ചർച്ചയിൽ കോൺഗ്രസ് ബന്ധം; ലക്ഷ്യം യെച്ചൂരി, പാർട്ടി കോൺഗ്രസ് കരട് പ്രമേയ ചർച്ചയിൽ സി.പി.എം കേന്ദ്രകമ്മിറ്റി
text_fieldsന്യൂഡൽഹി: അടുത്ത പാർട്ടി കോൺഗ്രസിനു ശേഷം സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറി സ്ഥാനത്തു തുടരേണ്ടതില്ലെന്ന അന്തർധാരയുടെ ചുവടുപിടിച്ച് കോൺഗ്രസുമായുള്ള ബന്ധത്തെക്കുറിച്ച് സജീവ ചർച്ചയിൽ സി.പി.എം കേന്ദ്ര കമ്മിറ്റി.
ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് കരട് രാഷ്ട്രീയ പ്രമേയം തയാറാക്കാനുള്ള സി.പി.എം കേന്ദ്ര കമ്മിറ്റി യോഗമാണ് വെള്ളിയാഴ്ച ഡൽഹിയിൽ ആരംഭിച്ചത്. ഇടതുപക്ഷ ആശയത്തിൽ ഊന്നിയ പ്രതിപക്ഷ ഐക്യം എന്നതായിരുന്നു ഒക്ടോബർ ഒമ്പത്, 10 തീയതികളിലായി ചേർന്ന പോളിറ്റ് ബ്യൂറോ തയാറാക്കിയ കരട് രേഖ.
ഇതു സംബന്ധിച്ച് അന്തിമ നിലപാട് കേന്ദ്രകമ്മിറ്റി എടുത്തേക്കും. അതേസമയം, സീതാറാം യെച്ചൂരിയെ ഉന്നമിട്ടാണ് കോൺഗ്രസ് ബന്ധ ചർച്ച മുന്നോട്ടു നീങ്ങുന്നത്. കോൺഗ്രസ് ബന്ധം തുടരുന്നതിൽ പോളിറ്റ് ബ്യൂറോയിൽ ഭിന്നത രൂക്ഷമാണ്. കോൺഗ്രസുമായുള്ള ചങ്ങാത്തത്തിന് യെച്ചൂരി അനുകൂലമാണ്. എന്നാൽ, പാർട്ടിയുടെ കേന്ദ്ര ഘടകങ്ങളെ നിയന്ത്രിക്കുന്ന കേരള നേതാക്കൾ അതിന് എതിരാണ്. യെച്ചൂരിക്ക് വീണ്ടുമൊരു ഊഴം നൽകുന്നതിനും എതിരാണ്. ഫലത്തിൽ കോൺഗ്രസ് ബന്ധത്തെക്കുറിച്ച് പുറമെ പറഞ്ഞ്, യെച്ചൂരിക്കെതിരായ നീക്കമാണ് നടക്കുന്നത്.
തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യമെന്നും കോൺഗ്രസുമായുള്ള ബന്ധത്തിൽ നേരത്തെയുള്ള സമീപനം തുടരുമെന്നും കഴിഞ്ഞ പോളിറ്റ് ബ്യൂറോ തീരുമാനങ്ങൾ വിശദീകരിച്ചപ്പോൾ യെച്ചൂരി പറഞ്ഞിരുന്നു. ബി.ജെ.പിയെ തോൽപിക്കാൻ കോൺഗ്രസുമായി സഹകരിക്കുന്നതിൽ യെച്ചൂരിയെ പിന്തുണക്കുന്ന പശ്ചിമ ബംഗാൾ ഘടകത്തിനും അനുകൂല നിലപാടാണ്.
എന്നാൽ, ബംഗാൾ തോൽവിയടക്കം രാഷ്ട്രീയ സാഹചര്യങ്ങളും തന്ത്രപരമായ സമീപനവും ഉയർത്തിക്കാട്ടിയാണ് കേന്ദ്ര കമ്മിറ്റിയിൽ കേരള ഘടകം യെച്ചൂരിയെ ഉന്നമിടുന്നത്.
പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തിൽ യെച്ചൂരി വിഭാഗത്തിന് തിരിച്ചടിയുണ്ടായാൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് വെല്ലുവിളിയാവും.
2018ൽ ഹൈദരാബാദിൽ നടന്ന പാർട്ടി കോൺഗ്രസിന് തൊട്ടുമുമ്പും കോൺഗ്രസ് ബന്ധം സംബന്ധിച്ച് പാർട്ടിയിൽ ഭിന്നത രൂക്ഷമായിരുന്നു. ഒടുവിൽ കോൺഗ്രസുമായി ധാരണ വേണമെന്ന സീതാറാം യെച്ചൂരിയുടെ നിലപാടിനാണ് അംഗീകാരം ലഭിച്ചത്. ഡൽഹിയിൽ പുതുതായി പണിത സി.പി.എം ദേശീയ പഠന കേന്ദ്രമായ സുർജിത് ഭവനിലാണ് ഇത്തവണ കേന്ദ്ര കമ്മിറ്റി യോഗം. മുഖ്യമന്ത്രി പിണറായി വിജയനടക്കം കേരള നേതാക്കൾ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.