കർണാടകയിലെ പള്ളികളിൽ പ്രഭാതത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കേണ്ടെന്ന് തീരുമാനം
text_fieldsബംഗളൂരു: ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച് കർണാടക സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ, പള്ളികളിൽ പ്രഭാതത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കേണ്ടതില്ലെന്ന് മുസ്‍ലിം പണ്ഡിതരുടെ തീരുമാനം. ഇതുപ്രകാരം ഉച്ചഭാഷിണിയില്ലാതെ സുബ്ഹി ബാങ്ക് പള്ളികളിൽ തുടരും.
മറ്റു സമയങ്ങളിൽ അനുവദനീയമായ ശബ്ദത്തിൽ മാത്രം ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കും. രാത്രി 10 മുതൽ രാവിലെ ആറുവരെ ഉച്ചഭാഷിണി ഉപയോഗം വിലക്കി സുപ്രീംകോടതി നൽകിയ ഉത്തരവ് കർണാടകയിൽ കർശനമായി നടപ്പാക്കാൻ ബി.ജെ.പി സർക്കാർ തീരുമാനിച്ചിരുന്നു.
പള്ളികളിൽ പ്രഭാത നമസ്കാരത്തിനായുള്ള വിളികൾക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ ഹനുമാൻ കീർത്തനവുമായി ശ്രീരാമസേന രാംഗത്തെത്തിയതിന് പിന്നാലെയാണ് സർക്കാർ ഇതു സംബന്ധിച്ച മാർഗനിർദേശം പുറത്തിറക്കിയത്. സർക്കാറിന്റെ മാർഗനിർദേശങ്ങൾ എല്ലാ പള്ളികളും പിന്തുടരണമെന്നും യോഗം അഭ്യർഥിച്ചു.
കർണാടക ശരീഅത്ത് അമീർ മൗലാന സഗീർ അഹമ്മദ് റഷാദിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പണ്ഡിതർ, നിയമവിദഗ്ധർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പള്ളികളിൽ മാത്രമായല്ല; എല്ലാ സ്ഥാപനങ്ങളിലെയും ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കുന്നതാണ് സർക്കാർ നിർദേശമെന്നും അതു പാലിക്കുമെന്നും മൗലാന സഗീർ അഹമ്മദ് റഷാദി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.