ഭോപാൽ ദുരന്തത്തിൽ കൂടുതൽ നഷ്ടപരിഹാരം: കേന്ദ്രത്തിന്റെ തിരുത്തൽ ഹരജിയും തള്ളി
text_fieldsന്യൂഡൽഹി: 1984ലെ ഭോപാൽ വാതകദുരന്തത്തിന്റെ ഇരകൾക്ക് ഉയർന്ന നഷ്ടപരിഹാരം നൽകുന്നതിനായി ‘യൂനിയൻ കാർബൈഡ് കോർപറേഷന്റെ’ (യു.സി.സി) പിന്മുറക്കാരായ സ്ഥാപനങ്ങളിൽനിന്ന് 7844 കോടി ലഭിക്കണമെന്നാവശ്യപ്പെടുന്ന കേന്ദ്രത്തിന്റെ തിരുത്തൽ ഹരജി സുപ്രീംകോടതി തള്ളി.
നേരത്തേ അറിയിച്ചപ്രകാരം ഇരകൾക്ക് ഇൻഷുറൻസ് പോളിസി തയാറാക്കാത്തതിൽ കേന്ദ്രത്തെ കോടതി വിമർശിച്ചു. ഇത് തികഞ്ഞ നിരുത്തരവാദിത്തമാണെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ച് അഭിപ്രായപ്പെട്ടു. ക്ഷേമരാഷ്ട്രമെന്ന നിലയിൽ കേന്ദ്ര സർക്കാറിന് ഇൻഷുറൻസ് പോളിസി ഉൾപ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകാൻ കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ, ആ വഴിക്ക് ഒരു നീക്കവും ഉണ്ടായിട്ടില്ലെന്നാണ് അറിയിച്ചത്. ഇത് നിരുത്തരവാദിത്തവും നേരത്തേ കോടതി നൽകിയ നിർദേശങ്ങളുടെ ലംഘനവുമാണ്. ഇക്കാര്യങ്ങൾ അവഗണിച്ച് യു.സി.സിയുടെ മേൽ ഉത്തരവാദിത്തമേൽപിക്കാനാകില്ല. നഷ്ടപരിഹാരം നൽകി രണ്ടു പതിറ്റാണ്ടിനുശേഷം വീണ്ടും വിഷയവുമായി വരുന്നതിൽ യുക്തിയില്ല. ഇരകളുടെ നഷ്ടപരിഹാര അപേക്ഷകളിൽ ശേഷിക്കുന്നവ തീർപ്പാക്കാൻ റിസർവ് ബാങ്കിൽ ഈ ആവശ്യത്തിനുള്ള 50 കോടി ഉപയോഗിക്കാമെന്ന് കോടതി നിർദേശിച്ചു. നഷ്ടപരിഹാരത്തിനായി കൂടുതൽ തുകയെന്ന ആവശ്യം നിയമതത്ത്വങ്ങളുമായി ചേർന്നുപോകുന്നതല്ല. ഒന്നുകിൽ നഷ്ടപരിഹാരം സാധുവാണ്. അല്ലെങ്കിൽ പ്രശ്നങ്ങളുണ്ട്. യു.സി.സിയുടെ നഷ്ടപരിഹാരത്തിൽ പ്രശ്നങ്ങളുള്ളതായി കേന്ദ്രം പറയുന്നില്ല. നഷ്ടപരിഹാരം കണക്കാക്കിയ സമയത്ത് മറ്റു ചില ആഘാതങ്ങൾകൂടി പരിഗണിച്ചില്ലെന്നുമാത്രമാണ് കേന്ദ്രം പറയുന്നത്. അപകടശേഷം ആരോഗ്യസംവിധാനങ്ങൾ ദീർഘകാലത്തേക്ക് ഒരുക്കണമെന്നതും പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്നതും കൃത്യമായ ധാരണയുള്ളതാണ്. അപകടം നടന്ന പ്രദേശം വേണ്ടവിധം വിഷമുക്തമാക്കിയില്ല എന്ന് യു.സി.സി ആരോപിച്ചിട്ടുമുണ്ട്. പ്രശ്നത്തിലുണ്ടായ ധാരണ റദ്ദുചെയ്യാൻ ഇതൊന്നും ഒരു കാരണമല്ലെന്നും ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, അഭയ് എസ്. ഓക, വിക്രം നാഥ്, ജെ.കെ. മഹേശ്വരി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ജനുവരി 12നാണ് കേന്ദ്രത്തിന്റെ തിരുത്തൽ ഹരജി വിധി പറയാൻ മാറ്റിയത്.
1989ലെ കരാർപ്രകാരം അമേരിക്കൻ കമ്പനിയായ യു.സി.സി 715 കോടിയാണ് നഷ്ടപരിഹാരമായി നൽകിയത്. ഹരജിക്കാർക്കെതിരായ വിധിയുണ്ടാകുന്നപക്ഷം പുനഃപരിശോധന ഹരജിയും തള്ളിയശേഷം ശേഷിക്കുന്ന ഒരേയൊരു സാധ്യതയാണ് തിരുത്തൽ ഹരജി എന്ന ക്യുറേറ്റിവ് പെറ്റീഷൻ. നഷ്ടപരിഹാരത്തിൽ ധാരണയാകുന്ന സമയത്ത് കേന്ദ്ര സർക്കാർ തുക അപര്യാപ്തമാണെന്ന് പറഞ്ഞിട്ടില്ലെന്ന് ജനുവരിയിൽ യു.സി.സിയുടെ തുടർ സ്ഥാപനങ്ങൾ കോടതിയെ അറിയിച്ചിരുന്നു. 1989ൽ മനുഷ്യനും പ്രകൃതിക്കുമുണ്ടായ ദുരന്തത്തിന്റെ ആഘാതം കൃത്യമായി വിലയിരുത്താനായിരുന്നില്ലെന്നാണ് കേന്ദ്രം ആവർത്തിച്ചു പറയുന്നത്.
ഭോപാൽ ദുരന്തത്തിൽ ഔദ്യോഗിക കണക്കനുസരിച്ച് മാത്രം 3000 പേർ മരിച്ചിട്ടുണ്ട്. ആയിരങ്ങൾ നിത്യരോഗികളായി. വൻ പരിസ്ഥിതിനാശത്തിനും ഇത് വഴിവെച്ചു. 1984 ഡിസംബർ രണ്ടിന് പുലർച്ചെ മീഥൈൽ ഐസോസൈനേറ്റ് എന്ന വിഷവാതകം ചോർന്നാണ് ദുരന്തമുണ്ടായത്. ഇത് ലക്ഷത്തിലധികം പേരെ ബാധിച്ചുവെന്നാണ് കണക്ക്. ഭോപാൽ ഇരകൾ മതിയായ നഷ്ടപരിഹാരത്തിനും ചികിത്സസഹായത്തിനുമായി ദശകങ്ങളായി സമരത്തിലാണ്. സംഭവം നടന്ന വേളയിൽ യു.സി.സി ചെയർമാനായിരുന്ന വാറൻ ആൻഡേഴ്സണായിരുന്നു കേസിലെ പ്രധാന കുറ്റാരോപിതൻ. പക്ഷേ, അദ്ദേഹം വിചാരണക്കെത്തിയിരുന്നില്ല. 1992ൽ ഭോപാൽ കോടതി അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 2014ൽ അദ്ദേഹം മരിക്കുംമുമ്പ് രണ്ടു തവണ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.