പൊലീസുകാരനെ ആൾകൂട്ടം തല്ലിക്കൊന്നു; മൃതദേഹം കണ്ട അമ്മ കുഴഞ്ഞ് വീണ് മരിച്ചു
text_fieldsപട്ന: ബംഗാളിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ബിഹാറുകാരനായ പൊലീസുകാരന്‍റെ മൃതദേഹം കണ്ട മാതാവ് കുഴഞ്ഞ് വീണുമരിച്ചു. കിഷൻഗഞ്ച് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയായ അശ്വിനി കുമാറാണ് (52) പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പൂർ ജില്ലയിലെ ഗോൽബോഖർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് കൊല്ലപ്പെട്ടത്. ശനിയാഴ്ചയായിരുന്നു ദാരുണ സംഭവം.
ഇരുചക്ര വാഹന മോഷണവുമായി ബന്ധപ്പെട്ട് തെരച്ചിലിനായാണ് അദ്ദേഹം പന്തപാഡ ഗ്രാമത്തിലെത്തിയത്. അവിടെ വെച്ച് ആൾകൂട്ടം ആക്രമിക്കുകയായിരുന്നു. ശേഷം ഇദ്ദേഹത്തിന്‍റെ മൃതദേഹം സ്വന്തം നാടായ ജാനകി നഗറിലേക്ക് കൊണ്ടുപോയി.
സ്വന്തം മകന്‍റെ ചേതനയറ്റ ശരീരം കണ്ട 70കാരിയായ ഊർമിള ദേവി കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. അമ്മയുടെയും മകന്‍റെയും അന്ത്യകർമ്മങ്ങൾ ഞായറാഴ്ച നാട്ടിൽ വെച്ച് നടന്നു.
ഏഴ് പൊലീസുകാർക്ക് സസ്പെൻഷൻ
കുമാറിനൊപ്പം ബംഗാളിൽ റെയ്ഡിനായി പോയ ഏഴ് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ആൾകൂട്ടം ആക്രമിക്കാൻ വന്ന വേളയിൽ സഹപ്രവർത്തകനെ സംരക്ഷിക്കാതെ രക്ഷപ്പെട്ടെന്ന് കാണിച്ചാണ് നടപടി. റെയ്ഡിനെത്തിയ സംഘത്തിന് ബംഗാൾ പൊലീസിന്‍റെ സഹായം ലഭിച്ചില്ലെന്ന് കിഷൻഗഞ്ച് എസ്.പി കുമാർ ആശിഷ് പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് ബിഹാർ പൊലീസിന് ഒറ്റക്ക് തെരച്ചിൽ നടത്തേണ്ടി വന്നത്. ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരെ ശനിയാഴ്ചയും രണ്ടുപേരെ ഞായറാഴ്ചയുമാണ് പൊലീസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.