ബിഹാറിലെ സ്കൂളുകളിൽ പ്രഭാത പ്രാർഥന നിർബന്ധമാക്കി ഉത്തരവ്
text_fieldsപട്ന: ബിഹാറിലെ സർക്കാർ, ഏയ്ഡഡ് സ്കൂളുകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രഭാത പ്രാർഥന നിർബന്ധമാക്കിക്കൊണ്ട് സർക്കാർ ഉത്തരവ്. സർക്കാർ തയ്യാറാക്കിയ പ്രാർഥന ഗാനമാണ് ചൊല്ലേണ്ടത്. വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആർ.കെ. മഹാജൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ ജില്ലാ വിദ്യാഭ്യാസ ഒാഫീസർമാർക്കും ജില്ലാ പ്രോഗ്രാം ഒാഫീസർമാർക്കും ഇതു സംബന്ധിച്ച ഉത്തരവ് നൽകി.
വ്യാഴാഴ്ചയാണ് ഉത്തരവിറക്കിയത്. 76000ത്തിലധികം സർക്കാർ-ഏയ്ഡഡ് സ്കൂളുകളിൽ പെെട്ടന്നു തന്നെ ഉത്തരവ് നടപ്പിലാക്കണമെന്ന് നിർദേശം നൽകി. വിദ്യാർഥികളിലും ജീവനക്കാരിലും അച്ചടക്കവും കൃത്യനിഷ്ഠതയും വളർത്തിയെടുക്കുന്നതിനാണ് പ്രാർഥന നടപ്പാക്കുന്നതെന്നാണ് വിശദീകരണം.
പ്രാർഥന ഉച്ചഭാഷിണിയിലൂടെ പാടണമെന്നും ഉത്തരവിലുണ്ട്. ഉച്ചഭാഷിണി ഇല്ലാത്ത സ്കൂളുകൾ അത് ഉടൻ വാങ്ങുകയും നേരത്തെയുള്ളവയിൽ തകരാറുകൾ വല്ലതുമുണ്ടെങ്കിൽ പരിഹരിക്കുകയും വേണം. ഇതിനു ചെലവു വരുന്ന തുക സ്കൂൾ വികസന ഫണ്ടിൽ നിന്നോ, വിദ്യാർഥി ഫണ്ടിൽ നിന്നോ എടുക്കാമെന്നും ഉത്തരവിൽ പറയുന്നു.
രാവിലത്തെ അസംബ്ലിയിൽ പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ സംബന്ധിക്കണം. ധാർമിക മൂല്ല്യങ്ങൾ, പ്രചോദനം നൽകുന്ന കഥകൾ, രസകരമായ സംഭവകഥകൾ, പത്രവായന എന്നിവ പ്രാർഥന സഭയിൽ ഉൾക്കൊള്ളിക്കണം. അവസാന പിരീഡ് കായിക പ്രവർത്തനങ്ങൾക്കോ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കോ വേണ്ടി മാറ്റിവെക്കണം എന്നീ നിർദേശങ്ങളും ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.