അതിര്‍ത്തി ലംഘനം തുടര്‍ന്നാല്‍ ഇനിയും മിന്നലാക്രമണമെന്ന് അമിത് ഷായുടെ മുന്നറിയിപ്പ്
text_fieldsഗോവ: അതിർത്തി ലംഘനവും ആക്രമണങ്ങളും തുടർന്നാൽ മിന്നലാക്രമണം നടത്താൻ ഇന്ത്യ മടിക്കില്ലെന്ന് പാകിസ്താന് ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്. 'ഇന്ത്യ ഇത്തരം കടന്നുകയറ്റങ്ങൾ സഹിക്കില്ലെന്നാണ് മിന്നലാക്രമണങ്ങൾ തെളിയിച്ചിട്ടുള്ളത്. അതിർത്തി ലംഘനവും ആക്രമണങ്ങളും പാകിസ്താൻ തുടർന്നാൽ കൂടുതൽ മിന്നലാക്രമണങ്ങൾക്ക് ഇന്ത്യ മടിക്കില്ല' -അദ്ദേഹം പറഞ്ഞു.
ഗോവയിൽ നാഷണൽ ഫോറൻസിക് സയൻസസ് യൂനിവേഴ്സിറ്റിയുടെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു-കശ്മീരില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് പാകിസ്താൻ പിന്തുണയോടെ അടുത്തിടെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ ഈ മുന്നറിയിപ്പ്.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടേയും നേതൃത്വത്തില്‍ നടന്ന മിന്നലാക്രമണം സുപ്രധാന ചുവടുവെപ്പായിരുന്നു. ഇന്ത്യയുടെ അതിര്‍ത്തികളിൽ സംഘർഷം സൃഷ്ടിക്കരുതെന്ന സന്ദേശമാണ് ഞങ്ങള്‍ ഇതിലൂടെ നല്‍കിയത്. ചര്‍ച്ചകള്‍ക്കൊക്കെ ഒരു സമയമുണ്ട്. അതുകഴിഞ്ഞാൽ പ്രതികരിക്കേണ്ട കാലമാകും'- അമിത് ഷാ പറഞ്ഞു.
ഉറി ഭീകരാക്രമണത്തിന് മറുപടിയായി 2016 സെപ്റ്റംബർ 29നാണ് ഇന്ത്യ പാകിസ്താനില്‍ മിന്നാലാക്രമണം നടത്തിയത്. ഉറി, പത്താൻകോട്ട്, ഗുർദാസ്പുർ എന്നിവിടങ്ങളിലെ ഭീകരാക്രമണങ്ങളോടുള്ള പ്രതികരണമായിരുന്നു ഇത്. ഉറി ആക്രമണത്തിന് 11 ദിവസം കഴിഞ്ഞ് നടന്ന മിന്നലാക്രമണത്തിൽ പാകിസ്താനിലെ നിരവധി തീവ്രവാദി ക്യാമ്പുകൾ തകർക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.