‘സിഖ് വിഭാഗത്തിലെ ഏക പ്രധാനമന്ത്രിയോട് കേന്ദ്രം മര്യാദ കാണിച്ചില്ല’; സ്മാരകം വിവാദത്തിൽ രാഹുൽ
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനായി സ്മാരകം നിർമിക്കാനുള്ള സ്ഥലം അനുവദിക്കുന്നതിൽ രാഷ്ട്രീയ വിവാദം. സ്മാരകം നിർമിക്കാൻ പറ്റുന്ന സ്ഥലത്ത് തന്നെ സംസ്കാരം നടത്തണമെന്ന പാർട്ടിയുടെയും കുടുംബത്തിന്റെയും ആവശ്യം അംഗീകരിച്ചില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സിഖ് വിഭാഗത്തിൽ നിന്നുള്ള ഏക പ്രധാനമന്ത്രിയോട് സർക്കാർ മര്യാദ കാണിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
എന്നാൽ, ട്രസ്റ്റ് രൂപവത്കരിച്ച് സ്ഥലം കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അതിനാൽ സംസ്കാര ചടങ്ങ് യമുനാതീരത്തെ നിഗം ബോധ് ഘട്ടിൽ നടക്കട്ടെയെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്. ട്രസ്റ്റ് രൂപവത്കരിച്ച ശേഷം സ്ഥലം കൈമാറാമെന്നും ഇക്കാര്യം മൻമോഹൻ സിങ്ങിന്റെ കുടുംബത്തെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും അറിയിച്ചതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, എവിടെയാണ് സ്ഥലം അനുവദിക്കുകയെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
സ്മാരക വിഷയത്തിൽ കേന്ദ്രസർക്കാർ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. സ്മാരകം ഉയർത്താൻ പറ്റുന്ന സ്ഥലത്ത് സംസ്കാരം നടത്തണമെന്നായിരുന്നു പാർട്ടിയും കുടുംബവും ആവശ്യപ്പെട്ടത്. രാജ്ഘട്ടിനോട് ചേർന്ന ഭാഗത്ത് എവിടെയെങ്കിലും വേണമെന്ന നിർദേശവും മുന്നോട്ട് െവച്ചിരുന്നു. അല്ലെങ്കിൽ സർക്കാറിന് നിർദേശിക്കാമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ സമീപനം അങ്ങേയറ്റം ഖേദകരമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
സ്മാരകത്തിൽ സർക്കാർ അനാവശ്യ വിവാദം സൃഷ്ടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെഹ് ലോട്ട് ആരോപിച്ചു. ജനസമ്മർദത്തെ തുടർന്നാണ് മുൻ പ്രധാനമന്ത്രിക്ക് സ്മാരകം പണിയാമെന്ന് സർക്കാർ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്കാരത്തിന് അനുയോജ്യമായ സ്ഥലം നൽകാത്തതിലൂടെ മൻമോഹൻ സിങ്ങിനോടും സിഖ് സമൂഹത്തോടും സർക്കാർ നീതി പുലർത്തിയില്ലെന്ന് പ്രിയങ്ക ഗാന്ധി എം.പി എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.