സദാചാര ഗുണ്ടായിസം; പിന്നെ കൂട്ട ബലാത്സംഗം
text_fieldsഈ മാസം എട്ടിന് ഉച്ചക്ക് ഒന്നോടെ 40കാരനായ കർണാടക ആർ.ടി.സി ബസ് ഡ്രൈവറും 26കാരി മുസ്ലിം ഭർതൃമതിയും ലോഡ്ജിൽ മുറിയെടുത്തതാണ് അക്രമങ്ങളിലേക്ക് നയിച്ചത്. ഇരുവരും ഓട്ടോയിൽ വന്നിറങ്ങിയ ഉടൻ ഡ്രൈവറുടെ മതമറിയുന്നവർ ഒപ്പം പർദധാരിണിയെ കണ്ടതോടെ സന്ദേശങ്ങൾ കൈമാറി. ബൈക്കുകളിൽ എത്തിയ സംഘം ഡ്രൈവറും യുവതിയും തങ്ങിയ മുറിയുടെ വാതിലിൽ മുട്ടിയത് മുതലുള്ള രംഗങ്ങൾ ആക്രമികൾ വിഡിയോയിൽ പകർത്തി.
വാതിൽ തുറന്നയുടൻ തെറിവിളിയും അക്രമവും തുടങ്ങി. യുവതി വസ്ത്രത്തിന് മുകളിൽ അണിഞ്ഞ പർദ ബലമായി അഴിച്ച് അവരുടെ മുഖം വെളിപ്പെടുത്താൻ ആക്രമികൾ തുനിയുന്നതും അവർ പർദയിൽ മറക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ വിഡിയോ ആക്രമികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
സദാചാര ഗുണ്ടായിസത്തിനാണ് ആദ്യം പൊലീസ് കേസെടുത്തത്. ഈ മാസം 11ന് മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയ രഹസ്യ മൊഴിയിലാണ് യുവതി കൂട്ട ബലാത്സംഗം സംബന്ധിച്ച വിവരങ്ങൾ നൽകിയത്. ലോഡ്ജിൽനിന്ന് ബൈക്കിൽ കയറ്റിയ തന്നെ വനമേഖലയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് മൊഴി.
ഇതിനെതുടർന്ന് പൊലീസ് 376 ഡി (കൂട്ട ബലാത്സംഗം) പ്രകാരം കേസെടുക്കുകയായിരുന്നു. വനിത-ശിശുക്ഷേമ വകുപ്പിന്റെ മന്ദിരത്തിൽ കഴിയുന്ന യുവതിയെ കോൺഗ്രസ് എം.എൽ.എ ബസവരാജ് ശിവണ്ണവർ സി.ഐക്കൊപ്പം രാത്രി സന്ദർശിച്ചത് മറ്റൊരു വിവാദത്തിനും വഴിവെച്ചിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ കഴിയുന്ന സ്ത്രീകളെ വനിത പൊലീസ് സാന്നിധ്യത്തിൽ രാവിലെ ഒമ്പതിനും വൈകുന്നേരം ആറിനും ഇടയിലേ സന്ദർശിക്കാവൂ എന്നതാണ് ചട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.