ആഭ്യന്തര വിഷയത്തിൽ അഭിപ്രായം വേണ്ട; ഹിജാബ് നിരോധത്തിൽ അമേരിക്കയോട് ഇന്ത്യ
text_fieldsകർണാടകയിൽ ഹിജാബ് നിരോധന വിഷയത്തിൽ അഭിപ്രായം പ്രകടിപ്പിച്ച അമേരിക്ക, പാകിസ്താൻ എന്നീ രാജ്യങ്ങൾക്ക് മറുപടിയുമായി ഇന്ത്യ. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിവാദം ഇന്ത്യയുടെ ആഭ്യന്തര വിഷയം ആണെന്നും ഈ വിഷയത്തിൽ ദുരുദ്ദേശ്യത്തോടെയുള്ള പ്രസ്താവനകൾ വേണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റ് ലക്ഷ്യങ്ങൾ വച്ചുള്ള പ്രതികരണങ്ങൾ സ്വാഗതാർഹമല്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് ഇതെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽനിന്നും:
കർണാടകത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരണ നയവുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ ബഹുമാനപ്പെട്ട കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. നമ്മുടെ ഭരണഘടന ചട്ടക്കൂടിന്റെയും ജനാധിപത്യ മര്യാദകളുടെയും വ്യവസ്ഥയുടെയും ഉള്ളിൽ നിന്ന് കൊണ്ടാണ് വിഷയങ്ങൾ പരിഗണിക്കുന്നതും പരിഹാരം കാണുന്നതും. ഇന്ത്യയെ അറിയുന്നവർക്ക് ഈ സാഹചര്യങ്ങൾ മനസിലാവും. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റ് ലക്ഷ്യങ്ങൾ വച്ചുള്ള പ്രതികരണങ്ങൾ സ്വാഗതാർഹമല്ല.
ഇന്ത്യയില്‍ മതസ്വാതന്ത്യം ഇല്ലാതാകുന്നുവെന്നും മുസ്ലീം സ്ത്രീകളും പെണ്‍കുട്ടികളും പാര്‍ശ്വവത്ക്കരിക്കപ്പെടുകയാണെന്നും മതസ്വാതന്ത്യത്തിനായുള്ള യു.എസ് അംബാസിഡര്‍ റാഷദ് ഹുസൈന്‍ പ്രതികരിച്ചിരുന്നു. മുസ്ലീം പെണ്‍കുട്ടികളെ തീവ്രവാദികളായി മുദ്രകുത്തുകയാണെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കം ലോകം തിരിച്ചറിയണമെന്നുമായിരുന്നു പാക് വിദേശ കാര്യമന്ത്രി ഷാ മുഹമ്മദ് ഖുറൈഷിയുടെ പ്രതികരണം. പൗരത്വ നിയമഭേദഗതി, കശ്മീര്‍ പുനസംഘടനയടക്കമുള്ള വിഷയങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതിന് പിന്നാലെ ഹിജാബ് നിരോധന വിവാദവും ലോകതലത്തിൽ ചർച്ചയായി കഴിഞ്ഞു. ഇതിന് തടയിടുകയാണ് പ്രസ്താവനയിലൂടെ ഇന്ത്യ ലക്ഷ്യം വെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.