നിമിഷാർധം കൊണ്ട് തൂക്കുപാലം നദിയിലേക്ക്; മോർബി അപകടത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ -VIDEO
text_fieldsഗുജറാത്തിലെ മോർബിയിൽ 141 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ആളുകൾ തിങ്ങി നിറഞ്ഞിരിക്കുമ്പോഴാണ് പാലം തകരുന്നത്. നിമിഷാർധം കൊണ്ട് തൂക്കുപാലം തകർന്ന് നദിയിലേക്ക് പതിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
ഞായറാഴ്ച വൈകീട്ട് 6.42ഓടെയായിരുന്നു അപകടം. 177 പേരെ രക്ഷപ്പെടുത്തി. മോർബിയിലെ മച്ചുനദിക്കു കുറുകെയുള്ള തൂക്കുപാലമാണ് തകർന്നത്. ബ്രിട്ടീഷ് കാലത്ത് പണിത പാലമാണ് തകർന്നത്. അഞ്ചുദിവസം മുൻപ് അറ്റകുറ്റപണികൾ കഴിഞ്ഞ് ജനങ്ങൾക്കായി തുറന്നുകൊടുത്തതായിരുന്നു. ഇതിനുശേഷം വലിയ തോതിൽ സന്ദർശകർ വീണ്ടും ഇങ്ങോട്ട് ഒഴുകിയെത്തി. അപകടസമയത്ത് 500ഓളം പേർ പാലത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സർട്ടിഫിക്കറ്റില്ല, പാലം തുറന്നുകൊടുത്തത് സർക്കാർ അറിഞ്ഞില്ലെന്ന് അധികൃതർ
മോർബി നഗരത്തിൽ തകർന്നുവീണ നൂറ്റാണ്ട് പഴക്കമുള്ള പാലം പുനരുദ്ധരിക്കുന്നതിന് മുമ്പ് അധികൃതരിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നില്ലെന്ന് പ്രാദേശിക മുനിസിപ്പൽ ബോഡി മേധാവി എൻ.ഡി ടി.വിയോട് വെളിപ്പെടുത്തി. ഒറെവ എന്ന സ്വകാര്യ ട്രസ്റ്റ് സർക്കാരിന്റെ ടെൻഡർ എടുത്താണ് പാലം നവീകരിച്ചത്. നവീകരണത്തിനായി ഏഴുമാസമായി പാലം അടച്ചിട്ടിരിക്കുകയായിരുന്നു. ഒക്ടോബർ 26ന് വീണ്ടും തുറന്നു.
പാലം തുറക്കുന്നതിന് മുമ്പ് ഒറെവ അധികൃതരിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുത്തിട്ടില്ലെന്ന് മോർബി മുനിസിപ്പൽ ഏജൻസി മേധാവി സന്ദീപ്‌സിൻഹ് സാല പറഞ്ഞു. ''ഇത് സർക്കാർ ടെൻഡറായിരുന്നു. പാലം തുറക്കുന്നതിന് മുമ്പ് ഒറെവ ഗ്രൂപ്പ് അതിന്റെ നവീകരണ വിശദാംശങ്ങൾ നൽകേണ്ടതും ഗുണനിലവാര പരിശോധന നടത്തേണ്ടതും ആയിരുന്നു. എന്നാൽ അത് ചെയ്തില്ല. സർക്കാരിന് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു'' -സാല പറഞ്ഞു. നവീകരണത്തിന് ശേഷം തുറന്നുകൊടുത്ത പാലത്തിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.