സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഒന്നാം സ്ഥാനത്ത് യു.പി; കേന്ദ്രസർക്കാറിന്‍റെ കണക്ക് പുറത്ത്
text_fieldsന്യൂഡൽഹി: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 371,503 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് കേന്ദ്രസർക്കാർ. പാർലമെന്‍റിലാണ് കേന്ദ്രസർക്കാർ കണക്കുകൾ അവതരിപ്പിച്ചത്. വനിത-ശിശുവികസന മന്ത്രാലയമാണ് സി.പി.എം എം.പി ജാർന ദാസ് ബാദിയയുടെ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നൽകിയത്.
398,620 പേർ സ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലായി. 488,143 പേർ പ്രതികളായി. 31,402 പേർ വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ടു. നഗരങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറഞ്ഞുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
49,385 കേസുകൾ റിപ്പോർട്ട് ചെയ്ത ഉത്തർപ്രദേശിലാണ് സ്ത്രീകൾക്കെതിരായ അതിക്രമം ഏറ്റവും കൂടുതലുള്ളത്. പശ്ചിമബംഗാൾ(36,439), രാജസ്ഥാൻ(34,535), മഹാരാഷ്ട്ര(31,954), മധ്യപ്രദേശ്(25,640) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക്.
രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ 30 ശതമാനവും ഭർത്താവോ അവരുടെ ബന്ധുക്കളോ നടത്തിയ ക്രൂരതകളാണ്. സ്ത്രീകളുടെ ആത്മാഭിമാനത്തിന് കളങ്കമേൽപ്പിക്കൽ, തട്ടികൊണ്ട് പോകൽ, ബലാത്സംഗം എന്നീ കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷക്ക് വലിയ പ്രാധാന്യമാണ് കേന്ദ്രസർക്കാർ നൽകുന്നതെന്ന് റിപ്പോർട്ട് പാർലമെന്‍റിൽ സമർപ്പിച്ചതിന് പിന്നാലെ വനിത-ശിശു വികസന മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.