച്ചുള്ള പണമിടപാടുകള്‍ ഇനി പഴയതുപോലെ എളുപ്പമായിരിക്കില്ളെന്നും അതിനാല്‍ കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് സൗകര്യമേര്‍പ്പെടുത്തണമെന്നുമാണ് വാണിജ്യരംഗത്തുള്ളവര്‍ക്ക് ബാങ്കുകളില്‍നിന്ന് നേരിട്ടും ലഭിക്കുന്ന നിര്‍ദേശം. ഇലക്ട്രോണിക് ഡാറ്റ കാപ്ചര്‍ (ഇ.ഡി.സി), പോയന്‍റ് ഓഫ് സെയില്‍ ടെര്‍മിനല്‍ (പി.ഒ.എസ്) തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന കാര്‍ഡ് ഇടപാടുയന്ത്രങ്ങള്‍ കടയില്‍ സ്ഥാപിക്കുക എന്നതാണ് ഇതിനുള്ള പ്രാഥമികമാര്‍ഗം. ഇതിന് വ്യാപാരി ബാങ്കില്‍ കറന്‍റ് അക്കൗണ്ട് തുടങ്ങണം. നേരത്തേ, ഈ രീതിയിലേക്ക് മാറുന്നതിന് വ്യാപാരികളെ ബാങ്കുകള്‍ നിര്‍ബന്ധിച്ചിരുന്നെങ്കിലും പലരും വിമുഖത കാണിക്കുകയായിരുന്നു. ബില്‍ തുക യന്ത്രത്തില്‍ രേഖപ്പെടുത്തി ഇടപാടുകാരന്‍െറ ബാങ്ക് കാര്‍ഡ് യന്ത്രത്തില്‍ ഉപയോഗിച്ച് രസീത് വാങ്ങി അതില്‍ ഒപ്പിടീച്ചുവേണം പണം വരവുവെക്കാന്‍.
എന്നാല്‍, തിരക്കുള്ള സമയത്ത് ഇത് പ്രായോഗികമാകില്ളെന്നാണ് കടയുടമകള്‍ ഉന്നയിച്ചിരുന്ന തടസ്സവാദം. ഈ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ ബില്ല് നല്‍കാതെയുള്ള കച്ചവടം അസാധ്യമാവുകയും ചെയ്യും. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ഈ സംവിധാനത്തിലേക്ക് മാറേണ്ടിവരുമെന്ന് വ്യാപാരികള്‍ക്ക് ബോധ്യമായിട്ടുണ്ട്.
ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ പിന്‍വലിച്ചശേഷമുള്ള ആദ്യദിനത്തില്‍ അല്‍പമെങ്കിലും കച്ചവടം നടന്നത് കാര്‍ഡ് പേമെന്‍റിന് സംവിധാനമുള്ള കടകളിലായിരുന്നു. വരുംദിനങ്ങളില്‍ ബാങ്കില്‍നിന്നും എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുമുണ്ട്. അതിനാല്‍ അടുത്ത ഏതാനും ആഴ്ചകളില്‍ പണമിടപാട് കുത്തനെ ഇടിയും. തുടര്‍ന്നുള്ള മാസങ്ങളില്‍ പണം കൈമാറ്റത്തിന് എത്രമാത്രം നിയന്ത്രണമേര്‍പ്പെടുത്തുമെന്ന കാര്യത്തിലും സന്ദേഹങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ കാര്‍ഡ് വഴിയുള്ള പണം കൈമാറ്റത്തിലേക്ക് തിരിയുകയാണ് ഭൂരിപക്ഷം വ്യാപാരികളും.
വ്യാപാരികളില്‍ ഒരുവിഭാഗം ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ചിലര്‍ ബില്ല് ഇല്ലാതെ കച്ചവടം നടത്തുന്നതും സര്‍ക്കാറിന് ലഭിക്കേണ്ട നികുതിയില്‍ ഒരുപങ്ക് വിലയില്‍ കുറച്ചുകൊണ്ട് കൂടുതല്‍ കച്ചവടം പിടിക്കുന്നതും തങ്ങളെ ബാധിക്കുന്നെന്നാണ് ഇവര്‍ പറയുന്നത്. കൃത്യമായി ബില്ല് നല്‍കുന്നവര്‍ 14.5 ശതമാനം നികുതികൂടി ഉപഭോക്താക്കളില്‍നിന്ന് വാങ്ങേണ്ടിവരും.
എല്ലാവരും കാര്‍ഡ് വഴിയുള്ള പണമിടപാടിലേക്ക് മാറുന്നതോടെ ഒരേ ഉല്‍പന്നം വില്‍ക്കുന്ന സ്ഥാപനങ്ങളിലെ വിലവ്യത്യാസം ഇല്ലാതാകുമെന്നാണ് ഇവരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.