കാരാകാട്ടിൽ സ്ഥാനാർഥികളായി അമ്മയും മകനും
text_fieldsപട്ന: ബിഹാറിലെ കാരാകാട്ട് മണ്ഡലത്തിൽ സ്ഥാനാർഥികളായി അമ്മയും മകനും. പ്രമുഖ ഭോജ്പൂരി നടനും സംഗീതജ്ഞനുമായ പവൻ സിങ് ഇവിടെ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. കഴിഞ്ഞദിവസം, അദ്ദേഹത്തിന്റെ മാതാവ് പ്രതിമാ ദേവിയും സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകി.
സ്ഥാനാർഥിത്വത്തിന് പിന്നിൽ വിചിത്രമായ കാരണമാണ് പ്രതിമാദേവി പറയുന്നത്: പവൻ സിങ് ബി.ജെ.പി അനുഭാവിയാണ്. ഇദ്ദേഹത്തെ പശ്ചിമ ബംഗാളിലെ അസൻസോളിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അവിടെ എസ്.എസ് അഹ്ലുവാലിയയെ സ്ഥാനാർഥിയാക്കുകയും കാരാക്കാട്ടിൽ ടിക്കറ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഇതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്. പവൻ മത്സരിച്ചാൽ ബി.ജെ.പി നടപടിയുണ്ടാകുമെന്ന് ഉറപ്പാണ്. അതൊഴിവാക്കാൻ പവൻ സ്ഥാനാർഥിത്വം പിൻവലിക്കുകയാണ് വേണ്ടത്. ഇതിനായി മകനെ സമ്മർദ്ദം ചെലുത്താനാണത്രെ പ്രതിമാദേവിയുടെ പോരാട്ടം. പവൻ സിങ് പത്രിക പിൻവലിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ആർ.എൽ.എം പ്രതിനിധിയും മുൻ കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശാവഹയാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർഥി. സി.പി.ഐ (എൽ.എൽ) നേതാവും മുൻ എം.എൽ.എയുമായ രാജാറാം സിങ്ങാണ് ഇൻഡ്യ മുന്നണി സ്ഥാനാർഥിയായി ജനവിധി തേടുന്നത്. നേരത്തേ, ആർ.ജെ.ഡി പവൻ സിങ്ങുമായി സ്ഥാനാർഥിത്വ ചർച്ച നടത്തിയിരുന്നു. ഇതിൽ വിജയിക്കാതെ വന്നതോടെയാണ് രാജാറാമിന് ടിക്കറ്റ് ലഭിച്ചത്. ജൂൺ ഒന്നിനാണ് ഇവിടെ തെരഞ്ഞെടുപ്പ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നാളെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.