നാലു പതിറ്റാണ്ടായി ഈ പള്ളിയിൽ സാഹോദര്യത്തിന്റെ ഇഫ്താർ, എത്തുന്നത് ഈ ക്ഷേത്രത്തിൽ നിന്ന്...
text_fieldsചെന്നൈ: ഭിന്നതയാൽ സമൂഹങ്ങൾ പരസ്പരം വിഭജിക്കപ്പെടുന്ന കാലത്ത് ഈ വാർത്ത അങ്ങേയറ്റം ആശ്വാസപ്രദവും മാതൃകാപരവുമാണ്. ചെന്നൈയിലെ മൈലാപ്പൂരിൽ സൂഫിദാർ ക്ഷേത്രത്തിൽ നിന്നുള്ള ഭക്ഷണമാണ് ഈ പള്ളിയിലെ ഇഫ്താർ വിഭവങ്ങൾ.
റമദാനിലെ എല്ലാ വൈകുന്നേരങ്ങളിലും നോമ്പു തുറ വിഭവങ്ങളുമായി സൂഫിദാർ ക്ഷേത്രത്തിൽ നിന്നുള്ള വളന്റിയർമാർ ട്രിപ്ലിക്കേനിലെ വല്ലാജ മസ്ജിദിൽ എത്തും. കഴിഞ്ഞ 40 വർഷത്തിലേറെയായി ഈ പതിവു തുടരുന്നു. 1947ലെ ഇന്ത്യാ വിഭജനത്തിനുശേഷം ചെന്നൈയിലേക്ക് താമസം മാറിയ സിന്ധിൽ നിന്നുള്ള ദാദ രത്തൻചന്ദാണ് ഈ മഹത്കർമത്തിനു തുടക്കംകുറിച്ചത്.
പിന്നീട് ആർക്കോട്ട് രാജ കുടുംബം ദാദ രത്തൻചന്ദിന്റെ സൂഫിദാർ ട്രസ്റ്റുമായി ചേർന്നാണ് ഈ മഹത് കർമം മുന്നോട്ടു കൊണ്ടു പോയത്. പള്ളിയിൽ എത്തുന്ന 1,200ലേറെ നോമ്പുകാരായ മുസ്‍ലിം സഹോദരങ്ങൾക്ക് വെജിറ്റബിൾ ബിരിയാണി, ചന്ന റൈസ്, മധുരപലഹാരങ്ങൾ എന്നിവ കൃത്യമായി എത്തുന്നു. ക്ഷേത്രത്തിൽവെച്ച് ഭക്ഷണം തയാറാക്കി വൈകുന്നേരം 5:30ഓടെ പള്ളിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്. സൂഫിദാർ ക്ഷേത്രത്തിൽ സൂഫി സന്യാസിമാർ, ഹിന്ദു ദൈവങ്ങൾ, യേശുക്രിസ്തു, സിഖ് ഗുരുക്കൾ എന്നിങ്ങനെയുള്ള നിരവധി മതചിഹ്നങ്ങളും കാണാം.
എല്ലാ വൈകുന്നേരങ്ങളിലും പള്ളിക്ക് പുറത്ത് ഒത്തുകൂടുന്ന ഇതര മതവിഭാഗത്തിൽപെട്ടവരും ഭക്ഷണം പങ്കിടുന്നുണ്ടെന്നും ഈ കൂട്ടായ്മയിലെ പ്രമുഖ വളന്റിയർ ആയ രാം ദേവ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ മതേതര സ്വഭാവത്തിനും വിഭാഗീയതകൾക്കുമപ്പുറം പരസ്പര സേവനത്തിനായി വിവിധ വിഭാഗം ജനങ്ങൾക്ക് എങ്ങനെ ഒന്നിക്കാമെന്നതിനും സൂഫിദാർ ക്ഷേത്രം സാക്ഷ്യം വഹിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.