‘കുത്തക ബച്ചാവോ സിൻഡിക്കേറ്റ്’; മാധബി ബുച്ച്, അദാനി, ബി.ജെ.പി നക്സസിനെതിരെ ഒരുമ്പെട്ടിറങ്ങി കോൺഗ്രസ്
text_fieldsന്യൂഡൽഹി: സെബി മേധാവി മാധബി പുരി ബുച്ചിനെതിരെ പുതിയതും ഗുരുതരമായതുമായ ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസിന്റെ വാർത്താസമ്മേളനം. കോൺഗ്രസ് മാധ്യമ-പബ്ലിസിറ്റി വിഭാഗം മേധാവി പവൻ ഖേരയാണ് പാർട്ടി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയത്. രാജ്യത്ത് ‘കുത്തക ബച്ചാവോ സിൻഡിക്കേറ്റ്’ പ്രവർത്തിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അവകാശപ്പെട്ടു. സെബിയും അദാനി ഗ്രൂപ്പും ബി.ജെ.പിയും അടങ്ങുന്ന അപകടകരമായ നെക്സസ് ആണ് അതിന്റെ കേന്ദ്രമെന്നും രാഹുൽ പറഞ്ഞു.
സെബിയുടെ നിരീക്ഷണത്തിലുള്ള ‘ഇന്ത്യ ബുൾസ് ഗ്രൂപ്പു’മായി ബന്ധമുള്ള വ്യക്തിയുമായി ബന്ധപ്പെട്ട ഒരു കമ്പനിക്ക് ബുച്ച് അവരുടെ സ്വത്ത് വാടകക്ക് നൽകിയെന്നാണ് പ്രതിപക്ഷ പാർട്ടിയുടെ ഏറ്റവും പുതിയ ആരോപണങ്ങളിലൊന്ന്. ബുച്ച് ‘പ്രെഡിബിൾ ഹെൽത്ത് പ്രൈവറ്റ് ലിമിറ്റഡി’ൽ നിക്ഷേപം നടത്തിയെന്നും സെബിയിൽ മുഴുവൻ സമയ അംഗമായിരിക്കെ അവർ ആ കമ്പനിയുടെ ഓഹരികൾ കൈവശം വെച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. അന്വേഷണാത്മക മാധ്യമ സംഘടനയായ ഐ.സി.ഐ.ജെയിലൂടെ പുറത്തുവിട്ട ‘പാരഡൈസ് പേപ്പറുകളിൽ’ ഉൾപ്പെട്ട കമ്പനിയാണ് ഇതെന്നും പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് ചൂണ്ടിക്കാട്ടി. എന്നാൽ, ആരോപണങ്ങളിൽ ബുച്ചോ അദാനി ഗ്രൂപ്പോ പ്രതികരിച്ചിട്ടില്ല.
2022 ഒക്ടോബർ 10ന് സെബിയിൽ മുഴുസമയ അംഗമായി ചേർന്ന അനന്ത് നാരായൺ ഗോപാൽകൃഷ്ണനും മുംബൈയിലെ തന്റെ വസ്തുവകകൾ വാടകക്ക് നൽകിയതായി ഖേര ആരോപിച്ചു. സെബിയുടെ നിയന്ത്രണത്തിലുള്ള ഐ.എം.സി ഇന്ത്യ സെക്യൂരിറ്റീസ് എന്ന ബ്രോക്കറേജ് സ്ഥാപനം നിയോഗിച്ച സ്റ്റോക്ക് ബ്രോക്കർക്ക് 64.8 ലക്ഷം രൂപക്കാണ് അനന്ത് നാരായൺ അവ വാടകക്ക് നൽകിയത്. വാർത്താസമ്മേളനത്തിനൊപ്പം ആരോപണങ്ങൾ സാധൂകരിക്കുന്ന വിഡിയോയും ഖേര പുറത്തുവിട്ടു. രാഹുലിന്റെയും ഖേരയുടെയും ഇതു സംബന്ധമായ പോഡ്കാസ്റ്റ് സംഭാഷണ പരമ്പരയിലെ മൂന്നാമത്തേതാണ് പ്രസ്തുത വിഡിയോ. കഴിഞ്ഞ ദിവസം സെബി മേധാവിക്കെതിരെ കോൺഗ്രസ് ആദ്യ പോഡ്കാസ്റ്റ് പുറത്തുവിട്ടിരുന്നു.
‘അദാനി ഡിഫൻസ് വെബ്‌സൈറ്റ്’ എങ്ങനെയാണ് വിദേശ നിർമിത ആയുധങ്ങളുടെ ബ്രാൻഡ് പുനഃരവതരിപ്പിച്ചുകൊണ്ട് ലാഭമുണ്ടാക്കുന്നതെന്ന് വെളിപ്പെടുത്തി ഇതിൽ രാഹുൽ സംസാരിക്കുന്നു. ‘കുത്തക ബച്ചാവോ സിൻഡിക്കേറ്റിന്റെ’ ഉദയത്തോടെ ഇന്ത്യയുടെ സ്ഥാപന ചട്ടക്കൂടിനകത്തെ അഴുകൽ ഭയാനകമായ തോതിലെത്തിയിരിക്കുന്നു. ഈ സിൻഡിക്കേറ്റിന്റെ കേന്ദ്രം അദാനിയും പ്രധാന റെഗുലേറ്ററി ബോഡികളും മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയും തമ്മിലുള്ള അപകടകരമായ ബാന്ധവമാണ്. അദാനി ഡിഫൻസ് വെബ്‌സൈറ്റ് എങ്ങനെയാണ് വിദേശ നിർമിത ആയുധങ്ങൾ റീബ്രാൻഡ് ചെയ്യുന്നതിലൂടെ കമ്പനിക്ക് ലാഭം ഉണ്ടാക്കുന്നതെന്ന് രാഹുൽ വിഡിയോയിൽ വിശദീകരിക്കുന്നു. ഇതോടൊപ്പം, യുവ സൈനികർക്കുള്ള പരിശീലനം, പെൻഷൻ, അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിനുമൊക്കെ വേണ്ടിയുള്ള നിർണായക ഫണ്ടുകൾ അഗ്നിവീർ പോലുള്ള പദ്ധതികളിലൂടെ തിരിച്ചുവിടുന്നുവെന്നും ഈ വഞ്ചനയിലൂടെ ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയും നമ്മുടെ യുവാക്കളുടെ ഭാവി അപകടത്തിലാക്കുകയും ചെയ്യുന്നുവെന്നും രാഹുൽ പറഞ്ഞു.
നേരത്തെ, മാധബി ബുച്ചിന്റെ കീഴിലുള്ള സെബി പോലുള്ള സ്ഥാപനങ്ങളുടെ കൂട്ടുകെട്ടിലൂടെ ‘അദാനി ബച്ചാവോ സിൻഡിക്കേറ്റ്’ എങ്ങനെ വികസിക്കുന്നുവെന്ന് ഞങ്ങൾ തുറന്നുകാട്ടി. അദാനിയുടെ ഊതിപ്പെരുപ്പിച്ച മൂല്യനിർണയങ്ങൾ സംരക്ഷിക്കാൻ സംവിധാനത്തിൽ കൃത്രിമം നടത്തിയെന്ന് ആരോപണമുയർന്നിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റ് താൽപര്യങ്ങൾക്കനുകൂലമായി ‘സെബി’ പ്രവർത്തിക്കുന്നതിനെക്കുറിച്ചും സ്ഥാപനത്തിന്റെ സമഗ്രത ഇല്ലാതാക്കുന്നതിനെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ബുച്ചിന്റെ പങ്ക് ഉയർത്തുന്നുവെന്നും രാഹുൽ പറഞ്ഞു.
‘വളരുന്ന ഈ സിൻഡിക്കേറ്റിനെക്കുറിച്ച് കോൺഗ്രസ് പാർട്ടി നിരന്തരം അലാറം ഉയർത്തുന്നു. ബുച്ചും മറ്റുള്ളവരും എങ്ങനെ കുറച്ചുപേരുടെ കൈകളിൽ അധികാരം ഉറപ്പിക്കുന്നുവെന്നും അധികാരസ്ഥാനത്തുള്ളവരെ സേവിക്കുന്നുവെന്നും ഞങ്ങൾ തുറന്നുകാട്ടി. ഈ ‘കുത്തക ബച്ചാവോ സിൻഡിക്കേറ്റിന്’ പിന്നിൽ ആരാണെന്ന് നമുക്കെല്ലാവർക്കും അറിയാം -അദ്ദേഹം പറഞ്ഞു. ‘വിമാനത്താവളങ്ങളിലെ കുത്തക ബച്ചാവോ സിൻഡിക്കേറ്റ്’ എന്ന് എക്‌സിൽ പോസ്റ്റായും രാഹുൽ കുറിച്ചു.
ബുച്ചിന് വിരുദ്ധമായ ബന്ധമുണ്ടെന്നതിന് തെളിവുകൾ വെളിച്ചത്തുവന്നു തുടങ്ങിയെന്നും ‘അദാനി ഗ്രൂപ്പുമായി ബുച്ചിന് ബന്ധമുണ്ടെന്നതിന് ഏറ്റവും പുതിയ വെളിപ്പെടുത്തൽ മാത്രമാണിതെന്നും ഖേരയുടെ ആരോപണങ്ങളെ പരാമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കമ്യൂണിക്കേഷൻസ് ഇൻ ചാർജ് ജയറാം രമേശ് പറഞ്ഞു. ‘ജീവശാസ്ത്രപരമല്ലാത്ത’ പ്രധാനമന്ത്രി ഇതിനിടയിലും ഈ വിഷയത്തിൽ വ്യക്തമായ മൗനം പാലിക്കുന്നു. അദാനി ഗ്രൂപ്പുമായുള്ള ബുച്ചിന്റെ ബന്ധം മൂലമാകാം അതെന്നും രമേശ് പറഞ്ഞു.
വിവിധ കേസുകളുമായി ബന്ധപ്പെട്ട് സെബിയുടെ നിരീക്ഷണത്തിലുള്ള ‘ഇന്ത്യാ ബുൾസുമായി’ ബന്ധപ്പെട്ട ഒരു കമ്പനിക്ക് മാധബി ബുച്ച് തന്റെ സ്വത്ത് വാടകക്ക് നൽകിയത് എന്തുകൊണ്ടാണെന്നും പ്രധാനമന്ത്രിയോട് രമേശ് ചോദിച്ചു. ‘പാരഡൈസ് പേപ്പറു’മായി ബന്ധമുള്ള വൈരുധ്യമുള്ള ഒരു സ്ഥാപനത്തിൽ മാധബി ബുച്ച് എന്തിനാണ് ഓഹരി കൈവശം വച്ചത്? എന്തുകൊണ്ടാണ് സെബിയുടെ മുഴുവൻ സമയ അംഗമായ അനന്ത് നാരായൺ തന്റെ സ്വത്ത് ഒരു സ്റ്റോക്ക് ബ്രോക്കർക്ക് വാടകക്ക് നൽകിയത്? സെബി നിയന്ത്രിക്കുന്ന പ്രധാന സാമ്പത്തിക സേവന ദാതാവായ ഒരു കമ്പനിയിൽ നാരായൺ ഓഹരികൾ കൈവശം വച്ചിരിക്കുന്നത് എന്തുകൊണ്ട്? -രമേശ് ചോദിച്ചു. കോടിക്കണക്കിന് കുടുംബങ്ങളുടെ താൽപര്യ സംരക്ഷകനാണ് സെബി. എന്നാൽ, ആരാണ് ഈ സംരക്ഷനെ സംരക്ഷിക്കുക? ഒഴിഞ്ഞുമാറലും നിശബ്ദതയുമല്ല, വ്യക്തമായ ഉത്തരങ്ങളാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും രമേശ് പറഞ്ഞു.
ആരോപണമുയർന്ന ‘വോക്ക്ഹാർഡ് ലിമിറ്റഡു’മായി ബന്ധമുള്ള കരോൾ ഇൻഫോ സർവിസസ് ലിമിറ്റഡിന് 2018 മുതൽ 2024 വരെ സ്വത്ത് വാടകക്ക് നൽകിയതുൾപ്പെടെ, ബുച്ചിനെതിരെ കോൺഗ്രസ് ഉന്നയിച്ച വിരുദ്ധ താൽപര്യ ആരോപണങ്ങൾ ഖേര പത്രസമ്മേളനത്തിൽ ആവർത്തിച്ചു. ഇൻസൈഡർ ട്രേഡിംഗ് ഉൾപ്പെടെയുള്ള കേസുകളിൽ ‘വോക്ക്ഹാർഡ്’ സെബിയുടെ അന്വേഷണത്തിലാണ്. പുതിയ ആരോപണങ്ങളിൽ ബുച്ചിന് മുംബൈയിൽ മറ്റൊരു ഫ്ലാറ്റ് ഉണ്ടെന്നും ഗ്രീൻ വേൾഡ് ബിൽഡ്‌കോൺ ആൻഡ് ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് വാടകക്ക് നൽകിയ വസ്തുവിൽനിന്ന് അവർ വരുമാനം നേടിയിട്ടുണ്ടെന്നും ഖേര അവകാശപ്പെട്ടു. ഈ കമ്പനി മുകുൾ, വിപുൽ ബൻസാൽ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ്. മുകുൾ ബൻസാലിന് ‘ഇന്ത്യാ ബുൾസ്’ ഗ്രൂപുമായി ബന്ധമുണ്ടെന്നും ഖേര പറഞ്ഞു.
മുകുൾ ബൻസാൽ ഉൾപ്പെട്ട ഇന്ത്യാബുൾസ് ഗ്രൂപ്പ്, 2021 നും 2022 നും ഇടയിൽ ഒന്നിലധികം ഉത്തരവുകളും നിയന്ത്രണ നടപടികളുമായി സെബിയിൽ നിരവധി കേസുകൾ നേരിട്ടിട്ടുണ്ട്. സെബിയുടെ നടപടികൾക്ക് പുറമെ, മറ്റ് റെഗുലേറ്റർമാർക്കും കോടതികൾക്കും മുമ്പാകെയുള്ള കേസുകളിലും കമ്പനി ഉൾപ്പെട്ടിട്ടുണ്ട്. ആ കേസുകളിൽ സെബി സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും ബോർഡ് അംഗങ്ങൾക്കായുള്ള താൽപര്യ വൈരുധ്യം സംബന്ധിച്ച സെബിയുടെ ചട്ടത്തിന്റെ ലംഘനമാണിതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.