‘സ്ത്രീകളെ അനാദരിച്ചതിന്‍റെ വിധിയാണ് രാക്ഷസൻ അനുഭവിക്കുന്നത്’; ഉദ്ദവ് താക്കറക്കെതിരെ കങ്കണ റണാവത്ത്
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ ശിവസേന-യു.ബി.ടി അധ്യക്ഷൻ ഉദ്ധവ് താക്കറെക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്ത്.
സ്ത്രീകളെ അനാദരിച്ചതിന്‍റെ വിധിയാണ് രാക്ഷസൻ അനുഭവിക്കുന്നതെന്ന് കങ്കണ പറഞ്ഞു. മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബി.ജെ.പി എം.പി.
'ഉദ്ധവ് താക്കറെക്ക് ഇത്രയും കനത്ത പരാജയം ഞാൻ പ്രതീക്ഷിച്ചിരുന്നു. സ്ത്രീകളെ ബഹുമാനിക്കുന്നുണ്ടോ അല്ലെങ്കിൽ അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ച് ആരാണ് ദൈവം, ആരാണ് രാക്ഷസൻ എന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും. അവർ എന്‍റെ വീട് തകർക്കുകയും അസഭ്യം പറയുകയും ചെയ്തു.
ബി.ജെ.പി നേതൃത്വം നൽകുന്ന മഹായുതിയുടെ വിജയത്തെ കുറിച്ച് പ്രതികരിച്ച കങ്കണ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പുകഴ്ത്തി. മോദി അജയ്യനാണെന്നും രാജ്യത്തിന്‍റെ രക്ഷക്ക് വിധിക്കപ്പെട്ട നേതാവാണെന്നും വിശേഷിപ്പിച്ചു. രാജ്യത്തെ തകർക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നവർക്കുള്ള പാഠമാണ് തെരഞ്ഞെടുപ്പ് ഫലം.
പ്രചാരണവേളയിൽ കുട്ടികൾ 'മോദി-മോദി' എന്ന് വിളിക്കുന്നത് ഞാൻ കണ്ടു. മോദി ലോകത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാവാണ്. ബി.ജെ.പി ഒരു ബ്രാൻഡ് ആണ്. ഇന്ന് ഇന്ത്യയിലെ ജനങ്ങൾ ഈ ബ്രാൻഡിൽ വിശ്വസിക്കുന്നു, മോദി ജനിച്ചത് രാജ്യത്തിന്‍റെ രക്ഷക്ക് വേണ്ടിയാണെന്നും അദ്ദേഹം അജയ്യനാണെന്നും ഞാൻ വിശ്വസിക്കുന്നു' -മാണ്ഡി എം.പി ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് മഹാവികാസ് അഘാഡി നേരിട്ടത്. ഉദ്ധവ് താക്കറെ പക്ഷ ശിവസേനയേയും ശരദ് പവാർ പക്ഷ എൻ.സി.പിയേയും ഏറെ പിന്നിലാക്കിയാണ് ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനക്കും അജിത് പവാർ പക്ഷ എൻ.സി.പിക്കും വൻ വിജയം നേടിയത്. 288ൽ 233 സീറ്റാണ് മഹായുതി നേടിയത്. 57 സീറ്റിൽ ഷിൻഡെ പക്ഷവും 41 സീറ്റിൽ അജിത് പക്ഷവും ജയിച്ചു. ഉദ്ധവ് പക്ഷത്തിന് 20 സീറ്റിലും പവാർ പക്ഷത്തിന് 10ലുമാണ് ജയിക്കാനായത്.
2022 ജൂണിൽ ഉദ്ധവ് താക്കറെ സർക്കാറിനെ അട്ടിമറിച്ച്, ശിവസേനയേ പിളർത്തി ബി.ജെ.പിക്ക് ഒപ്പം പോകുമ്പോൾ ഷിൻഡെക്കൊപ്പം 40 എം.എൽ.എമാരാണ് ഉണ്ടായിരുന്നത്. പിന്നീട് എൻ.സി.പി പിളർത്തി അജിത് പോയതും 40 എം.എൽ.എമാരുമായാണ്. തൊട്ടുപിന്നാലെ യഥാർഥ ശിവസേന ഷിൻഡെ പക്ഷവും എൻ.സി.പി അജിത് പക്ഷവുമാണെന്ന് തെരഞ്ഞെടുപ്പ് കമീഷനും നിയമസഭ സ്പീക്കറും വിധിച്ചു. ഇതിനെതിരെ ഉദ്ധവും പവാറും നൽകിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.