കർഷക പ്രക്ഷോഭത്തിൽ മാവോയിസ്റ്റുകളും നക്സലുകളും നുഴഞ്ഞുകയറി -കേന്ദ്ര മന്ത്രി
text_fieldsഡൽഹി: കർഷക പ്രക്ഷോഭം മാവോയിസ്റ്റുകൾ ഹൈജാക്ക് ചെയ്തതായി കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ. മിക്ക കർഷകരും കാർഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർഷക പ്രക്ഷോഭത്തെ മാവോയിസ്റ്റുകളിൽ നിന്നും നക്സലുകളിൽ നിന്നും മോചിപ്പിച്ചാൽ നിയമം രാജ്യത്തിെൻറ താൽപ്പര്യത്തിന് വേണ്ടിയാണെന്ന് പ്രതിഷേധിക്കുന്ന യൂനിയനുകൾ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറും കർഷകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കർഷകരുമായി ചർച്ച നടത്താൻ 24 മണിക്കൂറും കേന്ദ്രം തയ്യാറാണ്. പ്രതിഷേധം മാവോയിസ്റ്റുകളിൽ നിന്നും നക്സലുകളിൽ നിന്നും മോചിപ്പിക്കപ്പെടുകയാണെങ്കിൽ നിയമങ്ങൾ അവരുടെയും രാജ്യത്തിന്റെയും താൽപ്പര്യത്തിനനുസരിച്ചാണെന്ന് നമ്മുടെ കർഷകർ തീർച്ചയായും മനസ്സിലാക്കും. അതിനുശേഷം അവർക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഞങ്ങൾ ചർച്ചകൾക്ക് തയ്യാറാണ്'-ഗോയൽ പറഞ്ഞു. നിലവിലെ പ്രക്ഷോഭത്തിൽ മന്ത്രി പറയുന്നതുപോലുള്ള ഘടകങ്ങളുണ്ടെന്ന് അറിയില്ലെന്ന് കർഷക യൂണിയനുകൾ പറഞ്ഞു. അങ്ങിനെയുണ്ടെങ്കിൽ സെൻട്രൽ ഇൻറലിജൻസ് അവരെ പിടിക്കണം. നിരോധിത സംഘടനയിലെ ആളുകൾ ഞങ്ങളുടെ ഇടയിൽ കറങ്ങുകയാണെങ്കിൽ അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും ഭാരതീയ കിസാൻ യൂനിയൻ ദേശീയ വക്താവ് രാകേഷ് ടിക്കൈറ്റ് പറഞ്ഞു.
കർഷക സമരം കൂടുതൽ ശക്തമാക്കാനാണ് നിലവിൽ യൂനിയനുകളുടെ തീരുമാനം. ഇതിെൻറ ഭാഗമായി ഡിസംബർ 14ന് സിംഘു അതിർത്തിയിൽ കർഷക സമരനേതാക്കൾ നിരാഹാരമിരിക്കും. സർക്കാറുമായി ചർച്ചക്ക് തയാറാണ്. അതിന് മുമ്പ് മൂന്ന് കാർഷിക നിയമങ്ങളും കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. നിയമങ്ങളിലെ ഭേദഗതി അംഗീകരിക്കാനാവില്ലെന്ന് സംയുക്ത കിസാൻ അന്ദോളൻ സമിതി നേതാവ് കമൽ പ്രീത് സിങ് പന്നു പറഞ്ഞു.
പ്രതിഷേധത്തെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. ഇത് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ട്രാക്ടർ ജാഥ നടത്തുമെന്നും കർഷകർ അറിയിച്ചിട്ടുണ്ട്. രാവിലെ ജയ്പൂർ-ഡൽഹി അതിർത്തിയിൽ ട്രാക്ടറുകളെത്തും. വരും ദിവസങ്ങളിൽ രാജ്യത്തിൻെറ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള കർഷകരും സമരത്തിെൻറ ഭാഗമാവും. 18 ദിവസമായി ഡൽഹിയിലെ അതിർത്തികളിൽ കർഷകർ സമരത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.