ഫീനിക്സ് പക്ഷിയുടെ മാതൃകയിൽ ജയലളിത സ്മാരകം; ഏഴ് കോടി രൂപ കൂടി അനുവദിച്ച് തമിഴ്നാട് സർക്കാർ
text_fieldsചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതക്ക് തമിഴ്നാട് സർക്കാറിെൻറ ആഭിമുഖ്യത്തിൽ നിർമിക്കുന്ന സ്മാരകത്തിെൻറ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ. 50.80 കോടി രൂപയായിരുന്നു എസ്റ്റിമേറ്റെങ്കിലും ഇത് തികയാതെ വന്നതോടെ സംസ്ഥാന സർക്കാർ ഏഴ് കോടി രൂപ കൂടി അനുവദിച്ചു.
മുൻ മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ സ്ഥാപക നേതാവുമായ എം.ജി.ആറിെൻറ സ്മാരകത്തോട് ചേർന്നാണ് ജയലളിതക്കും സ്മാരകം പണിയുന്നത്. പൊതുമരാമത്ത് വകുപ്പിെൻറ മേൽനോട്ടത്തിൽ നടക്കുന്ന നിർമാണ പ്രവൃത്തികൾ ഒരു വർഷത്തിനകം പൂർത്തിയാക്കും.
വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയ ജയലളിതയുടെ സ്മാരകം ഫിനിക്സ് പക്ഷിയുടെ മാതൃകയിലാണ് നിർമിക്കുന്നത്. 5,571 ചതുരശ്ര അടി വിസ്തീർണത്തിൽ പണിയുന്ന സ്മാരകത്തിന് 15 മീറ്റർ ഉയരമുണ്ടാകും.
പ്രദർശന നഗരി, വിജ്ഞാന കേന്ദ്രം, സന്ദർശകർക്ക് ഇരിപ്പിടങ്ങൾ, പുൽത്തകിടികൾ, ഫൗണ്ടനുകൾ, വാഹന പാർക്കിങ് തുടങ്ങിയ സൗകര്യങ്ങളൊരുക്കാൻ ഇനിയും പത്തു കോടി രൂപ കൂടി വേണമെന്ന് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ജയലളിതയുടെ പോയസ്ഗാർഡനിലെ വേദനിലയം വസതിയും മ്യൂസിയമാക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അണ്ണാ ഡി.എം.കെ സർക്കാർ നടപടി ഉൗർജിതപ്പെടുത്തുന്നത്. 2016 ഡിസംബർ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. മറീന കടൽക്കരയിൽ ജയലളിതയുടെ സമാധി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് സ്മാരകം നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.