സംഭൽ ശാഹി മസ്ജിദ്: സർവേ റിപ്പോർട്ട് ജനുവരി ആദ്യം സമർപ്പിക്കും
text_fieldsസംഭൽ (യു.പി): ശാഹി മസ്ജിദിൽ നടത്തിയ സർവേയുടെ റിപ്പോർട്ട് ജനുവരി ആദ്യം കോടതിയിൽ സമർപ്പിക്കുമെന്ന് കോടതി നിയോഗിച്ച കമീഷണർ അഡ്വ. രമേശ് സിങ് രാഘവ്. റിപ്പോർട്ട് അന്തിമ ഘട്ടത്തിലാണെന്നും ജനുവരി രണ്ടിനോ മൂന്നിനോ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി ആറുവരെ വിചാരണക്കോടതി ഒരു നടപടിയും സ്വീകരിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. നവംബർ 19 നാണ് സംഭൽ ശാഹി മസ്ജിദിൽ അഡ്വക്കറ്റ് കമീഷണറുടെ മേൽനോട്ടത്തിൽ സർവേ നടത്താൻ കോടതി ഉത്തരവിട്ടത്.
മുഗൾ ചക്രവർത്തി ബാബർ ഹിന്ദുക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്ന് അവകാശപ്പെട്ട് ഹിന്ദു വിഭാഗം നൽകിയ ഹരജിയെ തുടർന്നായിരുന്നു നടപടി. നവംബർ 24ന് രണ്ടാം ഘട്ട സർവേക്കിടെ അഞ്ചുപേർ വെടിയേറ്റ് മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് നടപടികൾ നിർത്തിവെക്കാൻ നവംബർ 29നാണ് വിചാരണക്കോടതിക്ക് സുപ്രീംകോടതി നിർദേശം നൽകിയത്.
സംഭൽ സംഘർഷം; ഏഴുപേർ കൂടി അറസ്റ്റിൽ
സംഭൽ: ശാഹി മസ്ജിദിലെ സർവേക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഏഴുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഷുഐബ്, സുജാവുദ്ദീൻ, റാഹത്ത്, മുഹമ്മദ് അസം, അസ്ഹറുദ്ദീൻ, ജാവേദ്, മുസ്തഫ എന്നിവരാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവർ 47 ആയി. 91 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് ശ്രീഷ് ചന്ദ്ര പറഞ്ഞു. സംഭവത്തിൽ 11 എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത്. ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്ന് അവകാശപ്പെട്ട് നൽകിയ ഹരജിയെ തുടർന്നാണ് കോടതി സർവേക്ക് ഉത്തരവിട്ടത്. നവംബർ 24ന് സർവേക്കിടെയുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.