മണിപ്പൂരിൽ പൊലീസുകാരന്റെ സസ്പെൻഷൻ: സർക്കാർ ജീവനക്കാർ ജോലി ബഹിഷ്‍കരിച്ചു
text_fieldsഇംഫാൽ: സായുധരായ ജനക്കൂട്ടത്തിനൊപ്പം നിൽക്കുന്ന വിഡിയോ പ്രചരിച്ചതിനെത്തുടർന്ന് പൊലീസുകാരനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് മണിപ്പൂരിലെ ചുചാന്ദ്പൂർ, ഫെർസോൾ ജില്ലകളിലെ സർക്കാർ ജീവനക്കാർ ജോലിയിൽനിന്ന് വിട്ടുനിന്നു. ഇൻഡിജനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐ.ടി.എൽ.എഫ്) എന്ന സംഘടനയുടെ ആഹ്വാനമനുസരിച്ചാണ് ജീവനക്കാർ സമരത്തിൽ പങ്കാളികളായത്.
അനധികൃത അവധിയെടുത്താൽ ശമ്പളമില്ലെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ജീവനക്കാർ ചെവിക്കൊണ്ടില്ല. മിക്ക സർക്കാർ ഓഫിസുകളും ഒഴിഞ്ഞുകിടന്നു. അതേസമയം, സ്വകാര്യ സ്ഥാപനങ്ങളും സ്കൂളുകളും മാർക്കറ്റുകളും തുറന്നുപ്രവർത്തിച്ചു.
സസ്പെൻഡ് ചെയ്ത ഹെഡ് കോൺസ്റ്റബിളിനെ തിരിച്ചെടുക്കണമെന്നും ജില്ല പൊലീസ് സൂപ്രണ്ട് ശിവാനന്ദ് സർവേയെയും ഡെപ്യൂട്ടി കമീഷണർ ധരുൺ കുമാറിനെയും സ്ഥലംമാറ്റണമെന്നും ഐ.ടി.എൽ.എഫ് ആവശ്യപ്പെട്ടു. പൊലീസുകാരനെ സസ്പെൻഡ് ചെയ്തതിനുപിന്നാലെ വ്യാപകമായ സംഘർഷവും പൊട്ടിപ്പുറപ്പെട്ടിരുന്നു.
അതിനിടെ, ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഇന്ത്യ റിസർവ് ബറ്റാലിയൻ (ഐ.ആർ.ബി) ക്യാമ്പിൽനിന്ന് ആയുധങ്ങൾ കവർച്ച ചെയ്ത സംഭവത്തെക്കുറിച്ച് മണിപ്പൂർ സർക്കാർ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു.
ജില്ല മജിസ്ട്രേറ്റ് ഖുമാന്തേം ദിയാനക്കാണ് അന്വേഷണ ചുമതല. 30 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കണമെന്നാണ് നിർദേശം. ഫെബ്രുവരി 13നാണ് ക്യാമ്പിൽനിന്ന് ജനക്കൂട്ടം ആയുധങ്ങൾ എടുത്തുകൊണ്ടുപോയത്. സംഭവത്തിനുപിന്നാലെ ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഏഴ് ഐ.ആർ.ബി ജവാന്മാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.