അസമും ബംഗാളും പ്രളയത്തിൽ, മരണം ഉയരുന്നു
text_fieldsഗുവാഹതി/കൊൽക്കത്ത: അസമും പശ്ചിമബംഗാളും പ്രളയത്തിെൻറ പിടിയിൽ. അസമിൽ 11 പേർ കൂടി മരിച്ചതോടെ ഇൗ കാലവർഷത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 39 ആയി. പശ്ചിമബംഗാളിൽ 50 പേരാണ് മരിച്ചത്. 160 ഗ്രാമങ്ങളിൽ 20 ലക്ഷം പേർ ദുരിതത്തിലാണ്.അസമിലെ 24 ജില്ലകളിൽ 33.45 ലക്ഷം പേർ കൊടുംദുരിതത്തിലാണ്. ഇൗ വർഷം സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിൽ 123 പേർക്കാണ് ജീവൻ നഷ്ടമായത്. ദുരിതാശ്വാസത്തെക്കുറിച്ച് പ്രധാനമന്ത്രിയുമായി ചർച്ചചെയ്യാൻ മുഖ്യമന്ത്രി സർബാനന്ദ സോണോവാൽ ഡൽഹിക്ക് പോയി.
അസമിൽ 2970 ഗ്രാമങ്ങൾ വെള്ളത്തിലാണ്. 1.43 ലക്ഷം ഹെക്ടറിലെ കൃഷിനശിച്ചു. 21 ജില്ലകളിൽ 304 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 1,38,648 പേരാണ് കഴിയുന്നത്. 4600 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ചിറാങ്, ബിശ്വനാഥ് ജില്ലകളെയൊന്നാകെ പ്രളയം ഒഴുക്കിക്കൊണ്ടുപോയി. ഗുവാഹതി, േജാർഹത്, സോണിത്പുർ, ഗോൾപാറ, ധുബ്രി എന്നിവിടങ്ങളിൽ ബ്രഹ്മപുത്ര നദി അപകടകരമാംവിധം കരകവിഞ്ഞൊഴുകുകയാണ്. കാസിരംഗ ദേശീയോദ്യാനത്തിലെ മിക്കവാറും പ്രദേശങ്ങൾ വെള്ളത്തിലാണ്.
ബംഗാളിലെ വടക്കൻ-തെക്കൻ മേഖല വെള്ളത്തിലാണ്. ബങ്കുറയിൽ സംസ്ഥാനത്തെ റെക്കോഡ് മഴ രേഖപ്പെടുത്തി; 274 മി.മീറ്റർ. ശീലാബതി, ദ്വാരകേശ്വർ, ദ്വാരക, കുയേ നദികൾ കരകവിഞ്ഞൊഴുകുകയാണ്. ദാമോദർവാലി കോർപറേഷൻ അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിട്ടതോടെയാണ് വെള്ളപ്പൊക്കം അതിരൂക്ഷമായത്.
സംസ്ഥാനത്തെ 10,82,285 ഹെക്ടറിൽ 1,79,321 ഹെക്ടറിലെ നെൽകൃഷി നശിച്ചു. 2,02,957 ഹെക്ടറിെല കൃഷിഭൂമി ഒലിച്ചുപോയി. 7868 വീടുകൾ പൂർണമായും തകർന്നു. സംസ്ഥാനത്തെ 14 ജില്ലകളിലെ 27 ലക്ഷം പേരാണ് പ്രളയക്കെടുതിക്കിരയായത്. 311 ക്യാമ്പുകളിൽ 47,000 പേരാണ് കഴിയുന്നത്. മൃഗങ്ങൾക്കുള്ള ക്യാമ്പുകളിൽ 16,000ലേറെ മൃഗങ്ങളെയാണ് പാർപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി മമത ബാനർജി പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.