വെല്ലുവിളികൾ ഏറെ, എങ്കിലും അംഗീകാരം ഇല്ല- വീട്ടമ്മമാരുടെ ജോലിയെക്കുറിച്ച് കോടതി
text_fieldsമുംബൈ: കുടുംബത്തിൽ വീട്ടമ്മയുടെ സ്ഥാനം ഏറ്റവും വിലപ്പെട്ടതാണെന്ന് ബോംബെ ഹൈകോടതി. ഒരു കുടുംബത്തെ ഒന്നിച്ച് നിർത്തുക, ഭർത്താവിനെ പിന്തുണക്കുക, കുട്ടികൾക്ക് മാർഗദർശിയാകുക , വൃദ്ധരെ പരിപാലിക്കുക എന്നിങ്ങനെ ഉത്തരവാദിത്തം നിറഞ്ഞ ഒട്ടനവധി ജോലികൾ ചെയ്യുന്നുണ്ടെങ്കിലും ഇതിനൊന്നും ഇവർക്ക് വേണ്ടത്ര അംഗീകാരം ലഭിക്കാറില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
വീട്ടമ്മയുടെ അപകടമരണത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ഒരു ദിവസം പോലും ലീവെടുക്കാതെ 24 മണിക്കൂറും ജോലിയെടുക്കുന്നവരാണ് വീട്ടമ്മമാർ. അവർക്ക് മാസശമ്പളം കിട്ടുന്നില്ല എന്നതിനാൽ തന്നെ അവരുടെ ജോലി, ജോലിയായി ആരും പരിഗണിക്കാറില്ലെന്നും കോടതി പറഞ്ഞു.
മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ രാംഭുവയും രണ്ട് ആൺമക്കളും സമർപ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. 2005 മാർച്ചിൽ രാംഭുവയുടെ ഭാര്യ ബേബിഭായ് റോഡപകടത്തിൽ കൊല്ലപ്പെട്ടു. നഷ്ടപരിഹാരം നൽകണമെന്ന രാംഭുവയുടെ ആവശ്യം അംഗീകരിക്കാൻ അമരാവതി മോട്ടോർ വാഹന ട്രൈബ്യൂണൽ തയാറായില്ല. ബേബിഭായ് സമ്പാദിക്കുന്ന വ്യക്തിയല്ല എന്നാണ് കോടതി ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. തുടർന്ന് രാംഭുവ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ട്രിബ്യൂണലിന്‍റെ വിധി തിരുത്തിക്കൊണ്ട് ബോബെ ഹൈകോടതി രാംഭുവക്ക് നഷ്ടപരിഹാരം നൽകണമെന്ന് നിർദേശിച്ചു. വീട്ടമ്മ കുടുംബത്തിന് നൽകുന്ന സഹായത്തെ പണത്തിന്‍റെ അടിസ്ഥാനത്തിൽ കണക്കാക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
വീട്ടമ്മ എന്ന നിലക്ക് ബേബിഭായുടെ വരുമാനം 3,000 രൂപയും തൊഴിലാളി എന്ന നിലക്ക് 3,000 രൂപയായും ലഭിക്കേണ്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതുപ്രകാരം 8.2 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഭർത്താവും മക്കളും അർഹരാണെന്നും കോടതി വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.