ഗുജറാത്ത് തീരത്തെത്തിയ കപ്പലിൽ നിന്നും 1500 കിലോ ഹെറോയിൻ പിടിച്ചെടുത്തു
text_fieldsഅഹമ്മദാബാദ്: ഗുജറാത്ത് തീരത്തെത്തിയ കപ്പലിൽ നിന്നും വിദേശ വിപണിയിൽ 3,500 കോടി രൂപ വിലമതിക്കുന്ന 1500 കിലോ ഹെറോയിൻ ശേഖരം തീരസംരക്ഷണ സേന പിടിച്ചെടുത്തു. ഇന്ത്യയിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിത്. ഗുജറാത്ത് അലാങ് തീരത്തെത്തിയ പനാമ കപ്പലിൽ നിന്നാണ് ഹെറോയിൻ പിടിച്ചെടുത്തതെന്ന് ഇന്ത്യൻ പ്രതിരോധ വക്താവ് അറിയിച്ചു. കപ്പലിലെ എട്ട് ജീവനക്കാരെ തീരസംരക്ഷണസേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അലാങ് തീരത്തെത്തിയ എംവി ഹെൻറിയെന്ന പനാമ രജിസ്ട്രേഷൻ കപ്പലിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. സംഭവത്തെക്കുറിച്ചു തീരസംരക്ഷണ സേന, ഇന്റലിജൻസ് ബ്യൂറോ, പൊലീസ്, കസ്റ്റംസ്, നാവികസേന എന്നിവര്‍ ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം ആരംഭിച്ചു.
ഇറാനിൽ നിന്നാണ് മയക്കുമരുന്നുമായി കപ്പൽ അലാങ് തീരത്തെത്തിയതെന്നാണ് സൂചന. ഹെറോയിനുമായി പിടിച്ചെടുത്ത കപ്പൽ പോർബന്ദർ തീരത്തേക്ക് കൊണ്ടുപോയി. ഹെറോയിൻ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് അടിയന്തര യോഗത്തിനെത്താൻ തീരസംരക്ഷണ സേന ആവശ്യപ്പെട്ടിട്ടുണ്ടെന്നു പോർബന്തർ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അറിയിച്ചു.
അലാങ് വഴി വിദേശത്തേക്ക് മയക്കുമരുന്നു കടത്ത് നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ജൂലൈ 27നാണ് തീരസംരക്ഷണസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചത്. തീരസംരക്ഷണ സേന തങ്ങളുടെ ‘സമുദ്ര പാവക്’ എന്ന കപ്പലിൽ ഗുജറാത്ത് തീരങ്ങളിൽ പരിശോധന നടത്തുകയായിരുന്നു. മൂന്നു ദിവസം നീണ്ട ദൗത്യത്തിനൊടുവിൽ മയക്കുമരുന്നുമായെത്തിയ കപ്പൽ അലാങ്ങിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.