ജനങ്ങൾക്ക് ഏറ്റവും കൂടുതൽ പരാതി ഉത്തർപ്രദേശ് സർക്കാറിനെക്കുറിച്ച്
text_fieldsന്യൂഡൽഹി: കഴിഞ്ഞ വർഷം ജനങ്ങൾ ഏറ്റവും കൂടുതൽ പരാതി ഉന്നയിച്ചത് ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി സർക്കാറുകളെക്കുറിച്ച്. സംസ്ഥാനങ്ങൾക്കായുള്ള കേന്ദ്രസഹമന്ത്രി ജിതേന്ദർ സിങ് ബുധനാഴ്ച ലോകസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രേദശ് സർക്കാറിനെക്കുറിച്ച് കഴിഞ്ഞ വർഷം മൂന്ന് ലക്ഷം പരാതികളാണ് കേന്ദ്രത്തിന് ലഭിച്ചത്. പരാതികളുടെ കാര്യത്തിൽ മഹാരാഷ്ട്രക്ക് രണ്ടാംസ്ഥാനവും ഡൽഹിക്ക് മൂന്നാംസ്ഥാനവുമുണ്ട്. 1.81 ലക്ഷം പരാതികളാണ് മഹാരാഷ്ട്ര സർക്കാറിനെക്കുറിച്ച് ലഭിച്ചത്. ഡൽഹി സർക്കാറിനെക്കുറിച്ച് 1,65,310 പരാതികൾ ലഭിച്ചു. കഴിഞ്ഞ വർഷം ജനുവരി മുതൽ നവംബർ വരെ ലഭിച്ച പരാതികളുടെ കണക്കാണ് മന്ത്രി അറിയിച്ചത്.
കേന്ദ്ര പൊതുജന പരാതി പരിഹാര നിരീക്ഷണ സംവിധാനത്തിലൂടെയാണ് (CPGRAMS)കേന്ദ്രത്തിന് പരാതികൾ ലഭിച്ചത്. സർക്കാർ ഏജൻസികളെക്കുറിച്ചുള്ള പരാതികൾ തീർപ്പാക്കാനുള്ള സംവിധാനമാണ് ഇത്. കഴിഞ്ഞ വർഷം നവംബർ വരെ ആകെ 17.28 ലക്ഷം പരാതികളാണ് ഈ സംവിധാനത്തിലൂടെ സർക്കാറിന് ലഭിച്ചിട്ടുള്ളത്.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര സർക്കാറുകളെക്കുറിച്ച് ലഭിച്ച എല്ലാ പരാതികളും പരിഹരിച്ചു. ഡൽഹി 1,65,486 പരാതികൾ തീർപ്പാക്കിയെന്നും ബാക്കി വരുന്ന പരാതികൾ ഈ വർഷം തീർപ്പാക്കുമെന്നും മന്ത്രി ലോകസഭയെ അറിയിച്ചു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ് ഗഢ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് യഥാക്രമം 91,926, 81,275, 77,560, 26,738 പരാതികളാണ് ലഭിച്ചത്.
കർണാടക-88,074, പശ്ചിമ ബംഗാൾ- 85,440, ഹരിയാന-74,002, തമിഴ് നാട്-71,525, ബിഹാർ-64852, കേരളം-43,893, ഹിമാചൽ പ്രദേശ്-9215, ത്രിപുര-3135 എന്നിങ്ങനെയാണ് പരാതികൾ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.