മൂസെവാലയുടെ കൊല: ആം ആദ്മി പാർട്ടിക്ക് രാഷ്ട്രീയമായ പരിക്ക്
text_fieldsന്യൂഡൽഹി: സുരക്ഷ പിൻവലിച്ച് 24 മണിക്കൂർ തികയും മുമ്പേ പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാല വെടിയേറ്റു മരിച്ച സംഭവത്തിൽ ആം ആദ്മി പാർട്ടിക്ക് രാഷ്ട്രീയമായ പരിക്ക്. ക്രമസമാധാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആം ആദ്മി പാർട്ടി സർക്കാറിനുള്ള പക്വത ചോദ്യംചെയ്യപ്പെട്ടു തുടങ്ങിയിരിക്കെയാണ് മൂസെവാല കൊല്ലപ്പെട്ടത്. പ്രമുഖ വ്യക്തികളുടെ പരിരക്ഷ എടുത്തുകളഞ്ഞത് വി.ഐ.പി സംസ്കാരം ഇല്ലാതാക്കാനാണോ, രാഷ്ട്രീയ പ്രതികാരം തീർക്കാനാണോ എന്ന ചോദ്യവും ഉയർന്നു.
മൂസെവാല അടക്കം 424 പേർക്ക് നൽകിപ്പോന്ന പൊലീസ് സംരക്ഷണമാണ് ആപ് സർക്കാർ എടുത്തുകളഞ്ഞത്. വി.ഐ.പി പരിഗണന അനർഹമായി ലഭിച്ചുപോരുന്ന നിരവധി പേർ പഞ്ചാബിലുണ്ട്. ഈ സംസ്കാരം അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ പ്രമുഖരുടെ ജീവൻകൊണ്ട് പന്താടാൻ പാടില്ലെന്ന മുന്നറിയിപ്പ് സർക്കാറിന് പലരും നൽകിയിരുന്നു. പല കാരണങ്ങളാൽ വൈകാരിക പ്രധാനമായ സംസ്ഥാനമാണ് പഞ്ചാബ്.
സുരക്ഷ പിൻവലിച്ചതിന് വലിയ പ്രചാരണം നൽകിയതും തെറ്റായി. ഇത്തരം കാര്യങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടതുണ്ട്. അത് സുരക്ഷ ലഭിച്ചുപോന്നവരുടെ ഭാവി സുരക്ഷിതത്വം മുൻനിർത്തിയാണ്. സുരക്ഷ പിൻവലിച്ചശേഷം അടിസ്ഥാന സാഹചര്യങ്ങൾ കണക്കിലെടുത്ത് വീണ്ടും സുരക്ഷ ഏർപ്പെടുത്തേണ്ടിവന്ന സംഭവങ്ങളുമുണ്ട്. അകാൽതഖ്ത് ജതേദാർ ഗ്യാനി ഹർപ്രീത് സിങ് ഉദാഹരണമാണ്.
പൊലീസ് സ്റ്റേഷനുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ നേതാക്കളുടെ വീടിന് പൊലീസ് കാവൽ നിൽക്കുന്നുവെന്നാണ് മുഖ്യമന്ത്രി ഭഗവന്ത്സിങ് മാൻ സുരക്ഷ പിൻവലിക്കുന്നതിനെ ന്യായീകരിച്ചത്. ഏതാനും ചിലരുടെ സുരക്ഷയെക്കാൾ 2.75 കോടി ജനങ്ങളുടെ സുരക്ഷയാണ് പൊലീസിന്റെ ചുമതലയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.