മൂന്ന് വർഷത്തിനിടെ മഹാരാഷ്ട്രയിൽ 15,000-ത്തിലധികം ശൈശവ വിവാഹങ്ങൾ നടന്നതായി റിപ്പോർട്ട്
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ആദിവാസി സമൂഹങ്ങൾ കൂടുതലുള്ള 16 ജില്ലകളിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 15,253 ശൈശവ വിവാഹ കേസുകളും, പോഷകാഹാരക്കുറവ് മൂലമുള്ള 6,582 മരണങ്ങളും ഉണ്ടായതായി റിപ്പോർട്ട്. അഭിഭാഷകനായ അശുതോഷ് കുംഭകോണി ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വിവരം.
മഹാരാഷ്ട്രയിലെ മെൽഘട്ടിലെ ആദിവാസി ജില്ലകളിൽ പോഷകാഹാര കുറവ് മൂലമുള്ള മരണങ്ങൾ വർധിക്കുന്നതായി ബോംബെ ഹൈകോടതിയിൽ ഒരു കൂട്ടം ആളുകൾ ചേർന്ന് പൊതുതാൽപര്യ ഹരജി സമർപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഹൈകോടതിയിൻ നടന്ന വാദത്തിനിടെ പോഷകാഹാര കുറവ് മൂലമുള്ള മരണങ്ങൾ വർധിക്കുന്നതിനുള്ള കാരണം ശൈശവ വിവാഹമാണെന്ന് ആരോപണമുയർന്നിരുന്നു.
തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ കലക്ടറും മഹാരാഷ്ട്രയിലെ പതിനാറ് ആദിവാസി ജില്ലകൾ സന്ദർശിച്ച് ശൈശവവിവാഹം വർധിക്കുന്നതിന്റെ കാരണങ്ങൾ കണ്ടെത്തണമെന്ന് കോടതി നിർദേശിച്ചു. ഹൈകോടതിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര സർക്കാർ നിയോഗിച്ച സംഘമാണ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 2019 നും 2022നുമിടയിൽ 16 ജില്ലകളിലായി പോഷകാഹാരക്കുറവ് മൂലം 6,582 ശിശു മരണങ്ങളാണ് സംഭവിച്ചത്. ഇതിൽ 601 കേസുകളിലും അമ്മമാർ ശൈശവ വിവാഹത്തിന് ഇരയായവരാണെന്ന് കണ്ടെത്തി. മൂന്ന് വർഷത്തിനിടെ പോഷകാഹാരക്കുറവ് മൂലം മരിച്ച ആകെ കുട്ടികളിൽ 5,031 പേർ പട്ടികവർഗ വിഭാഗത്തിൽ പെട്ടവരാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 26,059 പേരിൽ ഗുരുതരമായ പോഷകാഹാരക്കുറവ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇതിൽ 20,293 കേസുകൾ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഗുരുതര പോഷകാഹാരക്കുറവ് റിപ്പോർട്ട് ചെയ്തിട്ടുള്ള 3,000 കേസുകളിൽ കുട്ടികളുടെ അമ്മമാർ പ്രായപൂർത്തി ആകാത്തവരാണ്.
സ്ഥിതി വിവര കണക്കുകൾ അത്ഭുതപ്പെടുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ആദിവാസി സമൂഹങ്ങളിൽ വർധിച്ച് വരുന്ന ശൈശവ വിവാഹത്തെ കുറിച്ചും അസുഖങ്ങളെ കുറിച്ചും അവർക്കിടയിൽ ബോധവൽക്കരണം നടത്താൻ മഹാരാഷ്ട്ര സർക്കാർ മുൻകൈ എടുക്കണമെന്ന് കോടതി നിർദേശിച്ചു. വിശദമായ വാദം കേൾക്കുന്നതിനായി കോടതി കേസ് ജൂൺ 20 ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.