രണ്ടാം തരംഗത്തിൽ കുട്ടികൾ കോവിഡിനിരയാകുന്നത് വർധിക്കുന്നു; സൂക്ഷിക്കണം ഈ ലക്ഷണങ്ങൾ
text_fieldsരണ്ടാംതരംഗത്തിൽ കോവിഡ് വ്യാപനം ശക്തമായതോടെ രോഗത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണത്തിലും വൻ വർധന. കോവിഡ് പരിേശാധനക്ക് വിധേയരാകുന്ന കുട്ടികളിൽ പോസിറ്റീവാകുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടെന്ന് ഡൽഹി-എൻ.സി.ആറിെല ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.
നവജാത ശിശുക്കളും കുട്ടികളുമാണ് കോവിഡ് പോസിറ്റീവാകുന്നവരിൽ ഏറെയും. മിക്ക നവജാത ശിശുക്കളും അതിെന അതിജീവിക്കുന്നുണ്ടെങ്കിലും 5 - 12 വയസിന് ഇടയിലുള്ള കുട്ടികൾ അപകടസാധ്യതയിലേക്ക് പോകുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. പോസിറ്റീവായ കുട്ടിക്കൊപ്പം അമ്മമാർ നിൽക്കുന്നതിനൊപ്പം പോസിറ്റീവായ അമ്മമാർക്കൊപ്പം കുട്ടികൾക്കും നിൽക്കേണ്ടി വരുന്നത് അപകടം വരുത്തിവെക്കുന്നുവെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു.
ഡൽഹിയിലെ മധുകർ റെയിൻബോ ചിൽഡ്രൻസ് ആശുപത്രിയിൽ ഒരാഴ്ചയ്ക്കുള്ളിൽ 50 കുട്ടികളാണ് കോവിഡ് ലക്ഷണങ്ങളോടടെ ശിശുരോഗ ബാധിതരായി ആശുപത്രയിലെത്തിയത്. കോവിഡ് സെന്‍ററിൽ സൗകര്യം ഒരുക്കിയത് കൊണ്ടുമാത്രമാണ് അവർക്ക് ചികിത്സ നൽകാൻ കഴിഞ്ഞത്.
'2020 നെ അപേക്ഷിച്ച് സ്ഥിതിഗതികൾ ഭയാനകമാണ്. രണ്ടാം തരംഗത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ രോഗത്തിനിരയാകുന്നത് വർധിച്ച് വരുകയാണ്. എല്ലാവർക്കും ചികിത്സ നൽകാനുള്ള സംവിധാനം രാജ്യത്തില്ല. മാതാപിതാക്കൾ മുൻകരുതൽ എടുക്കുകയാണ് കുട്ടികൾക്ക് നൽകാവുന്ന ഏറ്റവും വലിയ സുരക്ഷ. അടിയന്തര ഘട്ടങ്ങളിൽ വൈദ്യസഹായം തേടാൻ വൈകരുതെന്നും പ്രമുഖ ആരോഗ്യവിദഗ്ദ്ധനായ ഡോ. പ്രവീൺ ഖിൽനാനി പറഞ്ഞതായ ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.
കുട്ടികളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിന് കാരണങ്ങളിതാണ്
- വൈറസിന്‍റെ പുതിയ പരിവർത്തനം
- വീടുകളിൽ മുൻകരുതലുകളിലുണ്ടായ വീഴ്ച
- പ്രോട്ടോക്കോൾ പാലിക്കാതെയും മറ്റും ആൾക്കുട്ടങ്ങളിൽ ഇടകലരുന്നത്
- കുട്ടികൾക്ക് വാക്സിൻ ഇല്ലാത്തത്
രണ്ടാം തരംഗത്തിൽ കൊറോണ കൂടുതൽ കരുത്താർജ്ജിക്കുകയാണ്. സ്വാഭാവികമായി അതിന്‍റെ പ്രഹരശേഷികടുത്തതായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ശിശുരോഗവിദഗ്ദനും സീനിയർ കൺസൾട്ടന്‍റുമായ ഡോ. സഞ്ജീവ് ബഗായ്.
'കഴിഞ്ഞ വർഷം, ലോകമെമ്പാടും 11 ശതമാനം കുട്ടികളെയാണ് കോവിഡ് ബാധിച്ചത്. എന്നാൽ ഈ വർഷം ആഗോളതലത്തിൽ 20 മുതൽ 40 ശതമാനം കുട്ടികളാണ് പോസിറ്റീവായത്. ടി-സെൽ പ്രതിരോധശേഷിയുടെ അഭാവം, ശ്വാസോച്ഛാസ പാതയിലെ (പ്രത്യേകിച്ചും തൊണ്ടയോട് ചേർന്ന് ) ace റീസെപ്റ്ററുകളുടെ അഭാവം, സംരക്ഷണ പ്രോട്ടീനുകൾ നിർജീവമാകുക എന്നതാണ് കാരണമെന്ന് ഡോ. ബഗായ് വ്യക്തമാക്കുന്നു.
കുടുംബങ്ങൾ പഴയത് പോലെ ഇപ്പോൾ ജാഗ്രത പുലർത്തുന്നില്ല. പുറമെ നിന്ന് വീട്ടിലേക്ക് വരുന്നതിനും പുറത്തേക്ക് പോകുന്നതിനും ഇടകലരുന്നതിനും ഇപ്പോൾ യാതൊരു മുൻകരുതലും കുടുംബങ്ങളിലുണ്ടാകാത്താണ് കുട്ടികളെ കോവിഡ് ബാധിക്കുന്നതിന് കാരണമാകുന്നതെന്ന് ആചാര്യ ശ്രീ ഭിക്ഷു ഗവർമെന്റ് ആശുപത്രിയിലെ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ശ്രീദേഷ് കുമാർ പറയുന്നു.
കുട്ടികൾക്ക് വാക്സിനേഷൻ ഇതുവരെ ലഭ്യമായിട്ടില്ല എന്നത് എല്ലാവരും ഓർക്കണം. അവരിൽ ഉണ്ടാകുന്ന ചെറിയ ലക്ഷണങ്ങളെ പോലും ഗൗരവത്തോടെ കാണണം. കുട്ടികളെ കോവിഡ് പടരാൻ സാധ്യതയുള്ള ആൾക്കൂട്ടമുള്ള ഇടങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കുകയാണ് വേണ്ടത്. അതിനൊപ്പം അവരിലുണ്ടാകുന്ന ഉദരസംബന്ധിയായ ലക്ഷണങ്ങൾ ( വയറു വേദന, വയറിളക്കം...), തൊലിപ്പുറത്തുണ്ടാകുന്ന ചുവന്ന് പൊങ്ങിയ തടിപ്പുകൾ, കണ്ണിന് ചുകപ്പ്, തുടങ്ങിയ ലക്ഷണങ്ങളെ അവഗണിക്കരുതെന്ന് അദ്ദേഹം പറയുന്നു.
കുട്ടികളിലെ കോവിഡ് ലക്ഷണങ്ങൾ ഇതെല്ലാമാണ്
- അതിസാരം
- ഛർദ്ദി
- തിണർപ്പ്
- നേത്ര അണുബാധ
- വാസ്കുലിറ്റിസ് (രക്തക്കുഴലുകളിൽ വീക്കം)
- പനി
- ചുമ
മാതാപിതാക്കൾ /കുട്ടികൾ പോസിറ്റീവ് ആണെങ്കിൽ എന്തുചെയ്യും?
'മാതാപിതാക്കൾ കുട്ടിയുടെ ലക്ഷണങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കേണ്ടതുണ്ട്. വയറിളക്കം, ഛർദ്ദി തുടങ്ങിയ ഉദരസംബന്ധിയായ അസുഖ ലക്ഷണങ്ങൾ, പനി, ചുമ, തൊലിപ്പുറത്തുണ്ടാകുന്ന ചുവന്ന് പൊങ്ങിയ തടിപ്പുകൾ, കണ്ണിന് ചുകപ്പ് തുടങ്ങിയവയുണ്ടായാൽ തുടക്കത്തിൽ തന്നെ ചികിത്സ തുടങ്ങണം.
അമ്മയുടെ മുലപ്പാൽ വഴി കുട്ടിയിലേക്ക് വൈറസ് പടരുമോ
'കോവിഡ് പോസിറ്റീവായ അമ്മയുടെ മുലപ്പാൽ വഴി കുട്ടിയിലേക്ക് വൈറസ് പടരുമെന്ന് ഇതുവരെയും ഒരു പഠനവും തെളിയിച്ചിട്ടില്ല. അതിനാൽ, അമ്മമാർക്ക് ഭക്ഷണം നൽകാം, പക്ഷെ എല്ലായ്പ്പോഴും മാസ്ക് ധരിക്കണം, കുട്ടികളിൽ നിന്ന് പരമാവധി ശാരീരിക അകലം നിലനിർത്തണം, കുട്ടിയെ പരിപാലിക്കാൻ മറ്റൊരാൾ ഉണ്ടാകുന്നത് നല്ലതാണ്. അതെ സമയം മുലയൂട്ടുന്ന അമ്മമാരുടെ ആരോഗ്യം വഷളാകുന്നതിന് മുമ്പ് ചികിത്സ തേടണമെന്നും ഡോക്ടർമാർ കൂട്ടിച്ചേർക്കുന്നു.
കുട്ടികൾ മാസ്ക് ധരിക്കാൻ മടിക്കുന്നതും, അവരുടെ ശരിയായ അളവിനുള്ള മാസ്കുകൾ ലഭിക്കാത്ത സാഹചര്യം നില നിൽക്കുന്നതിനാൽ പൊതുയിടങ്ങളിലേക്ക് അവരെ കൊണ്ടു പോകുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.