ഏതാനും മണിക്കൂർ സമ്പന്നനായി കുരങ്ങൻ; തട്ടിയെടുത്തത് ലക്ഷം രൂപ
text_fieldsലഖ്നോ: ഒരു ലക്ഷം രൂപ നിറച്ച ബാഗ് തട്ടിയെടുത്ത കുരങ്ങനാണ് ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഭക്ഷണം തേടിയാണ് വന്നതെങ്കിലും ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് കൈയിൽ കിട്ടിയപ്പോൾ തന്നെ കുരങ്ങൻ അതുമായി മരത്തിൽ കയറുകയായിരുന്നു. ഉത്തർപ്രദേശിലെ രാംപൂരിലാണ് ഏതാനും മണിക്കൂർ നേരത്തേക്ക് കുരങ്ങൻ ലക്ഷാധിപതിയായി മാറിയത്.
ചൊവ്വാഴ്ച ഷഹാബാദിൽ സെയിലിനായി രജിസ്ട്രി ഓഫിസിൽ എത്തിയ ഷറഫത്ത് ഹുസൈനിന്‍റെ വാഹനത്തിൽ നിന്നാണ് ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് കുരങ്ങൻ മോഷ്ടിക്കുന്നത്. കാമറയിൽ കുടുങ്ങിയതോടെയാണ് നാട്ടുകാർ രംഗത്തെത്തിയത്. വാഹനം പാർക്ക് ചെയ്ത ശേഷം ബെഞ്ചിലിരുന്ന് അക്കൗണ്ട് രേഖകൾ ഹുസൈൻ പരിശോധിക്കുന്നതിന്‍റെ ഇടയിലാണ് കുരങ്ങൻ സ്ഥലത്തെത്തിയത്. വാഹനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ബാഗിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ കുരങ്ങന് കിട്ടിയത്.
പണം മോഷ്ടിക്കപ്പെട്ടുവെന്ന് ഹുസൈൻ മനസിലാക്കിയപ്പോഴേക്കും കുരങ്ങൻ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. സംഭവസ്ഥലത്ത് ആളുകൾ തിരച്ചിൽ നടത്തിയത് സംഘർഷത്തിനും വഴിവെച്ചു. തുടർന്നാണ് കുരങ്ങൻ മരത്തിൽ ഇരിക്കുന്നതായി കണ്ടത്. ആളുകളുടെ പരിശ്രമഫലമായി കുരങ്ങിൽ നിന്ന് ബാഗ് വീണ്ടെടുത്തു.
ഷഹാബാദിൽ കുരങ്ങ് ശല്യം വർധിക്കുന്ന സാഹചര്യത്തിൽ കുരങ്ങനെ പിടികൂടി വനത്തിൽ വിടാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.