വർഷകാല സമ്മേളനം പ്രക്ഷുബ്ധം: സഭാനടപടികൾ സ്തംഭിച്ചു
text_fields
ന്യൂഡൽഹി: ഏത് ചർച്ചക്കും സന്നദ്ധമാണെന്ന സർവകക്ഷി യോഗത്തിലെ പ്രധാനമന്ത്രിയുടെ ഉറപ്പിൽനിന്ന് സർക്കാർ പിറകോട്ടടിച്ചതോടെ പാർലമെൻറിെൻറ ഇരുസഭകളും രണ്ടാം ദിവസം ഒരു അജണ്ടയിലേക്കും കടക്കാനാകാതെ പിരിഞ്ഞു. 12 മണിയോടെ തന്നെ ലോക്സഭ സമ്മേളനം പിരിഞ്ഞപ്പോൾ രാജ്യസഭ നാലു പ്രാവശ്യം ചേരാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഉച്ചക്ക് മൂന്നുമണിയോടെ ബുധനാഴ്ചവരെ നിർത്തിവെച്ചു.
രാവിലെ 11 മണിക്ക് ആദ്യം ലോക്സഭ േചർന്നപ്പോൾ അജണ്ട നിർത്തിവെച്ച് അടിയന്തര ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യവുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. ബഹളമില്ലാതെ തുടങ്ങിയ രാജ്യസഭയിൽ മായാവതി ദലിതുകൾ നേരിടുന്ന ആക്രമണം ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ ഭരണകക്ഷി അംഗങ്ങൾ തടസ്സപ്പെടുത്തുകയായിരുന്നു. മായാവതി രോഷത്തോടെ ഇറങ്ങിപ്പോയ ശേഷം പാർലമെൻററികാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി അവർ സംസാരിച്ചത് രാഷ്ട്രീയമാണെന്നും ദലിതുകളുടെ പ്രശ്നമാണെന്നും ആരോപിച്ചു. ഉത്തർപ്രദേശിൽ ജനഹിതം തങ്ങൾക്ക് അനുകൂലമാണെന്നും നഖ്വി ഒാർമിപ്പിച്ചു.
ഏത് വിഷയവും ചർച്ച ചെയ്യാമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പിൽനിന്ന് ഭരണപക്ഷം പിറകോട്ട് പോയതിെൻറ ഫലമാണ് സഭയിൽ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് തിരിച്ചടിച്ചു. ജനഹിതം ദലിതുകളെയും മുസ്ലിംകളെയും സംരക്ഷിക്കാനാണെന്നും അവരെ കൂട്ടക്കൊല നടത്താനല്ലെന്നും പറഞ്ഞ് കോൺഗ്രസ് എം.പിമാർ ഒന്നടങ്കം ഇറങ്ങിപ്പോയി. തുടർന്ന് 12 മണിക്ക് ചേർന്നെങ്കിലും സഭാനടപടികളിലേക്ക് കടക്കാനായില്ല. ഉച്ചക്ക് രണ്ടുമണിക്ക് തൃണമൂൽ നേതാവ് ഡെറിക് ഒബ്റേൻ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളെക്കുറിച്ച് സൂചന നൽകി. 12 നോട്ടീസുകൾ നൽകിയിട്ടുണ്ടെന്നും ഒബ്റേൻ പറഞ്ഞു. ശേഷം രേഖകൾ വെക്കാൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ കുര്യൻ ക്ഷണിച്ചു. അതിനുശേഷം പ്രതിപക്ഷം മുദ്രാവാക്യവുമായി നടുത്തളത്തിലിറങ്ങി സഭ നിർത്തിവെപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.