ചരിത്രകാരന്മാർ മുഗളർക്ക് അമിത പ്രാധാന്യം നൽകി; ചോള, പാണ്ഡ്യ, മൗര്യന്മാരെ അവഗണിച്ചു -അമിത്ഷാ
text_fieldsന്യൂഡൽഹി: മിക്ക ചരിത്രകാരന്മാരും മുഗളന്മാരുടെ ചരിത്രം രേഖപ്പെടുത്തുന്നതിന് അമിത പ്രാധാന്യം നൽകിയെന്നും പാണ്ഡ്യ, ചോള, മൗര്യൻ സാമ്രാജ്യങ്ങളെ അവഗണിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഇന്ന് നാം സ്വതന്ത്രരായതിനാൽ ചരിത്രമെഴുതുന്നതിൽ നിന്ന് നമ്മെ തടയാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'മഹാറാണ: സഹസ്ത്ര വർഷ കാ ധർമ യുദ്ധ' എന്ന പുസ്തകം ന്യൂഡൽഹിയിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി ഇന്ത്യൻ രാജാക്കന്മാർ അധിനിവേശ ശക്തികൾക്കെതിരെ പൊരുതുകയും നാടിനെ കാക്കുകയും ചെയ്തിട്ടുണ്ട്. നിർഭാഗ്യവശാൽ അത്തരം വസ്തുതകളൊന്നും ചരിത്രത്തിൽ വിശദമായി കാണാനാകില്ല. പാണ്ഡ്യ സാമ്രാജ്യം 800 വർഷം ഭരിച്ചു. അഹോം സാമ്രാജ്യം 650 ലേറെ വർഷം അസം ഭരിച്ചു. അവർ ബക്ത്യാർ ഖിൽജിയെയും ഔറംഗസേബിനെയും വരെ പരാജയപ്പെടുത്തി അസമിന്റെ പരമാധികാരം കാത്തു.
പല്ലവ സാമ്രാജ്യം 600 വർഷമാണ് നിലനിന്നത്. ചോളന്മാരും 600 വർഷം. അഫ്ഗാനിസ്ഥാൻ മുതൽ ലങ്ക വരെയുള്ള മൊത്തം രാജ്യത്തെ 550 വർഷം അടക്കി ഭരിച്ചവരാണ് മൗര്യന്മാർ. ശതവാഹനന്മാരാകട്ടെ 500 ലേറെ വർഷം നിലനിന്നു. പക്ഷേ, അവരെയൊന്നും കുറിച്ച് ചരിത്രപുസ്തകങ്ങളിൽ ഇല്ല. തെറ്റാണെന്ന് നാം കരുതുന്ന ചരിത്രം ക്രമേണ മറയും. സത്യം തെളിഞ്ഞുവരികയും ചെയ്യും- അമിത് ഷാ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.