വയോധികയെ ഇന്ത്യയിലേക്ക് തിരിച്ചയക്കരുതെന്ന് ഇംഗ്ലീഷ് നഗരം
text_fieldsലണ്ടൻ: 75കാരിയായ സിഖ് വിധവയെ അനധികൃത താമസക്കാരിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിനെതിരെ ഇംഗ്ലണ്ടിൽ പ്രതിഷേധം. ഇന്ത്യയിൽ ബന്ധുക്കളാരുമില്ലാത്ത ഇവരെ നാടുകടത്തരുതെന്ന് ആവശ്യപ്പെട്ട് 62,000 പേർ ഒപ്പിട്ട ഓൺലൈൻ ഹരജി അധികൃതർക്കു മുന്നിലെത്തിയിരിക്കുകയാണ്. 10 വർഷം മുമ്പ് വെസ്റ്റ് മിഡ്ലൻഡ്സിലെ സ്മെത്ത്വിക്കിലെത്തിയ ഗുർമിത് കൗർ സഹോത്തയെ ആണ്, രേഖകളില്ലാത്ത കുടിയേറ്റക്കാരി എന്നു ചൂണ്ടിക്കാട്ടി തിരിച്ചയക്കാൻ ഉത്തരവായിരിക്കുന്നത്. എന്നാൽ, ഇവരെ തിരിച്ചയക്കരുതെന്ന ആവശ്യവുമായി സ്മെത്ത്വിക്കിലെ ജനങ്ങൾ രംഗത്തുവന്നിരിക്കുകയാണ്. ''ഗുർമിത് കൗറിന് യു.കെയിലും ഇന്ത്യയിലും ബന്ധുക്കളില്ല. അതുകൊണ്ട് ഇവിടെയുള്ള ഒരു സിഖ് ഗുരുദ്വാര അവരെ ഏറ്റെടുത്തിരിക്കുകയാണ്. ഇവിടെത്തന്നെ കഴിയാനായി അധികൃതർക്ക് മുന്നിൽ അപേക്ഷ നൽകിയെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ല. ഗുരുദ്വാരയിൽ സാമൂഹിക സേവനവുമായി കഴിയുന്ന അവർ ഏറെ ദയാലുവും എല്ലാവർക്കും സേവനം ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തുന്ന ആളുമാണ്'' -യു.കെ ആഭ്യന്തര മന്ത്രാലയത്തിനും പാർലമെൻറിനും നൽകിയ ഹരജിയിൽ പറയുന്നു.
ആരുമില്ലാത്ത തന്നെ തിരിച്ചയക്കുകയാണെങ്കിൽ താനവിടെ ഒറ്റപ്പെട്ടുപോകുമെന്നും ഏകാന്തതയിൽ തെൻറ ആരോഗ്യം നശിച്ചുപോകുമെന്നും പറയുന്ന കൗർ, തെൻറ നാടിപ്പോൾ സ്മെത്ത്വിക്ക് ആണെന്നും കൂട്ടിച്ചേർത്തു.
ഇതിനിടെ, കൗറുമായി ബന്ധപ്പെട്ടുവെന്നും യു.കെയിൽതന്നെ തുടരാൻ വീണ്ടും അപേക്ഷിക്കേണ്ട രീതിയെപ്പറ്റി വിവരിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.