കലാപം കഴിഞ്ഞ് മാസങ്ങൾക്കു ശേഷം യു.പിയിലെ കുടുംബങ്ങൾ മടങ്ങി; വീടുകളിലേക്കല്ല അവശിഷ്ടങ്ങളിലേക്ക്
text_fieldsബറേലി: അക്രമം നടന്ന് ആറുമാസം പിന്നിട്ടിട്ടും ഗൗസ്ഗഞ്ചിലെ പൊടിപടലങ്ങൾ ശമിച്ചിട്ടില്ല. ജൂലൈ 18 ന് വർഗീയ സംഘർഷത്തിൽ ഒരു ഹിന്ദു യുവാവ് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ നടന്ന അക്രമങ്ങളിൽ 42 മുസ്‍ലിം കുടുംബങ്ങൾ പലായനം ചെയ്യപ്പെടുകയോ ബലമായി കുടിയിറക്കപ്പെടുകയോ ചെയ്തു. ‘സർക്കാർ ഭൂമി കയ്യേറിയെന്ന്‘ ആരോപിച്ച് എട്ടു വീടുകൾ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. അന്നു തൊട്ട് ജയിലിൽ കഴിയുകയാണ് 58 മുസ്‍ലിം പുരുഷന്മാർ.
കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ വിവിധ ഗ്രാമങ്ങളിലെ ബന്ധുക്കളുടെ വീടുകളിലും മറ്റും അഭയം തേടി. വാടക നൽകാൻ കഴിയാതെ കഴിയുമ്പോൾ പലരും വീണ്ടും താമസം മാറി. സ്ഥിരവരുമാനമില്ലാതെ വല്ലപ്പോഴും കിട്ടുന്ന തൊഴിലുകളിൽ ജീവിതം പുലർന്നു. ചിതറിത്തെറിച്ചും അനിശ്ചിതത്വത്തിലും അമർന്ന ജീവിതങ്ങൾ. ഒരിക്കൽ വിദ്യാർത്ഥികളായിരുന്ന അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം പെട്ടെന്ന് നിലച്ചു.
ഇപ്പോൾ11 കുടുംബങ്ങൾ മടങ്ങിയെത്തിയിരിക്കുന്നു. വീടുകളിലേക്കല്ല, അവശിഷ്ടങ്ങളിലേക്കും കൊള്ളയടിച്ച അലമാരകളിലേക്കും തകർന്ന വാതിലുകളിലേക്കും. അവരെ തിരികെ സ്വീകരിക്കണോ അതോ തള്ളിക്കളയണോ എന്നറിയാത്ത ഒരു ഗ്രാമത്തിലേക്ക്.
60 വയസ്സുള്ള ഷഫീക്ക വീടിന്റെ വാതിൽപ്പടിയിൽ ശ്രദ്ധാപൂർവം ചുവടുവെക്കുന്നു. അവിടെ ഇപ്പോൾ കോൺക്രീറ്റിന്റെ ഒരു കൂർത്ത അവശിഷ്ടം മാത്രം. ‘ഞങ്ങൾ ദിവസക്കൂലിക്കാരായ കുടുംബമാണ്. എന്റെ രണ്ട് ആൺമക്കളുടെയും ഭർത്താവിന്റെയും കേസുകൾ കൈകാര്യം ചെയ്യാൻ എനിക്ക് പണമില്ല. അവർ എങ്ങനെ ജയിലിൽ നിന്ന് പുറത്തുവരുമെന്ന് എനിക്കറിയില്ല’ -ഷഫീക്ക പറഞ്ഞു.
62 കാരിയായ റുക്‌സാന ബീഗം അവളുടെ തകർന്ന വീടിന്റെ മുൻവശത്തെ വരാന്തയുടെ വാതിലിൽ ഇരിക്കുന്നു. അവളുടെ നോട്ടം ഗ്രാമത്തിൽ പട്രോളിംഗ് നടത്തുന്ന പൊലീസുകാരിലേക്ക് പായുന്നു. ‘ഞങ്ങൾക്ക് സംസാരിക്കാൻ താൽപര്യമില്ല, ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല’ -അവൾ സ്വയം പിറുപിറുത്തു.
23 കാരനായ മുഹമ്മദ് താഹിറും ഇവിടെയുണ്ട്. പക്ഷേ താമസിക്കാനല്ല. ഹരിയാനയിലാണ് അവനിപ്പോൾ ജോലി. ’ഞാൻ എന്റെ മാതാപിതാക്കളെ ഇവിടെ താമസിപ്പിക്കാൻ വന്നതാണ്. എന്നാലൊന്നും തന്നെ അവശേഷിക്കുന്നില്ല. ആദ്യം മുതൽ ആരംഭിക്കണം’- ശബ്ദം താഴ്ത്തി അവൻ പറഞ്ഞു.
9 വയസ്സുള്ള അൽ ജബക്ക് ഉടൻ സ്കൂളിലേക്ക് മടങ്ങാനാവില്ല. സ്കൂൾ ബാഗ് കീറിക്കിടക്കുന്നുവെന്ന് അവൾ പറയുന്നു. ഇപ്പോൾ ഈ കുടുംബങ്ങളുടെ നിലനിൽപ്പ് പരിമിതമായ ജീവകാരുണ്യ പ്രവർത്തനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരു എൻ.ജി.ഒ ഭക്ഷണവും പാത്രങ്ങളും ചൂലുകളും പോലുള്ള അടിസ്ഥാന ആവശ്യങ്ങളും ലഭ്യമാക്കിയതായി ജയിലിൽ കഴിയുന്ന യാസിനിസിന്റെ മകൻ മെവിഷ് ജഹാൻ പറയുന്നു. ‘ഞങ്ങളുടെ വൈദ്യുതി മീറ്ററുകൾ തകർന്നു, ജലവിതരണം താറുമാറായി’.
ഒരുകാലത്ത് കർഷകരുടെയും തൊഴിലാളികളുടെയും ആവാസകേന്ദ്രമായിരുന്ന ഗൗസ്ഗഞ്ച്, അക്രമത്തെത്തുടർന്ന് തുറന്ന യുദ്ധക്കളമായി മാറി. കലാപകാരികൾ കന്നുകാലികളെ കടത്തിക്കൊണ്ടുപോയി. ട്രാക്ടറുകളും കാർഷിക ഉപകരണങ്ങളും പിടിച്ചെടുത്തു. ഇവരുടെ കൃഷിനിലവും ഇപ്പോൾ ഭീഷണിയിലാണ്. തുച്ഛമായ വിലക്കു വിൽക്കാൻ ചിലർ തങ്ങളെ സമീപിച്ച് ആവശ്യപ്പെടുന്നതായി മടങ്ങിയെത്തിയ ഒരാൾ പറയുന്നു. അതിനെതിരെ പ്രതിഷേധിച്ചപ്പോൾ കൂടുതൽ കേസുകൾ നൽകുമെന്ന് വന്നവർ ഭീഷണിപ്പെടുത്തിയെന്നും തങ്ങൾക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും ആട്ടിപ്പായിക്കപ്പെട്ടതിനുശേഷം മടങ്ങിവന്നവർ പറയുന്നു.
ഗ്രാമത്തിലെ ചില കുടുംബങ്ങളിൽ ഇവരോടുള്ള നീരസം ഇപ്പോഴും ആഴത്തിൽ തുടരുന്നു. ഹോളി അടുത്തുവരുമ്പോൾ പിരിമുറുക്കം മൂർച്ഛിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഗ്രാമ കവാടത്തിൽ പൊലീസ് പിക്കറ്റ് സ്ഥാപിച്ചതായി ഷാഹി എസ്.എച്ച്.ഒ അമിത് ബല്യാൻ പറയുന്നു. ഹോളി വേളയിൽ ഒരു വലിയ ഹിന്ദു കൂട്ടംചേരൽ പ്രതീക്ഷിക്കുന്നു. അതിനാൽ കനത്ത സേനയെ വിന്യസിക്കുമെന്നും ബല്യാൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.