'ഹൈദരാബാദിലേക്ക് പോരൂ'; ബംഗളൂരുവിലെ മോശം അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പരാതിപ്പെട്ട സ്റ്റാർട്ടപ്പ് മേധാവിയെ തെലങ്കാനയിലേക്ക് ക്ഷണിച്ച് കെ.ടി.ആർ
text_fieldsബംഗളൂരു: ഇന്ത്യൻ സിലിക്കൺ വാലിയെന്നറിയപ്പെടുന്ന ബംഗളൂരു നഗരത്തിലെ റോഡുകളെയും പവർ കട്ടിനെയും കുറിച്ച് പരാതിപ്പെട്ട സ്റ്റാർട്ടപ്പ് മേധാവിയെ ഹൈദരാബാദിലേക്ക് ക്ഷണിച്ച് തെലങ്കാന മന്ത്രി കെ.ടി. രാമറാവു. ഡിജിറ്റൽ ബുക്കുകളുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പായ ഖട്ടാബുക്ക് സ്ഥാപകനും സി.ഇ.ഒയുമായ രവീഷ് നരേഷ് ആണ് ബംഗളൂരു എച്ച്.എസ്.ആർ ലേ ഔട്ട്, കോറമംഗല എന്നീ പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് ട്വിറ്ററിലൂടെ വിമർശനമുന്നയിച്ചത്.
ബംഗളൂരുവിലെ എച്ച്.എസ്.ആർ ലേഔട്ടിലെയും കോറമംഗലയിലെയും സ്റ്റാർട്ടപ്പുകൾ കോടിക്കണക്കിന് ഡോളർ നികുതിയായി നൽകിയിട്ടും പ്രദേശത്തെ റോഡുകൾ നന്നേ മോശമാണെന്നും എല്ലാ ദിവസവും പവർ കട്ടുണ്ടെന്നുമായിരുന്നു രവീഷ് ബുധനാഴ്ച ട്വീറ്റ് ചെയ്തത്.
നിലവാരമില്ലാത്ത ജലവിതരണവും നടക്കാൻ പോലും സാധിക്കാത്ത ഫൂട്പാത്തുകൾ എന്നിവയും ബംഗളൂരു നഗരത്തിന്റെ പ്രത്യേകതയാണെന്ന് അദ്ദേഹം എഴുതി. 'ഇന്ത്യയിലെ സിലിക്കൺ വാലിയേക്കാൾ മികച്ച അടിസ്ഥാന സൗകര്യങ്ങൾ പല ഗ്രാമപ്രദേശങ്ങളിലും ഉണ്ട്. ഏറ്റവും അടുത്തുള്ള വിമാനത്താവളം മൂന്ന് മണിക്കൂർ അകലെയാണ്'-രവീഷ് എഴുതി.
ഈ ട്വീറ്റിന് മറുപടിയായാണ് തെലങ്കാനയിലെ വ്യവസായ-ഐ.ടി മന്ത്രിയായ കെ.ടി.ആർ ബാഗ് പാക്ക് ചെയ്ത് ഹൈദരാബാദിലേക്ക് പോരാൻ പറഞ്ഞത്.
'ബാഗ് പാക്ക് ചെയ്ത് ഹൈദരാബാദിലേക്ക് മാറൂ. ഞങ്ങൾക്ക് മികച്ച ഭൗതിക അടിസ്ഥാന സൗകര്യങ്ങളും തുല്യമായ നല്ല സാമൂഹിക അടിസ്ഥാന സൗകര്യവുമുണ്ട്. ഞങ്ങളുടെ വിമാനത്താവളം ഏറ്റവും മികച്ച ഒന്നാണ്. പുതുമ, അടിസ്ഥാന സൗകര്യങ്ങൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയാണ് ഞങ്ങളുടെ സർക്കാറിന്റെ പ്രധാനപ്പെട്ട മൂന്ന് മന്ത്രങ്ങൾ'-കെ.ടി.ആർ ട്വീറ്റ് ചെയ്തു.
'ബംഗളൂരുവിൽ മുഴുവൻ കുഴപ്പമാണ്. ദയവായി ശ്രദ്ധിക്കുക സർ നിങ്ങൾ ഇത് പരിഹരിച്ചില്ലെങ്കിൽ, ഒരു കൂട്ട പലായനം ഉണ്ടാകും' കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ടാഗ് ചെയ്ത് മറ്റൊരു സ്റ്റാർട്ട്-അപ്പ് സ്ഥാപകനായ സേതു എ.പി.ഐയുടെ നിഖിൽ കുമാർ ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഹബ്ബാണ് ബെംഗളൂരു. റിയൽ എസ്റ്റേറ്റ് കമ്പനിയായ കോളിയേഴ്‌സും സി.ആർ.ഇ മാട്രിക്‌സും ഫെബ്രുവരിയിൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2019-21 കാലയളവിൽ ഇവിടെ 34 ശതമാനം സ്റ്റാർട്ടപ്പ് ഓഫീസ് ലീസിങ് ഷെയർ ഉണ്ടായിരുന്നു. കോറമംഗല, എച്ച്.എസ്.ആർ ലേഔട്ട്, ഇന്ദിരാനഗർ എന്നീ ഭാഗങ്ങൾക്കായിരുന്നു മുൻഗണന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.