മാ തുഛെ സലാം-നാടിനുവേണ്ടി ജീവൻ നൽകിയ മകന്റെ പ്രതിമ സ്ഥാപിച്ച് ഒരമ്മ
text_fieldsജഷ്പുർ (ഛത്തീസ്ഗഡ്): ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിലും പതിവ് തെറ്റിയില്ല. ഛത്തീസ്ഗഡിലെ ജഷ്പുർ ജില്ലയിലെ പെർവ ആറ ഗ്രാമത്തിലെ ഗ്രാമീണർ ആ പ്രതിമക്ക് മുന്നിലെത്തി അഭിവാദ്യം അർപ്പിച്ചു. മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് കോൺസ്റ്റബിൾ ബേസിൽ ടോപ്പോയുടെ പ്രതിമയായിരുന്നു അത്. നാടിനുവേണ്ടി ജീവൻ ബലികഴിച്ച മകന്റെ ഓർമ്മക്കായി അമ്മ സ്ഥാപിച്ചതാണ് ബേസിലിന്റെ പ്രതിമ.
യൂനിഫോം ധരിച്ച് മെഷീൻ ഗണും പിടിച്ചുനിൽക്കുന്ന മകന്റെ പ്രതിമയെ പൊന്നുപോലെയാണ് ആ അമ്മ കാത്തുസൂക്ഷിക്കുന്നത്. വിശേഷ അവസരങ്ങളിലൊക്കെ പ്രതിമയെ ഇവർ അലങ്കരിക്കാറുണ്ട്. ഇത്തവണ റിപ്പബ്ലിക് ദിനത്തിന് പ്രതിമക്ക് പെയിന്റടിക്കുകയും ചെയ്തു. 'ഈ രാജ്യത്തിനുവേണ്ടി ജീവൻ ബലികഴിച്ച മകനെ ഓർത്ത് എനിക്ക് അഭിമാനം മാത്രമേയുള്ളു. അവന്റെ ഓർമ്മ എന്നെന്നും ഈ ഗ്രാമത്തിൽ നിലകൊള്ളണം'- ആ അമ്മ പറയുന്നു.
ഒരു ക്ഷേത്രത്തിന്റെ പരിശുദ്ധിയോടെയാണ് അവർ ഈ സ്മാരകം പരിപാലിക്കുന്നത്. വിശേഷദിവസങ്ങളിൽ ഗ്രാമീണരും ഇവിടെ എത്തി പ്രതിമയിൽ പൂക്കൾ അർപ്പിക്കും. ക്രിസ്മസിന് കേക്കും മുറിക്കാറുണ്ട്. 2007ല്‍ 26 വയസ്സുള്ളപ്പോഴാണ് ബേസില്‍ ഛത്തീസ്ഗഢ് പൊലീസിൽ അംഗമാകുന്നത്. 2011ൽ ബസ്തറിൽ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തിലാണ് വീരമൃത്യു വരിച്ചത്.
മകന് സ്മാരകം വേണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ ഒരുപാട് അഭ്യർഥിച്ചെങ്കിലും അധികൃതർ നൽകിയ ഉറപ്പൊന്നും പാലിച്ചില്ല. തുടർന്ന് മാതാപിതാക്കൾ സ്വന്തം ഭൂമിയിൽ മകന്റെ പ്രതിമ സ്ഥാപിച്ച് സ്മാരകം പണിയുകയായിരുന്നു. പ്രധാന ദേശീയദിനങ്ങളിലും ഗ്രാമത്തിലെ ആഘോഷങ്ങളിലും ഇവിടെ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. എല്ലാ വർഷവും രക്ഷാബന്ധൻ ദിവസം ഗ്രാമത്തിലെ സ്ത്രീകളും പെൺകുട്ടികളും പ്രതിമയുടെ കയ്യിൽ രാഖി കെട്ടുന്നതും ഇവിടുത്തെ പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.