'ജോലി വേണോ, അതോ കുട്ടിയോ?' -ഒരമ്മയോടും ഇങ്ങനെ ആവശ്യപ്പെടാൻ കഴിയില്ലെന്ന് ബോംബെ ഹൈകോടതി
text_fieldsമുംബൈ: ജോലി അല്ലെങ്കിൽ കുട്ടി ഇതിൽ ഏതെങ്കിലുമൊന്ന് വേണമെന്ന് തീരുമാനിക്കണമെന്ന് ഒരമ്മയോടും ആവശ്യപ്പെടാനാകില്ലെന്ന് ബോംബെ ഹൈകോടതി. മകളെയും കൊണ്ട് പോളണ്ടിലേക്ക് ജോലിക്കായി പോകണമെന്നാവശ്യപ്പെട്ട് യുവതി സമർപ്പിച്ച ഹരജിയിൽ വിധി പറയവെ ആണ് മുംബൈ കോടതി ഇക്കാര്യം പരാമർശിച്ചത്. ജസ്റ്റിസ് ഭാരതി ഡാംഗ്രെയുടെ ഏകാംഗ ബെഞ്ചാണ് യുവതിയുടെ ഹരജി പരിഗണിച്ചത്. ഒമ്പത് വയസുള്ള മകൾക്കൊപ്പം പോളണ്ടിലെ ക്രാക്കോവിലേക്ക് താമസം മാറാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി ബോംബെ ഹെകോടതിയിൽ ഹരജി നൽകിയത്.
പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിക്ക് അവരുടെ കമ്പനി പോളണ്ടിൽ ഒരു പ്രോജക്റ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കുട്ടിയെ തന്നിൽ നിന്ന് മാറ്റിയാൽ പിന്നെ കാണാൻ കഴിയില്ലെന്ന് കാണിച്ച് ഭർത്താവ് ഹർജിയെ എതിർത്തു. പിതാവും മകളും തമ്മിലുള്ള ബന്ധം തകർക്കുക എന്നത് മാത്രമാണ് പോളണ്ടിലേക്ക് താമസം മാറാൻ യുവതിയുടെ പ്രേരണയെന്നും യുവാവ് ആരോപിച്ചു.
അയൽരാജ്യങ്ങളായ യുക്രെയ്‌നും റഷ്യയും കാരണം പോളണ്ടിൽ നിലനിൽക്കുന്ന സാഹചര്യം പോലും അഭിഭാഷകർ കോടതിയിൽ പരാമർശിക്കുകയുണ്ടായി."ഒരു മകളും അവളുടെ പിതാവും തമ്മിലുള്ള സ്‌നേഹം പോലെ സവിശേഷമായ മറ്റൊന്നും ഉണ്ടാകില്ല. എന്നാൽ ഒരു കോടതിക്കും ഒരു സ്ത്രീയുടെ തൊഴിൽ സാധ്യതകൾ നിരസിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ഭാരതി ഡാംഗ്രെ ചൂണ്ടിക്കാട്ടി.
പെൺകുട്ടിയുടെ പ്രായം കണക്കിലെടുക്കുമ്പോൾ അമ്മയുടെ സാന്നിധ്യം അനിവാര്യമാണ്. അതേസമയം, മകളെ കാണാനുള്ള പിതാവിന്റെ ആഗ്രഹം പരിഗണിക്കമെന്നും കോടതി നിർദേശിച്ചു. അതിനാൽ എല്ലാ അവധിക്കാലത്തും യുവതി മകളുമായി ഇന്ത്യയിലേക്ക് മടങ്ങണം. അതുവഴി പിതാവിന് അവരുടെ മകളെ കാണാൻ കഴിയും.
അതുപോലെ വിദേശത്തേക്ക് പറിച്ചുമാറ്റിയാൽ മകൾ ആകെ തകർന്നുപോകുമെന്ന യുവാവിന്റെ വാദവും കോടതി തള്ളി. മാതാപിതാക്കൾക്കൊപ്പം മക്കൾ വിദേശരാജ്യങ്ങളിലേക്ക് പോകുന്നതും ജോലിക്കു പോകുന്ന അമ്മമാർ കുട്ടികളെ ഡെകെയർ സെന്ററുകളിലാക്കുന്നതും സാധാരണ സംഭവങ്ങളാണെന്നും ജസ്റ്റിസ് ഭാരതി ഡാംഗ്രെ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.