ദിനകരന് പിന്തുണയുമായി കൂടുതൽ എം.എൽ.എമാർ
text_fieldsചെന്നൈ: അണ്ണാ ഡി.എം.കെ അമ്മ വിഭാഗം മന്ത്രിമാർ ചേർന്ന് പുറത്താക്കിയ ഡെപ്യൂട്ടി ജനറൽ െസക്രട്ടറി ടി.ടി.വി. ദിനകരന് പിന്തുണയുമായി കൂടുതൽ എം.എൽ.എമാർ അദ്ദേഹത്തിെൻറ ചെന്നൈ അഡയാറിലെ വീട്ടിലെത്തി. ചൊവ്വാഴ്ച 14 പേർകൂടി മറുകണ്ടം ചാടിയതോടെ ദിനകരനൊപ്പം 24 എം.എൽ.എമാരുണ്ട്.
ദിനകരനെ പുറത്താക്കിയ നടപടിയിൽ ഉറച്ചുനിൽക്കുന്നെന്നും അേദ്ദഹവുമായി പാർട്ടി പ്രവർത്തകർ ബന്ധപ്പെടരുതെന്നും മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെ അനുവാദത്തോടെ 19 മന്ത്രിമാർ ചേർന്നുള്ള തീരുമാനത്തെ വെല്ലുവിളിച്ചാണ് പാർട്ടി എം.എൽ.എമാരുടെ നീക്കം.
മുൻ മന്ത്രിമാരായ സെന്തിൽ ബാലാജി എം.എൽ.എ, തൊപ്പു വെങ്കിടാചലം, പളനിയപ്പൻ എന്നിവരാണ് ദിനകരൻ പക്ഷത്തേക്ക് കൂടുതൽ പേരെ എത്തിക്കാൻ തന്ത്രങ്ങൾ നീക്കുന്നത്. അംഗങ്ങളുടെ മറുകണ്ടംചാട്ടം തടയാൻ ജില്ലതിരിച്ച് എം.എൽ.എമാരുമായി മുഖ്യമന്ത്രി പളനിസാമി അടിയന്തര കൂടിക്കാഴ്ച തുടങ്ങി. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ തുടങ്ങിയ ഒമ്പത് ജില്ലകളിലെ നിയമസഭാംഗങ്ങളെയാണ് ചൊവ്വാഴ്ച മറ്റു മന്ത്രിമാർക്കൊപ്പം മുഖ്യമന്ത്രി കണ്ടത്. ചാഞ്ചാടിനിൽക്കുന്ന അംഗങ്ങൾക്ക് തങ്ങളുടെ മണ്ഡലങ്ങളിൽ കൂടുതൽ പദ്ധതികൾ അനുവദിക്കാൻ പളനിസാമി സന്നദ്ധനായിട്ടുണ്ട്.
ജൂൺ 14ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തിൽ പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകും. ശശികലക്കൊപ്പം നിൽക്കുന്നെന്ന പേരിൽ മണ്ഡലങ്ങളിൽ നിലനിൽക്കുന്ന ശക്തമായ പ്രതിഷേധം തണുപ്പിക്കാൻ കുടിവെള്ള, കാർഷിക ജലസേചന പദ്ധതികളാണ് മിക്കവാറും പേർ ആവശ്യപ്പെടുന്നത്. ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ച ധനമന്ത്രി ഡി. ജയകുമാറിനെതിരെ പാർട്ടിതല നടപടിയുണ്ടാകുമെന്ന് ദിനകരനെ കണ്ടതിനുശേഷം തങ്കത്തമിഴ് സെൽവൻ എം.എൽ.എ പ്രഖ്യാപിച്ചു.
234 അംഗ നിയമസഭയിൽ 122 പേരുടെ പിന്തുണയോടെ നിൽക്കുന്ന പളനിസാമി സർക്കാറിന് അംഗങ്ങളുടെ കൂടുമാറ്റം പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷം 116 ആണ്. 98 അംഗങ്ങളുള്ള പ്രതിപക്ഷമായ ഡി.എം.കെ സഖ്യത്തിന് ദിനകരൻ വിഭാഗത്തിലെ 24 പേരെ അടർത്തിയെടുത്താൻ സർക്കാറുണ്ടാക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.