പ്രവാചകനിന്ദയെ അപലപിച്ച് കൂടുതൽ രാജ്യങ്ങൾ: പരക്കെ അമർഷം, മോദിസർക്കാർ ദുർബല പ്രതിരോധത്തിൽ
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയെ തുടർന്ന് കനത്ത പ്രതിച്ഛായനഷ്ടത്തിൽ ഇന്ത്യ. സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവക്കു പിന്നാലെ യു.എ.ഇ, ജോർഡൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളും ഇസ്‍ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മയായ ഒ.ഐ.സിയും കടുത്ത അമർഷം പ്രകടിപ്പിച്ചു. അതേസമയം, ഇതിന് ഉത്തരവാദികളായ രണ്ടു ബി.ജെ.പി നേതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കാത്ത മോദിസർക്കാർ അന്താരാഷ്ട്ര തലത്തിലും രാജ്യത്തിനകത്തും ദുർബല പ്രതിരോധത്തിലായി. ഇസ്‍ലാമിന്റെ നേതാക്കളെയും പ്രതീകങ്ങളെയും ദുർവ്യാഖ്യാനിക്കുന്നതോ ഏതെങ്കിലും മതത്തെ നിന്ദിക്കുന്നതോ വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പ്രവാചകനിന്ദയെ കടുത്ത ഭാഷയിൽ അപലപിക്കുന്നതായി യു.എ.ഇ പറഞ്ഞു. ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പാകിസ്താൻ പ്രതിഷേധം അറിയിച്ചു. ഖത്തർ, ഇറാൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ കഴിഞ്ഞ ദിവസം ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇസ്‍ലാമിനെ അപമാനിക്കാനും മുസ്‍ലിംകളെ പ്രകോപിപ്പിക്കാനും മതഭ്രാന്തന്മാരെ ഇന്ത്യ അനുവദിക്കരുതെന്ന് അഫ്ഗാൻ ആവശ്യപ്പെട്ടു.
ലോകമെമ്പാടുമുള്ള മുസ്‍ലിംകളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് നിന്ദ്യമായ പരാമർശങ്ങളെന്ന് ഇന്ത്യൻ നയതന്ത്ര പ്രതിനിധിയോട് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മുസ്‍ലിംവിരുദ്ധ വികാരം മുഖ്യധാരയിലേക്ക് വളർത്തിക്കൊണ്ടുവരുന്നത് ഇന്ത്യയിൽ രീതിയായി മാറിയിട്ടുണ്ട്. തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയങ്ങളിൽ മുസ്‍ലിംകൾക്ക് പ്രാർഥന നിഷേധിക്കുന്നു. ന്യൂനപക്ഷങ്ങളെയും മനുഷ്യാവകാശങ്ങളെയും സംരക്ഷിക്കാൻ അന്താരാഷ്ട്ര നിയമങ്ങൾപ്രകാരം നടപടി സ്വീകരിക്കാൻ ഇന്ത്യാ സർക്കാറിന് ബാധ്യതയുണ്ട്. ഹിന്ദുത്വപ്രേരിതമായ ഇസ്‍ലാമോഫോബിയ ഇന്ത്യയിൽ അപകടകരമായി വളരുന്നത് അന്താരാഷ്ട്ര സമൂഹം കാണണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടു.
പാകിസ്താന്റെ പരാമർശങ്ങളിൽ വിദേശകാര്യ മന്ത്രാലയം അമർഷം പ്രകടിപ്പിച്ചു. ന്യൂനപക്ഷ അവകാശങ്ങൾ തുടർച്ചയായി ലംഘിക്കുന്നവർ മറ്റൊരു രാജ്യത്തെ ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റത്തെക്കുറിച്ച് പറയുന്നത് പരിഹാസ്യമാണ്. ഹിന്ദു, സിഖ്, ക്രൈസ്തവ, അഹ്മദിയ ന്യൂനപക്ഷങ്ങൾ പാകിസ്താനിൽ അതിക്രമം നേരിടുന്നത് ലോകം കാണുന്നുണ്ട്. തീവ്രവാദികൾക്ക് സ്തുതിപാടുകയും അവരുടെ ബഹുമാനാർഥം സ്മാരകങ്ങൾ നിർമിക്കുകയും ചെയ്യുന്ന പാകിസ്താനെപ്പോലെയല്ല, എല്ലാ മതങ്ങളെയും ഇന്ത്യ അങ്ങേയറ്റം ആദരിക്കുന്നു. ഇന്ത്യയിൽ സാമുദായിക അസ്വസ്ഥതക്ക് ശ്രമിക്കാതെ അവിടത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷക്കും ക്ഷേമത്തിനും പാകിസ്താൻ ശ്രദ്ധിച്ചാൽ മതി -വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
പ്രവാചകനിന്ദയെ അപലപിച്ചതിനൊപ്പം, മുസ്‍ലിംകളുടെ അവകാശസംരക്ഷണത്തിന് ഐക്യരാഷ്ട്രസഭ നടപടി സ്വീകരിക്കണമെന്ന് ഒ.ഐ.സി ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള പ്രതിഷേധവും ഇന്ത്യ പ്രകടിപ്പിച്ചു. ഇടുങ്ങിയ ചിന്താഗതിയുള്ള അനാവശ്യ പ്രസ്താവനയാണ് ഒ.ഐ.സി സെക്രട്ടേറിയറ്റ് നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് കുറ്റപ്പെടുത്തി. എല്ലാ മതങ്ങളെയും ഇന്ത്യൻ സർക്കാർ മാനിക്കുന്നു. മതനേതാവിനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവന ചില വ്യക്തികളാണ് നടത്തിയത്. അത് സർക്കാറിന്റെ കാഴ്ചപ്പാടല്ല. ബന്ധപ്പെട്ടവർ ഈ വ്യക്തികൾക്കെതിരെ ഇതിനകം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. പരപ്രേരിതവും തെറ്റിദ്ധാരണജനകവും ദുരുദ്ദേശ്യപരവുമായ പരാമർശങ്ങൾ ഒ.ഐ.സി നടത്തിയത് ഖേദകരമാണ്. സ്ഥാപിതതാൽപര്യക്കാരുടെ വിഭാഗീയ അജണ്ടയാണ് ഇതിലൂടെ വെളിപ്പെടുന്നത്. വർഗീയ സമീപനം ഒ.ഐ.സി സെക്രട്ടേറിയറ്റ് തുടരരുത്. എല്ലാ മതവിശ്വാസങ്ങളോടും അർഹമായ ആദരം കാണിക്കണമെന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.