വീണ്ടും സദാചാര ഗുണ്ടായിസം; ഹാവേരിയിലും മംഗളൂരുവിലുമാണ് സദാചാര അക്രമങ്ങൾ അരങ്ങേറിയത്
text_fieldsബംഗളൂരു: സദാചാര അക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന സർക്കാർ മുന്നറിയിപ്പിനിടയിലും സംസ്ഥാനത്ത് സമാന സംഭവങ്ങൾ ആവർത്തിക്കുന്നു. ഹാവേരിയിലും മംഗളൂരുവിലുമാണ് കഴിഞ്ഞദിവസം സദാചാര അക്രമങ്ങൾ അരങ്ങേറിയത്. ഹാവേതി ബ്യാദഗിയിൽ ക്ഷേത്രത്തിന് സമീപം ഇതര മതസ്ഥരായ യുവതിയും യുവാവും ആക്രമിക്കപ്പെട്ടപ്പോൾ മംഗളൂരു കദ്രി പാർക്കിൽ നഴ്സിങ് വിദ്യാർഥികളുടെ മതം ചോദിച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നു.
ബ്യാദഗിയിൽ ഒരേസ്ഥലത്ത് ജോലി ചെയ്യുന്ന യുവാവും യുവതിയും യാത്ര ചെയ്യുന്നതിനിടെ ക്ഷേത്രത്തിന് സമീപം ബൈക്ക് നിർത്തി സംസാരിക്കവെയാണ് ഒമ്പതു പേരടങ്ങുന്ന സംഘം ആക്രമിച്ചത്. യുവാവും പെൺകുട്ടിയുടെ പിതാവും ഇതു സംബന്ധിച്ച് ബ്യാദഗി പൊലീസിൽ പരാതി നൽകി.
അനധികൃതമായി സംഘം ചേരൽ, മനഃപൂർവം ദേഹോപദ്രവം ഏൽപിക്കൽ തുടങ്ങിയവ ചൂണ്ടിക്കാട്ടി ഐ.പി.സി 143, 147, 341, 323, 354, 504, 506 വകുപ്പുകൾ ചേർത്ത് കേസെടുത്ത പൊലീസ് ഏഴു പ്രതികളെ അറസ്റ്റ് ചെയ്തു.
അബ്ദുൽ മുദ്ഗൽ, മൻസൂർ, മെഹബൂബ് സാബ്, റിയാസ് ഹലഗർ, അൽഫാസ് ബലഗർ തുടങ്ങിയവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തു. ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ജനുവരി എട്ടിന് ഹാവേരി ഹംഗലിൽ സദാചാര അക്രമവും തുടർന്ന് കൂട്ടബലാത്സംഗവും അരങ്ങേറിയിരുന്നു. ദേശീയ വനിത കമീഷൻ അടക്കം ഇടപെട്ട കേസിൽ ഇതുവരെ 11 പേർ അറസ്റ്റിലായി.
മംഗളൂരു ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന രണ്ടാമത്തെ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരിസരവാസികളായ കെ. നിഥിൻ (18), യു.വി. ഹർഷ (18) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിൽ ഉണ്ടായിരുന്ന 17കാരനെതിരെ കേസെടുത്തു. നഗരത്തിലെ നഴ്സിങ് കോളജ് വിദ്യാർഥിനി അഞ്ജന(20) മറ്റൊരു നഴ്സിങ് കോളജ് വിദ്യാർഥിയും സുഹൃത്തുമായ അഖിലിനൊപ്പം(20) വെള്ളിയാഴ്ച വൈകുന്നേരം പാർക്കിൽ എത്തിയപ്പോഴാണ് അക്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു.
ഇരുവരെയും വളഞ്ഞ മൂന്നംഗസംഘം മതം ചോദിച്ചശേഷം അഖിലിനെ മർദിക്കുകയായിരുന്നു. അഞ്ജനക്ക് നേരെ അസഭ്യം ചൊരിഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. രണ്ട് വിദ്യാർഥികളുടെയും ഫോട്ടോ എടുത്തു. വിഡിയോയും പകർത്തി. വിവരമറിഞ്ഞ് എത്തിയ പൊലീസാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.